ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./അക്ഷരവൃക്ഷം/കാലം മായ്ക്കാത്ത മുറിവുകൾ

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./അക്ഷരവൃക്ഷം/കാലം മായ്ക്കാത്ത മുറിവുകൾ" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം മായ്ക്കാത്ത മുറിവുകൾ      


                             വിണ്ടുകീറിയ ഭൂമിയുടെ മാറിലേക്ക് ആകാശം വേനല്ക്കാലത്തിനു അറുതിയിട്ടു കണ്ണീർതുള്ളികൾ പൊഴിച്ചു.അമ്മയുടെ മുലപ്പാലൂറുന്ന കൗതുകത്തോടെ ഭൂമി ജലം വലിച്ചെടുത്തു.
                            കൃഷ്ണമംഗലത്തെ  നാലുകെട്ടിൽ വീണ മഴത്തുള്ളികൾ പവിഴമുത്തുകളെന്നപോൽ ചിന്നിച്ചിതറി.പതിവുപോലെ റാന്തൽ വെളിച്ചത്തിനു കീഴിലായി സരോജിനിയമ്മ ദൂരേക്ക് കണ്ണും നട്ടിരുന്നു.നാലുകൊല്ലമായി വേനലും കാറ്റും മഴയുമെല്ലാം സരോജിനിയമ്മ കാണുന്നത് ആ വരാന്തയിലിരുന്നാണ് .മകൻ ജയകൃഷ്ണനൊപ്പം കൃഷ്ണമംഗലം  തറവാട്ടിൽ കഴിയുകയാണവർ.നാല് കൊല്ലങ്ങൾക്കിപ്പുറം  കൃഷ്ണമംഗലം അങ്ങനെയൊന്നുമായിരുന്നില്ല.കളിയും ചിരിയും ആഘോഷങ്ങളും ഉത്സവങ്ങളും.....
                                ആ ഓർമകളുടെ സിരാപടലങ്ങളിലേക്കു  കണ്ണുംനട്ടിരിക്കുന്ന സരോജിനിയമ്മ  എന്നും തന്റെ കൊച്ചുമകനെ കുറിച്ചോർക്കുമായിരുന്നു.തനിക്കൊപ്പം കിടന്നു കഥകൾ കേട്ടും ശ്ലോകം ചൊല്ലിയും പിച്ച വച്ച അഭിയെ കുറിച്ച്.സരോജിനിയമ്മയുടെ ജീവിതയാത്രയിലെ  നാൾവഴികൾ പത്തു വർഷം പ്രകാശം ചൊരിഞ്ഞവനെ കുറിച്ച്....സരോജിനിയമ്മയുടെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ നാലുകെട്ടിൽ വീണ മഴത്തുള്ളികളെ പോലെ  ചിന്നിചിതറിയ കുറെ യാഥാർഥ്യങ്ങൾ കാണാം.  സരോജിനിയമ്മയുടെ കാത്തിരിപ്പിനു അറുതിയിട്ടു പതിവിലുംവൈകി  മകൻ ജയകൃഷ്ണൻ എത്തി."എന്ത് പറ്റി ജയാ,മോൻ എന്താ ഇന്ന് വൈകിയേ ?"ഒരമ്മയുടെ വ്യാകുലതകളോടെ സരോജിനിയമ്മ ആരാഞ്ഞു. "ഒന്നുംപറയണ്ട....ഇത്രയും നേരം നാരായണൻ കുട്ടി  വക്കിലിന്റെ ഓഫീസിലായിരുന്നു"ജയകൃഷ്ണൻ പടികടന്നു അകത്തേക്ക് പോയി.അഭിക്കു ഒരു കളിത്തോഴിയുണ്ടായിരുന്നു..ജയകൃഷ്ണന്റെ പെങ്ങളുടെ മകൾ...ആമി ...കൃഷ്ണമംഗലത്തെ നാലുകെട്ടിൽ വീണ പവിഴമുത്തുകളെ പെറുക്കാൻ മത്സരിച്ചവർ.... വയൽവരമ്പുകളിൽ ഓടിക്കളിച്ചും തറവാട്ട് കുളത്തിൽ ആമ്പൽ പറിച്ചും ഒന്നിച്ചു കൈപിടിച്ച് ബാല്യമാഘോഷിച്ചവർ....
                              സരോജിനിയമ്മയുടെ  മരുമകൾ...അഭിയുടെ അമ്മ  പത്മിനി....ഗ്രാമീണ  നിഷ്കളങ്കതയെ  പാടെ വെറുത്തു നഗര കാപട്യങ്ങളുമായി കൃഷ്ണമംഗലത്തേക്കു എത്തിയവൾ.....അഭിയെയോർത്തു എല്ലാം ക്ഷമിക്കുകയായിരുന്നു സരോജിനിയമ്മയും ജയകൃഷ്ണനും.വിവാഹശേഷം അവർ തങ്ങളിൽ ഒരുപാടു പ്രശ്നങ്ങൾ  ഉണ്ടായി...എന്നാൽ അത് കാട്ടുതീപോലെ  ആളിപടർന്നതു ഈ നാലു കൊല്ലങ്ങൾക്കിടയിലാണ്.നിഷ്കളങ്കവും പരിശുദ്ധവുമായ സ്നേഹം നിറഞ്ഞ നാളുകളിലായിരുന്നു അത്  ....പത്മിനിയുടെ കാപട്യങ്ങൾ അറിയാതെ അവളുടെ ആവശ്യപ്രകാരം തറവാട്  സ്നേഹപൂർവ്വം സരോജിനിയമ്മ പത്മിനിയുടെ പേരിൽ എഴുതിവെച്ചു...തന്റെയോ മകന്റെയോ പേരിൽ ഒരാവകാശവും വയ്ക്കാതെ......
                    അതായിരുന്നു സ്നേഹം..താൻ പ്രസവിച്ചതല്ലെങ്കിലും ഒരമ്മ നൽകുന്ന കരുതലോടെ സ്നേഹത്തോടെ ലാളിത്യത്തോടെ ആ അമ്മ മരുമകളെ സ്നേഹിച്ചു....അളവില്ലാത്ത ആ നിഷ്കളങ്കതയെ പത്മിനി തന്റെ ആയുധമാക്കി..അച്ഛന്റെ സ്നേഹത്തിൽ നിന്ന് അഭിയെ പത്മിനി അകറ്റി...മുത്തശ്ശിയുടെ മാറിൽ തല ചായ്ക്കാൻ അവൾ അഭിയെ അനുവദിച്ചില്ല .
                ഒരിക്കൽ മഹാഭാരതത്തിലെ അർജുനപുത്രൻ അഭിമന്യുവിന്റെ കഥ കൊച്ചുമക്കൾക്കു പറഞ്ഞു കൊടുക്കുകയായിരുന്നു സരോജിനിയമ്മ.പെട്ടെന്ന് പത്മിനി അവർക്കിടയിലേക്ക് വന്നു അഭിയെ കൂട്ടികൊണ്ടുപോയി.... "അമ്മെ ..നമ്മളെവിടെക്കാ പോകുന്നെ"അഭിയുടെ ആ ചോദ്യം ഉത്തരമില്ലാതെ കൃഷ്ണമംഗലത്തിന്റെ പടികടന്നു പുറത്തേക്കു   പോയി."പറയമ്മേ,എന്നെ എവിടേക്കു കൊണ്ടുപോകുന്നു 

"അഭീ നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ...മര്യാദക്ക് എന്റെ കൂടെ വാ അല്ലെങ്കിൽ നിന്നെ ഞാൻ...”.കണ്ണിൽ നിന്ന് മറയും വരെ അഭി ആമിയെയും സരോജിനിയമ്മയെയും നോക്കി.കണ്ണ് നിറഞ്ഞതിനാൽ അഭിയുടെ കാഴ്ചകൾ അവ്യക്തമായിരുന്നു... ആമിയുടെയും...

      പത്മിനി തന്റെ മകനെയും കൊണ്ട് അവളുടെ വീട്ടിലേക്കു പോയി  ..അങ്ങനെ  പതുക്കെ കൃഷ്ണമംഗലം  താളം തെറ്റാൻ തുടങ്ങി.  ആ തറവാട്ടിൽ ആദ്യമായി പോലിസ് ജീപ്പെത്തി..അങ്ങനെ ആ നാട്ടിൽ പത്മിനി ഒരു സംസാരവിഷയമായി.ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു...സരോജിനിയമ്മക്കും ജയകൃഷ്ണനും എതിരെ പത്മിനി പരാതി കൊടുത്തു ....നിഷ്ളകങ്കയായ ആ അമ്മ മകനൊപ്പം കോടതി കയറിയിറങ്ങി.....
             നിയമപരമായി തറവാട് പത്മിനിയുടെ പേരിൽ എഴുതിവച്ചതുകൊണ്ടു ആ തറവാടൊഴിയാൻ  കോടതിവിധിയായി...തന്റെ ഭർത്താവ് രാവോ പകലോ എന്ന വ്യത്യാസം ഇല്ലാതെ അധ്വാനിച്ചുണ്ടാക്കിയ തറവാട്...അച്ഛനും ഭർത്താവുമെല്ലാം ഉറങ്ങുന്ന മണ്ണ്...ഓർമ്മകളുടെ ഗന്ധം മണക്കുന്ന പറമ്പ് ..ഇതെല്ലം ഒറ്റദിവസം കൊണ്ട് ഒഴിഞ്ഞു പോകാൻ സരോജിനിയമ്മക്ക് എങ്ങനെ കഴിയും?....തുടർന്നും കേസുകൾ നടന്നു......പക്ഷെ ഫലമുണ്ടായിരുന്നില്ല ....
                       ധനുമാസത്തിലെ  ഉത്രം....സരോജിനിയമ്മയുടെ ജന്മനാൾ  ......അന്നേദിവസം  കൃഷ്ണമംഗലം ഒഴിഞ്ഞു കൊടുക്കണം എന്നായിരുന്നു കോടതി ഉത്തരവ് . ദിസങ്ങൾ കടന്നുപോയി.നാളെയാണ് തറവാടൊഴിയേണ്ടത് ... കൃഷ്ണമംഗലത്തിന്റെ ഭിത്തികളിൽ വേദനയുടെ ഈർപ്പം പറ്റിപ്പിടിച്ചിരുന്നു...പതിവുപോലെ സരോജിനിയമ്മ വരാന്തയിലുണ്ടായിരുന്നു ......അരനൂറ്റാണ്ടിലധികം ഓർമ്മകൾ പേറുന്ന തറവാട്....അന്ന് സന്ധ്യക്ക്‌ നല്ല മഴയായിരുന്നു....നടുമുറ്റത്തെ തുളസിത്തറയിൽ പ്രകാശിച്ചിരുന്ന ചിരാദുകൾ  മഴ മൂലം കെട്ടുപോയി ...ആ അമ്മയുടെ ജീവിതം പോലെ...നിലാവിനെ മറച്ചുകൊണ്ട് തറവാടിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി .....മഴ തകർത്തു പെയ്തു........
             പുതിയ പ്രതീക്ഷകളുമായി  വിദേശങ്ങൾ സ്വപ്നം കാണുന്ന പുതുതലമുറ.....അസ്തമിച്ചുപോകുന്ന നാട്ടിൻപുറ നന്മകൾ...അതിനിടയിലെവിടെയോ ഇരുണ്ടു പോയ സരോജിനിയമ്മയുടെ ജീവിതം....കാലത്തിന്റെ  പാഠപുസ്തകം....അന്ധകാരം കാഴ്ചകളെ മറച്ചിരുന്നുവെങ്കിലും വരാന്തയിലിരുന്നു സരോജിനിയമ്മ ദൂരേക്ക് നോക്കുകയാണ്...മഴ തോർന്നു...എങ്കിലും നടുമുറ്റത്തെ തുളസിയിലകളിൽ മഴ ബാക്കി വച്ച് പോയ പവിഴമുത്തുകൾ പറ്റിപ്പിടിച്ചിരുന്നു.....
മീര.ജെ.ആർ
9 D ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ