(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
ഒരു ഗ്രാമത്തിൽ അരുൺ എന്ന് പേരുള്ള ഒരു കുട്ടി താമസിച്ചിരുന്നു. അവരുടെ ഗ്രാമത്തിന്റെ അടുത്തായി ഒരു കാടുണ്ട്. അതിൽ നിന്നാണ് വേനൽക്കാലങ്ങളിൽ ഗ്രാമവാസികൾ വെള്ളം എടുക്കാറ്. അരുണിന്റേത് ഒരു പഴയഓലവീടാണ്.ചോർന്നൊലിക്കുന്ന ഓലവീട്! അവന്റെ അച്ഛൻ മരംവെട്ടുകാരൻ ആയിരുന്നു. അച്ഛൻ സമ്പാദിക്കുന്നത് കൊണ്ട് മൂന്നുനേരം ഭക്ഷണം കഴിക്കാം. രണ്ട് മാസം മുമ്പ് അവന്റെ അച്ഛൻ മരണപ്പെട്ടു. അവന് അമ്മ മാത്രമേയുള്ളൂ ഇനി തുണ. അമ്മ അവനെ വേദനിപ്പിക്കാതെ, കഷ്ടപ്പാടുകൾ അറിയിക്കാതെ വളർത്തി.
അച്ഛൻ മരിച്ചതിനു ശേഷം അമ്മ കാട്ടിൽ പോയി വിറക് പെറുക്കി വിൽക്കാൻ തുടങ്ങി. അതിൽ നിന്നും കിട്ടുന്ന കാശുകൊണ്ട് മകനെ നല്ലപോലെ വളർത്തി. വേനലവധി ആണ് ഇപ്പോൾ.സ്കൂൾ തുറക്കാൻ രണ്ടാഴ്ച ബാക്കിഉണ്ട്. അരുൺ അവന്റെ ഗ്രാമത്തിലെ
വിദ്യാലയത്തിലാണ് പഠിക്കുന്നത്. അവന്റ ഗ്രാമത്തിൽ നിന്ന് സ്കൂളിലേക്ക് ഒരുപാട് ദൂരമുണ്ട്. അച്ഛൻ ഉണ്ടായിരുന്നപ്പോൾ അച്ഛനോടൊപ്പമായിരുന്നു. യാത്ര. അവനിനി നാലാം ക്ലാസിലേക്ക് ആണ്. പഠിക്കാൻ ബഹു മിടുക്കൻ. കഴിഞ്ഞ ക്ലാസുകളിൽ എല്ലാം പഠിപ്പിൽ അവനായിരുന്നു ഒന്നാമൻ. പുതിയ ക്ലാസ്സിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അവന് അമ്മ വാങ്ങിക്കൊടുത്തു.
അവൻ അവന്റെ കൂട്ടുകാർക്ക് സാധനങ്ങളെല്ലാം പുതുമയോടെ കാണിച്ചുകൊടുത്തു. അങ്ങനെ സ്കൂൾ തുറക്കുന്ന ദിവസമായി. രാവിലെ നേരത്തേ എണീറ്റ് അമ്മയോടൊപ്പം അരുൺ അമ്പലത്തിലേക്ക് പോയി. മടങ്ങിവന്ന് സ്കൂളിലേക്ക് പോകാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം ചെയ്ത് ഇറങ്ങാൻ നേരം അവന് അച്ഛന്റെ ഓർമ്മ വന്നു. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഇതു കണ്ട അമ്മ അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. " സാരമില്ല... ദൈവത്തിന്റെ വിധിയെ തടുക്കാൻ നമുക്ക് ആവില്ലല്ലോ... " ആ നിമിഷത്തിന് മൗനത്തെ വെടിഞ്ഞു കൊണ്ട് അമ്മ പറഞ്ഞു 'നമുക്ക് ഇറങ്ങാം'.... അവൻ കണ്ണുകൾ തുടച്ചു അമ്മയുടെ കൂടെ സ്കൂളിലേക്ക് ഇറങ്ങി. അമ്മ ജോലിക്കും അരുൺ സ്കൂളിലേക്കും നടന്നു. പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ എല്ലാ കുഞ്ഞുമനസ്സുകളും ആഹ്ലാദിക്കും നേരം അച്ഛനെ പിരിഞ്ഞ വേദനയിൽ അരുണിന്റെ ഉള്ളുപിടഞ്ഞു.
എന്നാലും കഴിയുന്ന വിധത്തിൽ അവൻ സന്തോഷിക്കാൻ ശ്രമിച്ചു. അരുൺ സ്കൂൾ കഴിഞ്ഞ് എത്തുമ്പോഴേക്കും അമ്മയും ജോലി കഴിഞ്ഞു എത്തിയിട്ടുണ്ടാകും. അങ്ങനെ മെല്ലെ മെല്ലെ അവർ സങ്കടങ്ങൾ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ അച്ഛനില്ലാത്ത വീടുമായി അവർ പൊരുത്തപ്പെട്ടു തുടങ്ങി. ഒരു ദിവസം പതിവുപോലെ അമ്മ ജോലിക്കും അരുൺ സ്കൂളിലേക്ക് പുറപ്പെട്ടു. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലെത്തിയപ്പോൾ അമ്മ എത്തിയിട്ടില്ല. ജോലി കഴിഞ്ഞ് വൈകിയതാവും എന്ന് കരുതി കുറച്ചു നേരം അമ്മയെ കാത്തു കാത്തിരുന്നു. അമ്മ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിച്ചതിനുശേഷം കഴിച്ച് അവൻ ഉമ്മറത്തേക്ക് വന്നു. ഒത്തിരി നേരമായിട്ടും അമ്മയെ കാണാത്തതിനാൽ അരുൺ പരിഭ്രാന്തിയിലായി. 'വരുന്നത് കാണാനില്ലല്ലോ.... അമ്മക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ......! എന്നിങ്ങനെയുള്ള ചിന്തകൾ മനസ്സിലേക്ക് ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. സൂര്യൻ അസ്തമിക്കാൻ തുടങ്ങി. വഴികളിൽ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു. അരുൺ പേടിച്ച് ഉറക്കെ കരയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ ദൂരെനിന്നും അമ്മയെ കണ്ടു. അവൻ അമ്മയുടെ അടുത്തേക്ക് ഓടി പോയി. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അമ്മ വന്ന് അവനെ ചേർത്തുപിടിച്ചു. അവന്റെ നെറുകയിൽ കണ്ണീർ ചൂട്!! അവൻ മുഖമുയർത്തി നോക്കി.കാർമേഘമൊഴിഴിഞ്ഞു പ്രകാശിക്കുന്ന പൂർണചന്ദ്രനെപ്പോലെ അവന് അമ്മയുടെ മുഖം തോന്നിപ്പിച്ചു!!!. അമ്മ അടുത്തുള്ളതിനേക്കാൾ സന്തോഷം വേറെ ഒന്നും ഇല്ല എന്ന് ഒരിക്കൽ കൂടി അരുൺ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.