സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ഇ-മാലിന്യവും

19:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jojiabraham (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും ഇ-മാലിന്യവും | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ഇ-മാലിന്യവും

ഡോ. റിച്ചാർഡ് എന്ന ഗവേഷകൻ മൊബൈൽഫോൺ റേഡിയേഷൻ മൂലം പക്ഷികൾ അക്രമകാരികളായി മാറുമെന്ന് കണ്ടെത്തുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമ 2.0 എന്ന പേരിൽ ഇന്ത്യൻ സിനിമാരംഗത്ത് സാങ്കേതിക മേന്മകൊണ്ട് അത്ഭുതം സൃഷ്ടിച്ചത് ഈ അടുത്ത കാലത്താണ്. ആ ചിത്രത്തിൽ പക്ഷി രാജൻ എന്ന പ്രതിനായകന് മൗലികത നൽകുന്നത് മൊബൈൽഫോൺ റേഡിയേഷനെക്കുറിച്ച് കാണികൾക്ക് നൽകുന്ന സന്ദേശംകൊണ്ടാണ്.ചെന്നൈ നഗരത്തിലെ മൊബൈൽഫോണുകൾ പൊടുന്നനെ അപ്രത്യക്ഷമാകുന്നതും മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ടവർ മൊബൈൽ ഫോൺ കൊണ്ട് നിർമിക്കപ്പെട്ട ജീവിയാൽ കൊല്ലപ്പെടുകയും ചെയ്യുന്നതാണ് 2.0 യുടെ ഇതിവൃത്തം.

എന്തിരൻ എന്ന ചിത്രത്തിന്റെ തുടർച്ചയായിരുന്നു 2.0. എന്തിരൻ നിർമ്മിതബുദ്ധിയും ഇലക്ട്രോണിക് മാലിന്യങ്ങളുമാണ് വിഷയമാക്കിയതെങ്കിൽ മൊബൈൽഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് 2.0 ചർച്ച ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ മാലിന്യകൂമ്പാരം പരിസ്ഥിതിയുടെയും മനുഷ്യന്റെയും നാശത്തിന് കാരണമായേക്കാം എന്ന ഒരു സന്ദേശം കൂടി എന്തിരൻ എന്ന സിനിമ നമുക്ക് നൽകുന്നു. എന്തിരന്റെ അവസാനം നിർമ്മിതബുദ്ധിയുള്ള റോബോട്ടിനെ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിക്കുന്നത് കണ്ടപ്പോൾ ആകാംക്ഷാ ഭരിതയായ ഒരു സ്കൂൾ കുട്ടി എന്തുകൊണ്ട് റോബോട്ടിന് ഈ അവസ്ഥ വന്നത് എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. അതിന് റോബോട്ട് നൽകുന്ന മറുപടി “ഞാൻ സിന്തിക്കാ ആരംഭിച്ചേൻ” എന്നാണ്. ഞാൻ ചിന്തിക്കാൻ ആരംഭിച്ചു എന്നാണതിന്റെ അർത്ഥം. ഈ രണ്ട് ചിത്രങ്ങളും മനുഷ്യനെ ചിന്തിക്കാൻ പഠിപ്പിക്കുന്നത് പരിസ്ഥിതി എന്താണെന്നും അതിനെ എങ്ങനെ പരിപാലിക്കണം എന്നുമാണ്. പുതിയ കാലഘട്ടത്തിൽ പുതിയ തലമുറ ചിന്തിക്കേണ്ട ഒരു വിഷയമാണ് ഇലക്ട്രോണിക് സങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും അവയുടെ നിർമ്മാർജ്ജനവും.

കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടെലിവിഷൻ, ഫ്രിഡ്ജ്, ഇലക്‌ട്രോണിക് വിനോദോപകരണങ്ങൾ തുടങ്ങിയ ഏത് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗശൂന്യമായി കഴിഞ്ഞാൽ അവ ഇ–മാലിന്യം ആകും. അനിയന്ത്രിതമായ തോതിൽ ഇ–മാലിന്യം വർദ്ധിക്കുന്നു എന്നതാണ് ആധുനിക ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധി. ഓരോ വർഷവും 100 മില്യൺ കമ്പ്യൂട്ടറുകളും മൊബൈൽഫോണുകളുമാണ് നിർമ്മിക്കപ്പെടുന്നത്. ഒന്നോ രണ്ടോ വർഷത്തെ ഉപയോഗത്തിന് ശേഷം അവ ഇ-മാലിന്യങ്ങളായി മാറുന്നു. പ്ലാസ്റ്റിക് മൂലം എന്തെല്ലാം പരിസ്ഥിതി പ്രശ്നങ്ങളാണോ ഉണ്ടാകുന്നത് അതിന്റെ പതിന്മടങ്ങ് പ്രത്യാഘാതങ്ങളാണ് ഇ-മാലിന്യങ്ങൾ മൂലം പരിസ്ഥതിയിൽ ഉണ്ടാകുക എന്നത് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. ഇ-മാലിന്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളത് ഒരു വലിയ പ്രശ്നമാണ്. ഇ-മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുവാൻ നിലവിലുള്ള മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്

• പുനരുപയോഗം (reuse) • സംസ്കരണം (land filling) • കത്തിചുകളയൽ (incineration) • റീ സൈക്കിളിങ്

ഇതിൽ സാധാരണ ചെയ്യുന്നത് സംസ്കരണം (മണ്ണിനടിയിൽ കുഴിച്ചിടുക) അല്ലെങ്കി‍ൽ ഇൻസിനറേറ്ററുകളിൽ കത്തിക്കുകയോ ആണ്. ഇത് മണ്ണും ജലവും വായുവും മലിനമാക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള വിഷപദാർത്ഥങ്ങളായ ലെഡ്, കാഡ്മിയം, മെർക്കുറി എന്നിവ മണ്ണിലും ജലത്തിലും അലിഞ്ഞ് ചേർന്ന് പരിസ്ഥിതിയെ മലിനമാക്കുന്നു. അതുമൂലം ക്യാൻസർ പോലുള്ള മാരകരോഗങ്ങളും പ്രത്യുല്പാദനവൈകല്യങ്ങളും നാഡീവ്യൂഹസംബന്ധമായ രോഗങ്ങളും മനുഷ്യനെ കീഴടക്കുന്നു.

ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളായ നമുക്ക് ചില കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നത്. അധികമാരും ശ്രദ്ധിക്കാതെ കടന്നു പോകുന്ന ഈ വലിയ വിപത്ത് ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടതാണ്. ആവശ്യമുള്ള ഉപകരണങ്ങൾ മാത്രം വാങ്ങുക കേടായ ഉപകരണങ്ങൾ നന്നാക്കി ഉപയോഗിക്കുക പുതിയവ വാങ്ങുമ്പോൾ പഴയവ ആവശ്യകാർക്ക് ഉപയോഗിക്കാൻ നൽകുക ചാർജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററികൾ ഉപയോഗിക്കുക ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്നതും അപകടകരമായ പദാർദ്ധങ്ങൾ കുറഞ്ഞതുമായ ഉപകരണങ്ങൾ വാങ്ങിക്കുക ഇങ്ങനെയുള്ള മാർഗ്ഗങ്ങൾ വഴി ഇലക്ട്രോണിക് ഉപകരണങ്ങളുടെ അനിയന്ത്രിതമായ നേരിടാനായി വിദ്യാർത്ഥികൾക്ക് സാധിക്കും അങ്ങനെ ഇ-മാലിന്യനിർമാർജ്ജനത്തിൽ പങ്കാളികളാകാം.

കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ഈ മേഖലയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യൻ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നിരന്തരം ഉപയോഗിക്കുകയും അതിന് അടിമായി മാറുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും . സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി മൊബൈൽ ഉപയോഗം വ്യാപകമായി. അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ് സെൽഫോണുകളിലൂടെ ഉണ്ടാകുന്ന റേഡിയേഷൻ പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുമോ എന്ന് നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. സെൽ ഫോണുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും ഉപയോഗാനന്തരമുണ്ടാകുന്ന ഇ-മാലിന്യവും വളരെ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളിലേക്കാണ് പോകുന്നത് എന്ന സത്യം പുതിയ തലമുറയായ വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തെക്കാളേറെ ദുരന്തം ഇ-മാലിന്യങ്ങളു കൈകാര്യത്തിലാണ് എന്ന സത്യം നാം മനസ്സിലാക്കണം. ഇതിന്റെ ദുരന്തഫലം കൂടുതലായി അനുഭവിക്കുന്നത് വരും തലമുറയായിരിക്കും. അതുകൊണ്ട് ഇ-മാലിന്യനിർമ്മാർജനം പുതിയ തലമുറയായ നമ്മുടെ കടമയാണ്.

B1
Plus one St Mary’s HSS Bharanaganam
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം