അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ. എന്നാൽ പരിസ്ഥിതിയെ മുറിവേൽപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഒരു മനുഷ്യനും നൽകിയിട്ടുമില്ല. നാം മനുഷ്യരാണ്. നമ്മെപ്പോലെത്തന്നെ ഈ ഭൂമിയിൽ ജീവിക്കുവാനും ഈ പ്രകൃതിയെ ആസ്വദിക്കുവാനുമുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കുമുണ്ട്. എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ബുദ്ധിയും വിവേകവും ഉള്ള മനുഷ്യർ മാത്രമാണ് . നഗരങ്ങളെല്ലാം മലിനീകരണത്തിൻ്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ലഭ്യതയും ഉപയോഗവും ഏറി വരുന്നു.ഒരിക്കലും നശിക്കാതെ ഈ ഭൂമിക്ക് മീതേ അവ പാ വിരിച്ചിരിക്കുന്നു. വെള്ളപ്പൊക്കവും പ്രളയവും നാം തന്നെ വരുത്തിവെച്ച വിനയാണെന്ന് മനുഷ്യർ മനസ്സിലാക്കിയിട്ടുണ്ടോ?അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് നാം ചെയ്യേണ്ടത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഒരു ഹരിത കേന്ദ്രമായി വരും തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നമ്മുടെ നാടിൻ്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്.ഈ വികസനം പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. മരങ്ങൾ മുറിച്ചും കുന്നിടിച്ചും വയലുകൾ നികത്തിയും നാം നിർമ്മിക്കുന്ന കെട്ടിടങ്ങളും ഫാക്ടറികളും നമ്മുടെ പുഴകളേയും കായലുകളേയും മലിനമാക്കുന്നതോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാക്കുന്നു . പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം നാടിൻ്റെ ഓരോ പുരോഗതിയും.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |