പണിയന്റെ പ്രേതം
ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം.
രാത്രികളില്‍ ചുഴലിക്കാറ്റായി വരുന്ന പണിയന്റെ പ്രേതം,
കരയുന്നുണ്ടോ,മരത്തിനോടൊപ്പം?
വളവുകള്‍ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പില്‍
കല്ലും മുള്ളും ചവിട്ടിയവനു മുമ്പില്‍ കാടുവഴിമാറി...
അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും-
അറിഞ്ഞ് കടവുകള്‍ പിന്തിരിഞ്ഞോടി
ഇതവസാനത്തെക്കയറ്റം-ഒന്‍പതാം വളവ്
വെളുത്തവന് തോക്കിനാല്‍ പണിയന്റെ നെഞ്ചില്‍-
സ്വന്തം പേരെഴുതി
ചുരത്തിന്റെ വഴികളിറിഞ്ഞവന്‍ വിധിയുടെ വഴിയറ്റത്ത്,
ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി...
അവന്റെ ആത്മാവില്‍ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങള്‍.
മരത്തിലെ ചങ്ങയില്‍ അരൂപിയായി പിടഞ്ഞിന്നു.
അവന്റെ കണ്ണുനീര് മഞ്ഞായിപ്പൊഴിഞ്ഞു.
അവന്റെ വിയര്‍പ്പുകള്‍ മഴയിലലിഞ്ഞു.
അവന്റെ കനവുകള്‍ നീരൊഴുകുന്ന പാറകളില്‍-
പൂക്കളായി വിടര്‍ന്നു
മഴ പാറുമ്പോള്‍ അവന് പുതുമണ്ണിന്റെ ഗന്ധമായ്
പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളില്‍
അവന്റെ പൊട്ടിയ കരള്‍ത്തുടിപ്പുകള്‍!
നിലാവറ്റ രാത്രികളില്‍, കാറ്റോ,-
അവന്റെ തേങ്ങലോ?........
തയ്യാറക്കിയത്
ജിത്യ.കെ