എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി/അക്ഷരവൃക്ഷം/മായരുതെ ഈ സമ്പത്ത്
മായരുതെ ഈ സമ്പത്ത്
സുന്ദരമായ പ്രകൃതി ദൈവദാനമാണ് .നമ്മുക്ക് ജീവിക്കാനാവശ്യമായ മണ്ണ്,വായു,ജലം എന്നിവയെല്ലാം പ്രകൃതി നമ്മുക്ക് തരുന്നു .എന്നാൽ മനുഷ്യന്റെ ആധുനികവത്കരണം എന്ന ഭ്രാന്ത് പ്രകൃതിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടേ ഇരിക്കുന്നു .വരുംകാലങ്ങളിൽ ഇപ്പോഴുള്ള പച്ചപ്പ് തന്നെ ഉണ്ടാകുമോ എന്നുള്ള കാര്യം സംശയമാണ് .മനുഷ്യർ ഓക്‌സിജൻ സിലിണ്ടറുമായി നടക്കുന്ന കാലം വിദൂരമല്ല .പച്ചപ്പിനാലും മറ്റും സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാടാണീ കൊച്ചു കേരളം .സമ്പത്സമൃദ്ധമായ നിബിഡ വനങ്ങളും മലകളും അരുവികളുംവയലുകളും കായലുകളും എല്ലാമെല്ലാം തന്നെ കേരളത്തെ മനോഹരമാക്കുന്നു .അതുപോലെതന്നെ നീലഗിരിക്കുന്നുകളും പശ്ചിമഘട്ടവുമെല്ലാം കൊച്ചു കേവലത്തെ ഹരിതാഭമാക്കുന്നു ,പല കവികളും കഥകളിലും കവിതകളിലും കേരളത്തെ അതി മനോഹരമായി വർണിക്കുന്നു. നാടോടുമ്പോൾ നടുവേ ഓടണം എന്ന പഴംചൊല്ലുപൊലെ മലയാളികളും കേരളത്തെ മറ്റു വിദേശനാടുകളെപ്പോലെ ആക്കുവാനായി പ്രയത്നിക്കുന്നു .അങ്ങനെ പ്രകൃതിയുടെ മനോഹാരിതകൾ ഒന്നൊന്നായി മാഞ്ഞുകൊണ്ടേയിരിക്കുന്നു.മനോഹരമായ കുന്നുകൾക്കുപകരം ഇപ്പോൾ ക്വാറികളാണുള്ളത് .സുന്ദരമായ നദികളും കായലുകളുമിപ്പോൾ മാലിന്യമൊഴുകുന്ന തൊടുകളായി മാറിയിരിക്കുന്നു .വയലുകളുടെ സ്ഥാനത്തു ഫ്ലാറ്റുകളും വ്യവസായശാലകളും ആണിപ്പോൾ കൂടുതലും .അനധികൃതമായി കെട്ടിടങ്ങൾ പണിയുകയും പിന്നീട് തോന്നുമ്പോൾ അത് ഇടിച്ചുകളയുകയും ചെയ്യുന്നു .പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിക്കുകയും ഉപയോഗശേഷം അത് കൂട്ടിയിട്ടു കത്തിക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് പരിഷ്‌കാരങ്ങൾ വന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല .വികസനം നമ്മുക്ക് ആവശ്യമാണ് .എന്നാൽ പ്രകൃതിക്കിണങ്ങിയവണ്ണമായിരിക്കണം എന്നുമാത്രം .വായു മലിനീകരണം,ജലമലിനീകരണം ,മണ്ണ് മലിനീകരണം ,ശബ്ദ മലിനീകരണം എന്നിവയുടെ തോത് വർധിക്കുന്നതും പ്രകൃതിക്കു ദോഷമുണ്ടാക്കുന്നു .മനുഷ്യന്റെ ചെയ്തികൾ മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു .കാലാവസ്ഥ വ്യതിയാനവും സ്ഥിരതയില്ലാത്ത മൺസൂണും പ്രളയക്കെടുതികളും ഇതിനുദാഹരണമാണ് . ഇതിനെതിരെ നാം പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .ഇതിനായി നമ്മുക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും .മരങ്ങൾ വെട്ടി നശിപ്പിക്കരുത് .ഒരു മരം വെട്ടിയാൽ അതിനു പകരം നൂറു മരങ്ങൾ നട്ടുപിടിപ്പിക്കണം .വടക്കേഇന്ത്യയിലെ ഒരു സംസ്ഥാനത്തു ഒരു കുട്ടി ജനിക്കുമ്പോൾ അവിടെ നൂറു മരങ്ങൾ വച്ച് പിടിപ്പിക്കുമെന്ന വാർത്ത കുറച്ചു വർഷങ്ങൾക്കുമുമ്പ് പാത്രത്തിൽ വരികയുണ്ടായി .നമ്മുക്കത്രയും ചെയ്യാൻ സാധിച്ചില്ലെങ്കിലും കുറച്ചു മരങ്ങൾ നമ്മുടെ വീട്ടിലെങ്കിലുംനട്ടുപിടിപ്പിക്കാൻ ശ്രമിക്കാം .ഇങ്ങനെ പ്രകൃതിയെ മരണത്തിൽനിന്നും ജീവിതത്തിലേക്കുയർത്തിക്കൊണ്ടുവരാം .പരമാവധി പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ നമ്മുക്ക് ഉപയോഗിക്കാം . എന്ത് നഷ്ടപ്പെടുത്തിയെന്നല്ല ,എന്ത് ബാക്കിയുണ്ട് എന്നതിലാണ് കാര്യം വരും തലമുറയ്ക്കുവേണ്ടി നമ്മുക്ക് ഈ പച്ചപ്പിനെ സംരക്ഷിക്കാം .അല്ലെങ്കിൽ ജീവവായു ഉള്ള മറ്റേതെങ്കിലും ഗ്രഹം തേടി നാം പോകേണ്ടതായി വരും .പ്രകൃതിയെ നമ്മുടെ വരും തലമുറയ്ക്കായി കരുതി വയ്ക്കാം .അതിനായി എല്ലാവര്ക്കും ഒരുമിച്ചു പ്രവർത്തിക്കാം .ഒരുമിച്ചു പ്രയത്നിച്ചാൽ വിജയം സുനിശ്ചയമാണ് .
|