എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം......
വ്യക്തി ശുചിത്വം.....
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി സാർസ് കോവിഡ് വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച് ഐ വി, ഇൻഫ്ലുവെൻസ, കോളറ, ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക. തൂവാല ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല/മുഖാവരണം ഉപകരിക്കും. രോഗ ബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. കഴുകി ഉണക്കാത്ത ചർമത്തിൽ ചൊറി, വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയവ ഉണ്ടാകും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. കഴുകി ഉണങ്ങിയതും ഇറുക്കം കുറഞ്ഞതുമായ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഇവ ദിവസവും കഴുകി ഉപയോഗിക്കുക. ഇതൊക്കെ പാലിച്ചാൽ രോഗങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയും
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |