\ഗ്രാമ ചരിത്രം കൂട‍ുതൽ വായിക്കാം

കുറുമ്പലങ്ങോട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ ഒരു കാർഷിക ഗ്രാമമാണ് കുറുമ്പലങ്ങോട്. ചാലിയാർ പുഴ, കാഞ്ഞിരപ്പുഴ, എഴുവത്തോട്,നീലഗിരികുന്നുകൾ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണിത്.

പുരാതന ചരിത്രശേഷിപ്പുകളുടെ നിരവധി തെളിവുകൾ ഉണ്ടെങ്കിലും, ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്നു കാണുന്ന ജനവാസകേന്ദ്രങ്ങൾക്ക് ഈ ഗ്രാമത്തിൽ ജീവൻ വെക്കുന്നത്. നിലമ്പൂർ കോവിലകത്തിന്റെ കീഴിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് നിരവധി ആദിവാസി കുടുംബങ്ങൾ ജീവിച്ചുവന്നിരുന്നു. കൈപ്പിനി,ചെറിയമാത, പുതുപ്പരിയാരം,അണ്ണടപ്പ്, കണയംകൈ,മാങ്ങോട് ഏന്നിവയായിരുന്നു ആദ്യകാലത്തെ പ്രധാന ആദിവാസി കേന്ദ്രങ്ങൾ. മുണ്ടേക്കാട്ടുപാറക്കൽ, പൂപ്പൊഴിഞ്ഞി, മഞ്ചേരിത്തൊടി,നാലകത്ത്, കൽപ്പത്തൊടി, കുന്ന‍ൂർക്കരപത്തൊന്നുകളം ,കുറ്റിക്കാട്ടിൽ, മാവുങ്ങൽ, എളയാട്, നീലാമ്പ്ര, പുതുപ്പറമ്പിൽ തുടങ്ങിയവയായിരുന്നു ഈ ഗ്രാമത്തിൽ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ എത്തിച്ചേർന്ന പ്രധാനകുടുംബങ്ങൾ.പിന്നീട് മലബോറിന്റെയും തിരുവിതാംകൂറിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുടിയേറ്റക്കാർ ഇവിടെ താമസമാരംഭിച്ചു. ഇന്ന് താരതമ്യേന ജനസാന്ദ്രത ഉയർന്ന ഒരു പ്രദേശമാണ് കുറുമ്പലങ്ങോട്

നെല്ല്, ചാമ, കശുവണ്ടി, തെങ്ങ്, കവുങ്ങ് എന്നിവയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല കൃഷികൾ. പിന്നീട് റബ്ബർ, മരച്ചീനി തുടങ്ങിയ വിളകൾ കൂടി രംഗപ്രവേശം ചെയ്തു.

1956 ൽ സർക്കാർ മേഖലയിൽ ഈ ഗ്രാമത്തിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണ് കുറുമ്പലങ്ങോട് ഗവൺമെൻറ് പ്രൈമറി സ്കൂൾ. ശ്രീ.മഞ്ചേരിത്തൊടി ചിന്നൻ നായർ, സർക്കാരിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. 1974-75 അധ്യയനവർഷത്തിൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്നും ഈ മേഖലയിലെ ഏക യു.പി സ്കൂളാണ് കുറുമ്പലങ്ങോട് ഗവ യു.പിസ്കൂൾ. മുണ്ടപ്പാടം എ. എൽ പി സ്കൂൾ, ചെമ്പൻകൊല്ലി എ എൽ പി സ്കൂൾ , എരുമമുണ്ട നിർമല ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ് ഈ പ്രദേശത്തെ മറ്റ് പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ ,

1972 ആഗസ്റ്റ് മാസത്തിലാണ് ഈ ഗ്രാമത്തിലെ ആദ്യ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രം നിലവിൽ വന്നത്. ആദ്യത്തെ 12 വർഷം ഈ സ്ഥാപനം ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്. മേച്ചീരി കുടുംബം സർക്കാരിന് സൗജന്യമായി നൽകിയ സ്ഥലത്ത്, 1984 മുതൽ ഈ ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടരുന്നു. ഇന്ന് ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന നിലയിലേക്ക് കുറുമ്പലങ്ങോട് ആശ‍ുപത്രി ഉയർന്നിട്ടുണ്ട്.

വിവിധ ജാതി-മത-രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവർ വളരെ സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഗ്രാമമാണിത്. കലാ-സാംസ്കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഇന്ന് ഈ ഗ്രാമം വളരെയധികം മുന്നേറിയിട്ടുണ്ട്. ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ എടുത്തു പറയത്തക്ക ഒരു പ്രദേശമായി ഇന്ന് കുറുമ്പലങ്ങോട് മാറിക്കഴിഞ്ഞു.