കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/ബാങ്ക് വിളി
ബാങ്ക് വിളി
പതിവു പോലെ അടുത്തുള്ള പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഇന്നും ഉണർന്നത് പെട്ടെന്ന് തന്നെ റെഡിയായി സൈക്കിളുമെടുത്ത് ഇറങ്ങി. ഇടവഴിയൊക്കെ വിജനമാണ്. പള്ളി അടച്ചത് കാരണം സ്ഥിരമായി കാണാറുള്ള മൂസ്സക്കയെയും , അഷ്റഫിനെയും റഷീദിനെയൊന്നും കാണാനില്ല. എന്നത്തെയും പോലെ വാസുവേട്ടന്റെ ചായക്കട തുറന്നിട്ടുണ്ട്. ചിട്ടയായൊരു ജീവിതം നയിക്കുന്നൊരാളാണ് വാസുവേട്ടൻ . അതുകൊണ്ട് തന്നെ ആളെപ്പോഴും ഊർജ്ജസ്വലനാണ് എന്താണ് വാസുവേട്ടാ പറ്റുകാരാരും വന്നില്ലെ? വെറുതെ കുശലം ചോദിച്ചു. എന്തു ചെയ്യാനാണ് എല്ലാരും വീട്ടിലിരിക്കുകയല്ലെ , എന്തായാലും എന്നിക്കെന്റെ പതിവ് തെറ്റിക്കാൻ കഴിയില്ല. വാസുവേട്ടന്റെ ആത്മഗതം . എന്തായാലും എന്റെ ചായ എടുത്തു വച്ചോളൂ. ഞാൻ പത്രമെടുത്ത് വരാം. ഇവിടെ അടുത്താണ് പത്രകെട്ടുകൾ വരാറ് , ഏജന്റ് സുകുവേട്ടൻ പത്രം തരം തിരിക്കുന്നുണ്ട് , ചായയും കുടിച്ച് പത്രകെട്ടുമായി ഞാൻ പുറത്തിറങ്ങി. അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കാം , അമ്പലവും പരിസരവുമൊക്കെ വിജനമാണ്. പ്രാർത്ഥിക്കാനൊന്നും ആരെയും കാണുന്നില്ല. രാജേട്ടന്റെ വീട്ടിൽ പത്രമിടാൻ പോയപ്പോഴാണ് ഒരു മാസത്തേക്ക് പത്രം വേണ്ടെന്ന് ഇന്നലെ പറഞ്ഞ കാര്യം ഓർത്തത്. ഇടുങ്ങിയ ചിന്താഗതിയുള്ള ഒരാളാണ് രാജേട്ടൻ ആരോ പറഞ്ഞത്രെ പേപ്പറിലും , കാർഡ് ബോർഡിലുമൊക്കെ വൈറസിന് രണ്ട് മൂന്ന് ദിവസം ജീവനോടിരിക്കാൻ കഴിയുമെന്ന് . ചില രങ്ങനാണ് അവനവൻ സൃഷ്ടിക്കുന്ന വലയങ്ങൾക്ക് നടുവിലായിരികും അവരുടെ ജീവിതം . സ്വന്തം വാക്കും പ്രവൃത്തിയും സൃഷ്ടിക്കുന്ന പ്രതിച്ഛായക്ക് പുറത്ത് വരാൻ അവർക്ക് കഴിയില്ല. ഞാൻ ഓർക്കുകയായിരുന്നു, പള്ളികളും അമ്പലങ്ങളുമൊക്കെ അടച്ചിരികുന്നു , ആ ചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ജനങ്ങൾ മറന്നു പോയിക്കാണുമോ ? ദൈവത്തെ എന്തായാലും മറക്കാൻ സാധ്യതയില്ല, അത്രയും ഭീതിതമായ ഒരവസ്ഥയാണ് ഇന്ന് ലോകത്ത് അരങ്ങേറുന്നത്. ജോലി കഴിഞ്ഞു വേണം ആശുപത്രിയിലൊന്ന് പോകാൻ രണ്ട് ദിവസമായി ചുമയും, ജലദോഷവും അലട്ടുന്നു. വീട്ടിനുള്ളിൽ നിന്ന് ചുമക്കുമ്പോൾ കുടുംബാംഗങ്ങളുടെ മുഖഭാവം കണ്ടാൽ ഒരു അന്യ നാണെന്ന തോന്നൽ, പുറത്ത് നിന്നാണെങ്കിൽ ഒരു ഭീകരജീവിയെ നോക്കുന്ന പോലുള്ള തുറിച്ച് നോട്ടമാണ്. ഓരോന്നാലോചിച്ച് ആദ്യാക്ഷരങ്ങൾ പഠിച്ച up school എത്തിയതറിഞ്ഞില്ല. പലരുടെയും ഗതകാല സ്മരണകൾ വിഷം തീണ്ടിയാലെന്നവണ്ണം നീലിച്ച് കിടക്കുന്നുണ്ടാവും ക്ലാസ് മുറികളിലും, വരാന്തയിലുമൊക്കെ . ഓർമ്മകളിലെ ഏടുകളിലെന്നും സ്വർണ്ണ ലിപി കൊണ്ട് എഴുതിവയ്കാനും മാത്രം സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ബാല്യം കൂടുതലും ചില വഴിച്ചത് ഇവിടെയാ ണ്. സ്കൂളിന് മുൻപിൽ തന്നെയാണ് ദേവി ടീച്ചറുടെ വീട്, ആരെയും പുറത്ത് കാൺമാനില്ല. ടീച്ചറുടെ വിദേശത്ത് നിന്നും വന്ന മകന് ടെസ്റ്റിൽ പോസിറ്റി വ് ആയത് കാരണം എല്ലാരും കോറ ണ്ടൈനിലാണ് . പത്രം നീട്ടിയെറിഞ്ഞ് അവിടെ നിന്നും തിരിഞ്ഞപ്പോഴാണ് സ്കൂളിൽ നിന്നും ആളനക്കം കണ്ടത്. മെമ്പറെ കണ്ടപ്പോഴാണ് ഓർത്തത് പഞ്ചായത്ത് കിച്ചൺ പ്രവർത്തിക്കുന്നതവിടെയാണ്. വിശപ്പ് ഒരു വികാരമാണ്. എന്നും വിശപ്പടക്കിയവർ പെട്ടെന്ന് ഭക്ഷണമില്ലാത്ത ഒരവസ്ഥ വന്നാൽ ചോദിക്കാൻ ദുരഭിമാനം അവരെ അനുവദിക്കില്ലെന്ന് മനസ്സിലാക്കിയ ഭരണാധികാരികൾ എത്ര നല്ലവരാണ്. ആശുപത്രിയിൽ തിരക്ക് കുറവാണ്. OP ticket എടുത്ത് വെറുതെ ചുറ്റുപാടുമൊന്ന് വീക്ഷിച്ചു എല്ലാവരുടെയും മുഖത്ത് നിസ്സംഗഭാവം. വാനോളം എത്തി നിൽകുന്ന മനുഷ്യന്റെ അഹങ്കാരത്തെ നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസിന് ഇല്ലാതാകാൻ കഴിഞ്ഞോ ? കഴിയില്ല , മുൻ കാല ചരിത്രം അതാണ് കാണിച്ച് തരുന്നത്. അടുത്തുള്ള വാർഡിലേക്ക് ഞാൻ കണ്ണോടിച്ചു. പല അസുഖവും ബാധിച്ചവർ, അവരുടെ കൂട്ടിരിപ്പുകാർ. നഴ്സുമാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ശരിക്കും അവരാണ് മാലാഖമാർ, കുഞ്ഞുനാളിൽ മനസ്സിൽ പതിഞ്ഞ ജ്വലിക്കുന്ന സൗന്ദര്യമൊന്നും അവർക്കില്ല. പക്ഷെ പ്രത്യാശയുടെ ഒരു തിരിനാളം നമ്മളിലേക്ക് പ്രവഹിപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ട്. കൂടെ ദൈവദൂതനെ പോലെ, അല്ല ദൈവത്തെപ്പോലെ തന്നെ ഡോക്ടർമാരും . ഒരമ്പലത്തിലും . പള്ളിയിലും കേട്ടിട്ടില്ലാത്തത്രയും പ്രാർത്ഥനകളും പരിഭവങ്ങളും ആശുപത്രി ചുമരുകളിൽ പ്രതിധ്വനിക്കുന്നതായി എനിക്ക് തോന്നി. അതെ ഇവിടെയാണ് എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കേണ്ടത്. ഇവിടുത്തെ ദൈവങ്ങളെ ആരും ആരാധിക്കുന്നില്ല, എല്ലാമവരിലേക്ക് അർപ്പിക്കുകയാണ് ചെയ്യുന്നത്.....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |