സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/കുളക്കോഴി
അച്ചുവിൻെറ കാഴ്ചകൾ
അച്ചു അന്നും പതിവുപോലെ അമ്മയുടെ വഴക്കുകേട്ടാണ് എഴുന്നേറ്റത് . ഓ എല്ലാ ദിവസവും അമ്മയുടെ വഴക്കുകേൾക്കണമല്ലോ. ഒന്നു നന്നായിട്ട് ഉറങ്ങാൻ പോലും പറ്റത്തില്ല. അന്നുച്ചക്ക് ഒരു വാർത്ത കണ്ടപ്പോൾ അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി. കൊറോണ കാരണം പരീക്ഷകൾ റദ്ദാക്കി എന്ന വാർത്ത. ഇനി വലിയ അവധി ആണെന്നറിഞ്ഞപ്പോൾ അവൻ പറമ്പിലേക്ക് ഒറ്റ ഓട്ടമായിരുന്നു. അവൻെറ കോഴിയോടും ആടിനോടും പശുവിനോടും ഒക്കെ വിശേഷങ്ങൾ പറയാൻ. അങ്ങനെ നടക്കുമ്പോൾ ഈറ്റക്കാട്ടിൽ ഒരനക്കം. പതുങ്ങിനിന്ന് നോക്കി, ഒരു പക്ഷി മെല്ലെ നടന്നുവരുന്നു. ഇതുവരെ ഇങ്ങനെ ഒരു പക്ഷിയെ ഇവിടെ കണ്ടിട്ടില്ല. സാധാരണ പക്ഷികൾ പറക്കേണ്ടതല്ലേ.? പിന്നിവനെന്താ നടന്നുവരുന്നത്. അച്ചു അല്പം മുന്നോട്ടു നീങ്ങി. പക്ഷി പെട്ടെന്ന് ഈറ്റക്കാട്ടിൽ മറഞ്ഞു. നിരാശയോടെ അവൻ വീട്ടിലേക്കു മടങ്ങി. അപ്പോഴാണ് അവൻ ഒരു കാരൄം ഓർത്തത്. വേനൽക്കാലമാണല്ലോ, എല്ലാവർഷവും പക്ഷികൾക്കും മറ്റും കുടിക്കാൻ പറമ്പിൽ വെള്ളം വയ്ക്കുമായിരുന്നു. ഇത്തവണ മറന്നു. ചേട്ടനേയും ചേച്ചിയേയും കൂട്ടി മൂന്നു ഡിഷുകളിൽ തറയിലും ഒരു മൺ ചട്ടിയിൽ മരക്കൊമ്പിൽ തൂക്കിയും വെള്ളം വച്ചു. അടുത്ത ദിവസം രാവിലെ അമ്മയുടെ വിളി കേട്ടാണുണർന്നത്. ദേ, നീ വച്ച വെള്ളം കുടിക്കാൻ കുളക്കോഴി വന്നിരിക്കുന്നു. അവൾ വെള്ളം കുടിക്കുകയും വെള്ളത്തിൽ കുളിക്കുകയുമാണ്. അച്ചു ഓടി ചെന്നു നോക്കി, അവൻ അത്ഭുതപ്പെട്ടുപോയി. ഇന്നലെ ഈറ്റക്കാട്ടിൽ കണ്ട പക്ഷി. അപ്പോൽ ഞാൻ ഇന്നലെ കണ്ടത് കുളക്കോഴിയേയാണ്. എന്തു രസമാണ് അതിനെ കാണാൻ, മുകളിൽ കറുപ്പും അടിയിൽ വെള്ള നിറവും, അല്പം നീണ്ട കഴുത്തും. വലിയ ആളനക്കമില്ലാത്ത പൊന്തക്കാടുകളിലാണ് കുളക്കോഴികളുടെ വാസം. കുഞ്ഞുന്നാളിൽ അമ്മ പാടിയ താരാട്ടുപാട്ടിലേ ഇതുവരെ അച്ചു കുളക്കോഴിയേ അറിഞ്ഞിരുന്നുള്ളു. അവൻ ഒരിക്കൽക്കൂടി ആ പാട്ടു് ഈണത്തിൽ പാടി.... കുളക്കോഴി മുട്ടയിട്ടു
വേനൽകാലങ്ങളിൽ നമ്മുടെ ചുറ്റുവട്ടത്തുള്ള പക്ഷികൾക്കും ജന്തുക്കൾക്കും ദാഹജലം നല്കാൻ നമുക്ക് സാധിക്കട്ടെ .
|