PANG പാങ്ങ്

പെരിന്തല്‍മണ്ണ താലൂക്കില്‍, കുറുവ വില്ലേജില്‍, കുറുവ ഗ്രാമപഞ്ചായത്തിന്റെ പകുതി ഭാഗം വരുന്ന മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട വിസ്തൃതമായ ഉള്‍നാടന്‍ ഗ്രാമമാണ് പാങ്ങ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പാങ്ങ് എന്ന നാമത്തിനു പിന്നിലുള്ളത്. മൂന്നു ഭാഗവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു മട പോലെയാണ് ഈ പ്രദേശം. മട യെ വങ്ക് എന്നാണ് പൂര്‍വികര്‍ വിളിച്ചിരുന്നത്. വങ്ക് ലോപിച്ച് പിന്നീട് പാങ്ങ് ആയി മാറി പരിണമിച്ചതാണെന്ന് പറയപ്പെടുന്നു. സഹായം, ദുഖം എന്നീ അര്‍ത്ഥങ്ങളും പാങ്ങ് എന്നതിനുണ്ട്. കേരളത്തില്‍ തൃശ്ശൂരിനടുത്തും, മണ്ണാര്‍ക്കാടിനടുത്തും, കാശ്മീരില്‍ അനന്തനാഗരിക്കടുത്തും പാങ്ങ് എന്ന പേരില്‍ സ്ഥല നാമങ്ങളുണ്ടെങ്കിലും മലപ്പുറം-പാങ്ങ് തന്നെയാണ് പ്രശസ്തമായിട്ടുള്ളത്. സ്വിറ്റ്സര്‍ലാന്റിലും പാങ്ങ് എന്ന പേരില്‍ ഒരു പ്രദേശമുള്ളതായി ഗൂഗിള്‍ ഭുപട സഹായിയില്‍ കാണാം.

ചരിത്രം

സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പാങ്ങ് എന്ന ദേശത്തിന് വളരെ ചരിത്ര പ്രാധാന്യമുണ്ട്. വള്ളുവനാട് രാജാവിന്റെ നാലു കോവിലകങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര എന്നിവയില്‍ മങ്കട കോവിലകത്തിന്റെ ഭാഗമായിരുന്നു പാങ്ങ്. പാങ്ങിന് 78 മൂലകളും 78 ചോലകളുമുണ്ടെന്ന് പറയപ്പെടുന്നു. കാക്കച്ചോല, പെരുംചോല, കുറുക്കന്‍ചോല, ............. ആദിവാസികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം പാങ്ങിനുണ്ട്. ചക്കി എന്ന ആദിവാസിയുടെ രാജ്യമായിരുന്നു ചക്കിയറപ്പാലം. ചക്കിക്കഴായ ഇപ്പോഴുമിവിടെയുണ്ട്. ആദിവാസികളുടെ കോട്ടയായിരുന്നു കോട്ടപ്പള്ള. കാക്കച്ചോല പറയരുടെ ആസ്ഥാനമായിരുന്നു. കൊടലിക്കുന്ന് പണ്ടുകാലത്ത് യുദ്ധം നടന്നപ്പോള്‍ പോരാളികളുടെ കുടലു വീണ സ്ഥലമായിരുന്നവത്രേ. കായംകുളം കൊച്ചുണ്ണിയോടു സമാനമായ ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട ഒരു കഥയും പാങ്ങിനുണ്ട്. ഉള്ളവന്റേതെടുത്ത് ഇല്ലാത്തവന് നല്‍കുന്ന മനുഷ്യത്വം നിറഞ്ഞ മോഷണം. പുത്തന്‍കോട് മേനോന്റെ വീട്ടില്‍ വെച്ചായിരുന്നുവത്രേ മായന്‍ കട്ട സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങള്‍ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേര്‍ത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാടിന്റെ സൃഷ്ടികളില്‍ കയറിക്കൂടിയ ഈ മനോഹര ഗ്രാമം 35 വര്‍ഷം മുമ്പ് വരെയും ചികിത്സ, പഠനം, വ്യാപാരം, ഗതാഗതം തുടങ്ങിയ രംഗങ്ങളില്‍ പുറം ലോകവുമായി വേറിട്ടു നില്‍ക്കുകയായിരുന്നു. കാര്‍ഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാര്‍ഗ്ഗം. പൂവന്‍കോഴികളുടെ കൂവല്‍ കേട്ടുണര്‍ന്ന് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി സമയം മനസ്സിലാക്കി റാന്തല്‍ വിളക്കുമായി വയലേലകളില്‍ കുടുംബസമേതമെത്തി കൃഷിചെയ്തിരുന്ന പഴയ കാലം! ഗ്രാമവാസികളുടെ മുഖ്യ വാണിജ്യ കേന്ദ്രമായിരുന്ന കോട്ടക്കലിലേക്കുള്ള വഴി മദ്ധ്യേ ഏത്തം ഉപയോഗിച്ച് പൂള, വാഴ, പച്ചക്കറികള്‍ എന്നിവ നനക്കുന്നത് കാണാമായിരുന്നു. പിതാവ് തേവും, മക്കള്‍ കയറ് വലിച്ച് സഹായിക്കും. തോട്ടങ്ങള്‍ നനക്കാന്‍ ഏത്തം പോരാത്തവര്‍ കാളത്തേക്ക് ഉപയോഗിച്ചിരുന്നു.

വൈദ്യുതി, ഗതാഗതം, വാര്‍ത്താ വിനിമയം, പഠനം, ചികിത്സ തുടങ്ങിയ മേഖലകളില്‍ മറ്റു ഗ്രാമങ്ങളെപ്പോലെ തന്നെ വന്‍മുന്നേറ്റമാണ് ഈ ഗ്രാമവും ഇന്ന് കൈവരിച്ചിരിക്കുന്നത്. ചേണ്ടി പാടം നികത്തിയെടുത്ത പാങ്ങ്-ചേണ്ടി അങ്ങാടിയായി. ടെലഫോണ്‍ എക്സ്ചേഞ്ച്, സര്‍ക്കാര്‍ ആശുപത്രി, എന്നിവയും വന്നു. വര്‍ഷങ്ങള്‍ മുമ്പ് പാങ്ങ്-ചന്തപ്പറമ്പില്‍ ഒന്ന്-രണ്ട് ബസ്സുകള്‍ മാത്രം തിരിച്ച് പോയിരുന്ന സ്ഥാനത്ത് ഇന്ന് വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തല്‍മണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എല്‍.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയര്‍സെകന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നു. കൂടാതെ കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധാരാളം വാഹനങ്ങളും വന്നു പോകുന്നു. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി അനേകം കി.മീറ്ററുകള്‍ യാത്ര ചെയ്യേണ്ടതുണ്ട്.

"https://schoolwiki.in/index.php?title=പാങ്ങ്&oldid=99257" എന്ന താളിൽനിന്ന് ശേഖരിച്ചത്