ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം
അടിച്ചു പൊളിക്കാനായി കാത്തിരുന്ന അവധിക്കാലം... വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാനാകാതെ ഇങ്ങനെ.... അയല്പക്കത്ത് കൂട്ടുകാർ ഒക്കെയുണ്ട്.... പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം കൂട്ട് കൂടാൻ പോകാനാവില്ലല്ലോ.... വീട്ടിൽ ഇരിക്കാനോ സംസാരിക്കാനോ നേരം കിട്ടാത്ത അച്ഛനമ്മമാർക്കും ഇഷ്ടം പോലെ സമയം.... എവിടെയും പോകണ്ട... പരീക്ഷകൾ കൂടി കഴിഞ്ഞിട്ടുള്ള ഇരുപ്പായിരുന്നെങ്കിൽ കുറച്ചു കൂടി മനസമാധാനം ഉണ്ടായിരുന്നേനെ.... ഇതിപ്പോൾ ഡെമോക്ലീസിന്റെ വാളുപോലെ.... എപ്പോഴാണോ തലക്ക് മുകളിൽ പരീക്ഷ വന്നു വീഴുക എന്നറിയാതെ.... ഒരു മനസുഖവും ഇല്ല. പഠിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ എന്ന് എല്ലാവരും കരുതും. അനിശ്ചിതത്വത്തിൽ കിടക്കുന്നത് കൊണ്ട് പഠിക്കാൻ തോന്നുന്നുമില്ല. നാളെ പരീക്ഷ ആണെങ്കിൽ ഇന്ന് വൈകുന്നേരം തിരക്ക് കൂട്ടി ഒരു പഠിത്തം ഉണ്ടല്ലോ.. .. അപ്പോഴേ ഇത്രയൊക്കെ പഠിക്കാൻ ഉണ്ടായിരുന്നോ... എങ്കിൽ കുറച്ചു കൂടി നേരത്തെ തുടങ്ങാമായിരുന്നു എന്ന് തോന്നുകയുള്ളു.... പക്ഷേ എന്നെ അത്ഭുതപെടുത്തുന്നത് അതൊന്നുമല്ല... ഈ മനുഷ്യരുടെ തിരക്കൊക്കെ എവിടെ പോയി???.... കണ്ണ് കൊണ്ട് കാണാനാകാത്ത ഒരു വൈറസ് അരയും തലയും മുറുക്കി രംഗത്ത് എത്തിയപ്പോഴേക്ക് ഭൂലോകം കീഴ്മേൽ മറിഞ്ഞപോലെ.... അരമൈൽ താണ്ടാൻ അര മണിക്കൂർ സമയം എടുത്തിരുന്ന റോഡുകൾ കരിമ്പടം പുതച്ചു വെറുതെ അങ്ങനെ കിടക്കുന്നു. വല്ലപ്പോഴും ഓരോ വണ്ടികൾ... നെഞ്ചിടിപ്പ് കൂട്ടുന്ന സൈറൺ മുഴക്കി ജീവൻ രക്ഷിക്കാൻ ഓടിയിരുന്ന ആംബുലൻസ് പോലും വിരളം.... ആശുപത്രിയിലെ തിക്കും തിരക്കും എവിടെ പോയി... രണ്ടു പ്രാവശ്യം അടുപ്പിച്ചു തുമ്മിയാൽ ആശുപത്രിയിൽ പോയിരുന്നവർ ഇപ്പോൾ മുത്തശ്ശിയുടെ ചുക്ക് കാപ്പി ഉണ്ടാക്കി കുടിച്ചു സൗഖ്യം നേടുന്നു.... വരി നിന്നിരുന്ന രോഗികളും നിറഞ്ഞിരുന്ന ആശുപത്രിമുറികളും ഒഴിവില്ലാതിരുന്ന ഓപ്പറേഷൻ തീയറ്ററുകളും എല്ലാം ഒരു ഭൂതകാലം മാത്രം.... തുണിക്കട, സ്വർണ്ണക്കട, ചെരിപ്പ് കട... ഒന്നും തുറക്കുന്നില്ല. എന്നാലും ആളുകൾ വസ്ത്രം ഇല്ലാതെയോ, ആഭരണമില്ലാതെയോ നഗ്ന പാദരായോ നടക്കുന്നില്ല.. ആർക്കും ഒരു പരാതിയുമില്ല.. ബേക്കറി പലഹാരവും ഐസ്ക്രീമും വേണമെന്ന് പറഞ്ഞു കുട്ടികൾ പോലും വാശി പിടിക്കുന്നില്ല... അതിർത്തികളിൽ വെടിയൊച്ചയില്ല.. ഭീകരർക്കു എവിടെയും ബോംബ് വെക്കണ്ട... പീഡനം ഇല്ല... മദ്യ ശാലകളില്ല.. ലഹരി വസ്തുക്കൾ ഇല്ല.. അപകടങ്ങൾ ഇല്ല.. നാട്ടുകാരെ മുഴുവൻ പങ്കെടുപ്പിച്ചുള്ള കല്യാണ മാമാങ്കമില്ല... പൂരമില്ല.. പെരുന്നാളില്ല... വെടിക്കെട്ടില്ല... ആർക്കും പരാതിയും ഇല്ല... ഉള്ള ഇത്തിരി മുറ്റത്തു കൃഷിയും തുടങ്ങി... പ്രകൃതിക്കും അതിലെ ജീവജാലങ്ങൾക്കും പെരുത്ത് സന്തോഷം.. എത്ര പരിസ്ഥിതി വാദികൾ കാലങ്ങളായി ഘോരഘോരം പ്രസംഗിച്ചിട്ടും പ്രകൃതി ശുദ്ധമായില്ല. ഒരു കുഞ്ഞു വൈറസ് കാരണം അന്തരീക്ഷത്തിൽ വായു ശുദ്ധമായി.... പക്ഷേ അതൊന്ന് നന്നായി ശ്വസിക്കാൻ പറ്റുന്നില്ല... മാസ്ക് കെട്ടിയല്ലേ പുറത്ത് ഇറങ്ങാവൂ.. ഫാക്ടറിയിൽ നിന്ന് മലിന ജലം പുഴയിലേക്ക് ഒഴുകുന്നില്ല.. മീനുകൾക്കും സന്തോഷം.. ഇപ്പോൾ നമുക്ക് ഇങ്ങനെയും ജീവിക്കാം.. അപ്പോൾ പിന്നെ നമ്മൾ എന്തിനായിരുന്നു നിൽക്കാൻ നേരമില്ലാതെ ജീവിക്കാൻ വേണ്ടി ഓടിക്കൊണ്ടിരുന്നത്? എന്നിട്ട് ഇപ്പോഴും നമ്മൾ ജീവിക്കുന്നില്ലേ.... ഗാന്ധി പറഞ്ഞത് പോലെ ഈ ഭൂമിയിൽ അത്യാവശ്യത്തിന് ഉള്ളതെല്ലാമുണ്ട്. നമ്മുടെ അത്യാഗ്രഹതിനുള്ളതില്ല. ഇങ്ങനെ ഒക്കെ ആലോചിക്കുമ്പോൾ കൊറോണയോടൊരു നന്ദി പറയാനൊക്കെ തോന്നുന്നുണ്ട്.... പക്ഷേ ഇത് കാരണം ലോകത്തു നിന്ന് മാറ്റപ്പെട്ട് പോയ അനേകായിരങ്ങൾ.... ഇത്രയും വേണ്ടായിരുന്നു കൊറോണ.... പരേത ആത്മാക്കൾക്കായി കണ്ണീർ പൂക്കൾ... രോഗത്തിലും രോഗഭീതിയിലും കഴിയുന്നവർ അതിൽ നിന്നും വേഗത്തിൽ മുക്തരാകട്ടെ എന്ന പ്രാർഥനയും.ഒപ്പം അവർക്കായി കൈ മെയ് മറന്നു രാപകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങളും..
|