ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നിവ ഇന്ന് വെറും വാക്കുകളല്ല.ഇവയുടെ വാച്യാർത്ഥങ്ങൾക്കപ്പുറം മനുഷ്യ ജീവന്റെ നിലനില്പിന് മാനവരാശി ഒന്നടങ്കം ഉൾക്കൊള്ളേണ്ട സത്യ രൂപങ്ങളായി അവ മാറുകയാണ്. പരിസ്ഥിതി ഇന്ന് പ്ലാസ്റ്റിക്‌കൂമ്പാരങ്ങളുടെയും , അഴുക്കുചാലുകളുടെയും, കാർബൺ ഡൈ ഓക്സൈഡുകളുടെയും വാസസ്ഥലമാണ്. ദിനംപ്രതി അശുദ്ധമായി ക്കൊണ്ടിരിക്കുകയാണ് നമ്മുടെ ചുറ്റുപാടുകൾ. അത്രമേൽ മലിനമാണ് പരിസ്ഥിതി. എന്നിട്ടും ആർത്തി മൂത്ത് മാനസികാർബുദം ബാധിച്ചവർ കാർന്നുതിന്നൽ തുടരുകയാണ്. പരിസ്ഥിതിയുടെ അഴകും അന്തസ്സുമായിരുന്ന പുഴകളെ , മലകളെ , മരങ്ങളെ അങ്ങനെ എല്ലാറ്റിനെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വീടുകളിലെ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു. വാഹനങ്ങളുടെ അമിതോപയോഗം വായു മലിനീകരണത്തിനു കാരണമായി. വികസനത്തിനായി എന്തും ചെയ്യുന്ന മനുഷ്യൻ ഹരിതമയമായിരുന്ന മായിക ലോകത്തെ ശ്മശാനമാക്കി മാറ്റുന്നു. പരിസ്ഥിതിയിൽ അത്യാവശ്യമായി വേണ്ടതാണ് ശുചിത്വം. ഇന്നത് ആരും മനസ്സിലാക്കുന്നില്ല. മാലിന്യങ്ങൾ വലിച്ചെറിയുന്നു. പൊതു സ്ഥലങ്ങളിൽ തുപ്പുന്നു. മൂത്രവിസർജനം നടത്തുന്നു. ശുചിത്വത്തിനേറ്റ അപമാനമായി പരിസ്ഥിതി മാറുന്നു. ആചാരമായിരുന്നെങ്കിൽ കൂടി, ഉമ്മറപ്പടിയിൽ ഒരു കിണ്ടിയിൽ വെള്ളം വെച്ചിരുന്നതും മരണാനന്തര ചടങ്ങിൽ പങ്കെടുത്തു വരുമ്പോൾ കുളിച്ച് വീട്ടിനകത്ത് കയറുന്നതും ശുചിത്വത്തിന്റെ ഭാഗം തന്നെയായിരുന്നു സമൂഹം ന്യൂജനറേഷനിലേക്കു വഴി തിരിഞ്ഞപ്പോൾ ഇത്തരം വ്യക്തിശുചിത്വ മാർഗങ്ങൾ അന്യംനിന്നു പോയി. കാലം മാറിയപ്പോൾ പഴയ ശീലങ്ങളിലേക്കു തിരിച്ചു പോകാനായി സാഹചര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കൊറോണയെന്ന കൊവിഡ് 19 നു മുന്നിൽ ശുചിത്വ പൂർണമായി പെരുമാറാൻ നാം നിർബന്ധിതരാകുന്നു. വ്യക്തിശുചിത്വം എന്നത് ദിനംപ്രതി നാം കേട്ടുകൊണ്ടേയിരിക്കുന്നു പരിസ്ഥിതി സംരക്ഷിക്കുക, ശുചിത്വം പാലിക്കുക, മാലിന്യങ്ങളിൽ നിന്ന് ചുറ്റുപാടുകളും നാം സ്വയവും മുക്തരാകുക എന്നീ മാർഗങ്ങളിലൂടെയാണ് പ്രതിരോധം സാധിക്കുന്നത്. ഇവ കൂടാതെ ആരോഗ്യവാനായ ഒരു മനഷ്യനാകുക എന്നതും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. വ്യായാമത്തിലേർപെടുകയും ശരീരത്തിനു ദോഷ കരമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ ആഹരിക്കുകയും ചെയ്യുന്നതിലൂടെ രോഗത്തെ ഒരു പരിധി വരെ നമുക്കു തടയാൻ പറ്റും. പരിസ്ഥിതി, ശൂചിത്വം, രോഗ പ്രതിരോധം ഇവ പരസ്പര പൂരകമാണ്. ലോകത്തിന്റെ നിലനില്പിന് അടിസ്ഥാനമാണവ. ജൂൺ 5 നാം ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എന്നാൽ അന്നു മാത്രമല്ല പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കേണ്ടത്. വ്യവസായത്തിന്റെയും സാങ്കേതികതയുടെയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വ ഫലങ്ങൾ പതിയെ പതിയെ പരിസ്ഥിതിയെ ബാധിക്കുകയും മനുഷ്യന്റെ നിലനിൽപിനെ തന്നെ അപകടത്തിലാഴ്ത്തുകയും ചെയ്യുന്നു എന്ന സമീപനത്തോടെയായിരിക്കണം ഇനി നാം പരിസ്ഥിതിയെ സമീപിക്കേണ്ടത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചു കൊണ്ട് രോഗ പ്രതിരോധ ശക്തിയുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്കു സാധിക്കും. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പിറവി കൊണ്ട കൊറോണയുടെ നീരാളിപ്പിടിത്തത്തിൽ നിന്നും നമുക്കു രക്ഷ നേടാം. ലോകത്തെ ചുട്ടെരിക്കാൻ വന്ന ഈ ചിലന്തിവല ശുചിത്വമെന്ന ശക്തിയുടെ കരങ്ങളാൽ നമുക്ക് മുറിച്ചു മാറ്റിയേ മതിയാകൂ. കരുതിയിരിക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |