Ghspollethai
ചരിത്രം
പൊള്ളേത്തൈയുടെ അഭിമാനമായ പൊള്ളേത്തൈ ഗവണ്മെന്റ് സ്ക്കൂളിന്റെ ചരിത്രത്തിലൂടെ ഒരല്പദൂരം പുറകോട്ടുപോയാൽ അറിഞ്ഞിരിക്കേണ്ട പലതും ഉണ്ട്. ആലപ്പുഴയുടെ വടക്ക് അരൂർ ചാപ്പക്കട മുതൽ തെക്ക് വലിയഴീക്കൽവരെയുള്ള തീരദേശത്തെ ഏക ഗവണ്മെന്റ് സ്ക്കൂളാണിത്. സ്ക്കൂളിന്റെ കൃത്യമായ ഒരു ആരംഭദിനമോ വർഷമോ ലഭ്യമല്ല. എങ്കിലും പറഞ്ഞറിവ് ഇങ്ങനെ. 1890 ന്റെ ആദ്യ വർഷങ്ങളിൽ പൊള്ളേത്തൈയ്യിൽ ചാരങ്കാട്ടു ഫെലിക്സ് (പേലീസ് ആശാൻ), പുത്തൻപുരയ്ക്കൽ ജോസഫ് (പുത്തൻപറമ്പൻ), വെളിയിൽ കൊച്ചുപോതൃതോമസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന കൂട്ടായ്മ ഉണ്ടാവുകയും അതിനായി ജോസഫ് പുത്തൻപറമ്പൻ ദാനമായ് കൊടുത്ത സ്ഥലത്ത് ഒരു കുരിശുപുര ഉണ്ടാക്കുകയും ചെയ്തു. മത്സ്യതൊഴിലാളികളും, കയർഫാക്ടറി തൊഴിലാളികളും, കർഷകതൊഴിലാളികളും പാർക്കുന്ന ഗ്രാമമായ പൊള്ളേത്തൈയിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനാൽ നാട്ടിൻപുറത്തെ കുട്ടികൾക്കുവേണ്ടി കുരിശുപുരയോടു ചേർന്ന് ഒരു പാഠശാലയും അവർ നടത്തിപ്പോന്നു. കാലക്രമേണ 1895 ൽ നാലുചക്രം ശമ്പളം വാങ്ങുന്ന മൂന്ന് അദ്ധ്യാപകർ പഠിപ്പിക്കുന്ന ഒരു എൽ. പി. സ്ക്കൂളായി മാറി. ശമ്പളം കൊടുക്കുന്നതിനുവേണ്ടി നാട്ടുകാരിൽനിന്നും പിടിയരി, കെട്ടുതെങ്ങ്, വള്ളപ്പങ്ക് മുതലായവ ശേഖരിച്ച് ലേലം ചെയ്തിരുന്നു. ക്ഷാമവും വിലയിടിവും വന്ന് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടായപ്പോൾ 1919 ൽ ചാരങ്കാട്ടു ഫെലിക്സ് അദ്ധ്യക്ഷനും ജോസഫ് പുത്തൻപറമ്പൻ സെക്രട്ടറിയുമായി 21 പേരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു.ഇവർ കൊച്ചിമെത്രാന്റെ അനുവാദത്തോടുകൂടി പാഠശാല സർക്കാർ ഏറ്റെടുക്കണമെന്നുള്ള ഒരു നിവേദനം അന്നത്തെ ദിവാൻ സർ ടി. മാധവറാവുവിന്റെ ആലപ്പുഴ സന്ദർശനവേളയിൽ മഹാരാജാവിനു സമർപ്പിച്ചു. അങ്ങനെ പാഠശാല രാജാവ് ഏറ്റെടുത്തതുമുതൽ ഇത് ഒരു സർക്കാർ സ്ക്കൂളായി മാറി.
1980 ൽ പൊള്ളേത്തൈ സ്ക്കൂൾ യു. പി. സ്ക്കൂളായി ഉയർത്തുകയും 1990 ൽ എം. എൽ.എ. ആയിരുന്ന ശ്രീ. ടി. ജെ. ആഞ്ജലോസിന്റെ ശ്രമഫലമായി ഇത് ഒരു ഹൈസ്ക്കൂളായി മാറ്റുകയും ചെയ്തു. സ്ക്കൂൾ കോമ്പൗണ്ടിൽ നാല് കുളങ്ങളുണ്ടായിരുന്നു. അത് നികർന്നും നികർത്തിയും ഇന്നത്തെ ഗ്രൗണ്ടായി മാറി. സ്ക്കൂളിലേക്ക് ഒരു റോഡില്ലായിരുന്നു. വി. എം. സുധീരൻ എം.പി. ആയിരുന്ന കാലത്ത് ഒരു കെട്ടിടത്തിനുവേണ്ടി ഫണ്ടുകൊടുത്തിട്ട് റോഡില്ലാതിരുന്നതിനാൽ കെട്ടിടത്തിന്റെ പണി നടക്കാതെവന്നു. അങ്ങനെ വന്നപ്പോൾ അന്നത്തെ പി. ടി. എ. പ്രസിഡന്റ് ശ്രീ. സിറിൾ അറയ്ക്കലും പൊതുജനങ്ങളും കൂടി ഒരു സംയുക്ത കമ്മിറ്റി യോഗം ചേരുകയും 1999 ൽ ഡോ.പാപ്പച്ചനെ ജനറൽ കൺവീനറാക്കികൊണ്ട് ഒരു റോഡ്നിർമാണക്കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. റോഡിനായി സ്ഥലമുടമകളുമായി തർക്കമുണ്ടാകുകയും 21/01/99ൽവിദ്യാർത്ഥികളും രക്ഷകർത്താക്കളും ഒരു കൂട്ടധർണ്ണ നടത്തിയതോടനുബന്ധിച്ച് സംഘർഷഭരിതമായ ഒരന്തരീക്ഷത്തിലൂടെയാണെങ്കിലും സ്ക്കൂളിലേക്ക് വിശാലമായ ഒരു റോഡ് ഉണ്ടാവുകയും ചെയ്തു. നാലുവർഷക്കാലം നാട്ടിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ വ്യക്തികളെ പ്രതികളാക്കികൊണ്ടുള്ള കേസ് ഇതുമായി ബന്ധപ്പെട്ടു നടന്നു. അങ്ങനെ മുടങ്ങിക്കിടന്ന കെട്ടിടംപണി അതോടെ പുനരാരംഭിച്ചു പൂർത്തിയാക്കി. പിന്നീടുള്ള കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റേയും, എസ്. എസ്.എ. ഫണ്ട് ഉപയോഗിച്ചും ഒക്കെയുള്ള കെട്ടിടങ്ങൾ വന്നു. ഇപ്പോൾ ബഹുമാന്യനായ എം. എൽ. എ. ശ്രീ. തോമസ് ഐസക്കിന്റെ ഫണ്ടിൽനിന്നും പുതിയ ഒരു കെട്ടിടം കൂടെ ലഭിച്ചു. ബഹുമാന്യനായ എം. പി. ശ്രീ. വേണുഗോപാൽ സന്മനസ്സുണ്ടായി ഒരു ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചുതന്നു. ഇപ്പോൾ 8,9,10 ക്ലാസുകൾ ഹൈടെക് ക്ലാസ്മുറികളായി. എൽ പി, യൂ പി, ഹൈസ്ക്കൂൾ തലങ്ങളിൽ വെവ്വേറെ കമ്പ്യൂട്ടർലാബുകളും ഇവിടെ പ്രവർത്തനസജ്ജമാണ്. കൂടാതെ ഒരു നല്ല ലൈബ്രറിയും, സയൻസ് ലാബും സ്ക്കൂളിനുണ്ട്.
പ്രഗൽഭരായ അദ്ധ്യാപകരുടെ സേവനം എക്കാലവും സ്ക്കൂളിൽ ലഭ്യമായിട്ടുണ്ട്. ഈ സ്ക്കൂളിന്റെ പ്രാരംഭകാലത്തെ അദ്ധ്യാപകരിൽ ചിലർ സെബാസ്റ്റ്യൻ സർ , വിൻസന്റ് സർ, അലക്സാണ്ടർ സാർ അരുളപ്പൻ സർ, ഗോപാലപിള്ള സാർ, പാച്ചുക്കുറുപ്പ് സാർ, പരമു സാർ തുടങ്ങിയവരായിരാണ്. 1970കളിൽ ചെല്ലമ്മ ടീച്ചർ, ശാരദ ടീച്ചർ, അമ്മിണി ടീച്ചർ, ഫിലോമിന ടീച്ചർ, മറിയാമ്മ ടീച്ചർ, പൊന്നമ്മ ടീച്ചർ, ദിവാകരൻ സാർ, ആൻഡ്രുസ് സാർ, എന്നിവർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ഭാസക്കരക്കുറുപ്പ് സാർ ആയിരുന്നു പ്രഥമാധ്യാപകൻ. ഇതിനു ശേഷമുള്ള കാലഘട്ടത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചവരാണ് ദാനവൻ സാർ, ജോൺ സാർ, ജോണി സാർ, സരസമ്മ ടീച്ചർ, അന്നമ്മ ടീച്ചർ, അന്നം ടീച്ചർ, റീത്താമ്മ ടീച്ചർ, മേരിക്കുട്ടി ടീച്ചർ എന്നിവർ. എൽസബത്ത് ടീച്ചർ, സുഗന്ധമണി ടീച്ചർ, ഗ്രയിസി ടീച്ചർ, മുരളി സാർ, ഷൈലജ ടീച്ചർ,സുലേഖ ടീച്ചർ എന്നിവർ ഈ സ്ക്കൂളിന്റെ പ്രധമാദ്ധ്യാപകരായിരുന്നവരിൽ പെടുന്നു. 2012-13 ലെ പ്രധമാദ്ധ്യാപിക ശശികല ടീച്ചർ അദ്ധ്യാപനത്തിൽ ദേശീയപുരസ്ക്കാരം നേടിയത് അഭിമാനത്തോടെ ഓർക്കുന്നു. പി ഡി അന്നമ്മ ടീച്ചർ ആണ് 2015 മുതൽ ഈ സ്ക്കൂളിനെ നയിച്ചുകൊണ്ടുപോകുന്നത്. ഇന്നും പ്രകൽഭരായ അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. ഇവിടുത്തെതന്നെ വിദ്യാർത്ഥികൾ നാലുപേർ ഇന്നിവിടെ അദ്ധ്യാപകരായിട്ടുണ്ട്. ഇവിടുത്തെ പൂർവവിദ്യാർത്ഥികളിൽ മുൻമന്ത്രി ശ്രീ. ദാമോദരൻ കാളാശേരി, മുൻ എം. എൽ. എ.യും എം. പിയുമായ ശ്രീ. ടി.ജെ. ആഞ്ജലോസ്, മുൻ എം. എൽ.എ ആയ ശ്രീ. പി. ജെ. ഫ്രാൻസീസ്, കായികതാരങ്ങളായ ജീൻക്രിസ്റ്റി, ജറ്റി സി. ജോസഫ് എന്നിവർ ഉൾപ്പെടുന്നു. ആതുരരംഗത്തും,വിദ്യാഭ്യാസരംഗത്തും,സൈനീകരംഗത്തും, ക്രമസമാധാനപാലനരംഗത്തും,ബാങ്കിംഗ് മേഖലയിലും, ഭരണതലത്തിലും,സാംസ്ക്കാരിക തലത്തിലും ഈ വിദ്യാലയത്തിന്റെ ധാരാളം പുർവവിദ്യാർത്ഥികൾ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആലപ്പുഴയിലെതന്നെ ഏറ്റവുംകൂടുതൽ സർക്കാർ ജോലിക്കാരുള്ള ഒരു ഗ്രാമമായി മാറാൻ ഈ വിദ്യാലയത്തിലൂടെ പൊള്ളേത്തൈക്കു കഴിഞ്ഞിട്ടുണ്ട്.