അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പ്രതിരോധം തീർക്കുന്നവർ
പ്രതിരോധം തീർക്കുന്നവർ
ഒരു വാടക വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും, അമ്മയും. അമ്മ ഒരു ആശുപത്രിയിലെ തൂപ്പുകാരിയായിരുന്നു. അച്ഛനുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ജീവിതത്തിന് കുറവുകളൊന്നുമുണ്ടായിരുന്നില്ല. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ ഒരു വാഹനാപകടത്തിൽ ഞങ്ങളെ തനിച്ചാക്കി പോയി. അപ്പോൾ മുതൽ കാണുന്നതാണ് അമ്മയുടെ ഓട്ടം. എനിക്ക് ഒരു കുറവും വരാതിരിക്കണം എന്നായിരുന്നു അമ്മയുടെ മനസ്സിൽ. ഒരു വശത്തുനിന്ന് അമ്മയായും ഒരു വശത്തുനിന്ന് അച്ഛനായുമാണ് അമ്മ എന്നെ വളർത്തിയത്. ഒരു ശനിയാഴ്ച പതിവുപോലെ അമ്മ എനിക്കൊരു ഉമ്മതന്നിട്ട് തെരുവിലേക്ക് ഇറങ്ങി. അമ്മ നടന്നകലുന്നത് ഞാൻ ജനാലയിലൂടെ നോക്കി നിന്നു. ഞാൻ ടി വി തുറന്നു. കേരളത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. വാർത്തയോട് കാതോർത്ത് ഇരുന്നു നോക്കുമ്പോൾ ഇന്നലെ അയാൾ ഒരു ഹോസ്പിറ്റലിൽ പോയിട്ടുണ്ട്. "അയ്യോ, അമ്മ പോവുന്ന ഹോസ്പിറ്റൽ അല്ലേ അത് " അതോടെ എന്റെ ഹൃദയമിടിപ്പുകൾ കൂടി വന്നു. ഞാൻ പോലുമറിയാതെ എന്റെ മനസ് വേറെ ഏതോ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. അമ്മ കൂടി നഷ്ടപ്പെടുന്നതോർത്ത് എന്റെ ശരീരം തളരാൻ തുടങ്ങി. മനസിൽ ഒരു ചിന്തയേയുള്ളു -അമ്മ. അമ്മയെ കാണാൻ ഹൃദയം കൊതിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. അധികം വൈകിയില്ല. എന്റെ ആധികൾക്ക് അന്ത്യം കുറിച്ചു കൊണ്ട് അമ്മ വന്നു. ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി ച്ചെന്നു. " കുളിച്ചിട്ട് വരട്ടെ, മോളേ". അമ്മ എന്നെ തൊടാൻ സമ്മതിച്ചില്ല. രാത്രി ഞാൻ അമ്മയെക്കുറിച്ച് ഓർത്ത് ഉറങ്ങിയില്ല. സാധാരണ മാടി വിളിക്കുന്ന ഉറക്കം അന്നെന്നരികിൽ വന്നില്ല. ഞാൻ അമ്മയോട് ചോദിച്ചു. " നാളെ അമ്മക്ക് ജോലിക്ക് പോകണോ "? അമ്മ ഒന്നും മിണ്ടിയില്ല. ഒരു ദീർഘ നിശ്വാസമായിരുന്നു മറുപടി. പിറ്റേന്ന് പതിവു പോലെ അമ്മ ജോലിക്ക് പോകാൻ ഒരുങ്ങി. എന്നും തരാറുള്ള അമ്മയുടെ ഉമ്മക്ക് അന്ന് കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. അമ്മ നടന്നുനീങ്ങി. ഇടക്കിടെ തിരിഞ്ഞു നോക്കുന്ന അമ്മയുടെ മുഖം നോക്കി നിന്ന എന്റെ കണ്ണുകൾ നിറഞ്ഞ്, കാഴ്ച പതിയെ മങ്ങി വന്നു. അമ്മ, അസുഖം ബാധിച്ച് വീട്ടിലേക്ക് തിരിച്ചു വരാൻ പോലും പറ്റാതെയാകുമോ എന്ന ആശങ്കയിൽ എന്റെ കണ്ണുകൾ ഞാൻ ഇറുക്കിയടച്ചു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |