സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ഒരു വുഹാൻ ഗാഥ
ഒരു വുഹാൻ ഗാഥ
ലോകം നിശ്ശബ്ദമായിരിക്കുന്നു, ലോകജനത അവനവനിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു പക്ഷേ നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായിട്ടായിരിക്കും ലോകം ഇങ്ങനെ നിശ്ചലമാകുന്നത്. അതിന് കാരണമായത്, ലോകരാജ്യങ്ങളിൽ പ്രധാന ശക്തിയായ ചൈനയിലെ വുഹാൻ മാംസ മാർക്കറ്റിൽ പിറവിയെടുത്ത് ലോകമാകെ പടർന്നു പിടിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊറോണ എന്ന കൊലയാളി വൈറസ്. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തിയ അനാവശ്യ കടന്നുകയറ്റത്തിന്റെ പരിണിതഫലമായി നമുക്ക് കൊറോണ വൈറസിനെ കാണാം. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലെ മാംസ മാർക്കറ്റിൽ എല്ലാ തരം വന്യജീവികളെയും വൻതോതിൽ മനുഷ്യവംശത്തിന്റെ ആരോഗ്യകാര്യമായ നിലനിൽപ്പിന് പ്രകൃതിയുമായി സഹകരിച്ച് പോകണ്ടതിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് വിൽപന ചെയ്തിരുന്നു. മനുഷ്യന്റെ ദുരാഗ്രഹത്തേയും അഹന്തയേയും നേരിടാൻ തൻ്റെ കയ്യിൽ ഉഗ്രശക്തിയുള്ള ആയുധങ്ങൾ ഇനിയുമുണ്ടെന്ന് അഹങ്കരിക്കുന്ന ലോകത്തിന് പ്രകൃതി നൽകിയ മുന്നറിയിപ്പ്.2019 ഡിസംബർ 1 ന് വുഹാനിൽ രൂപം കൊണ്ട വൈറസ് ഒരു മാസക്കാലം കൊണ്ട് ചൈനയിലാകെയും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് സമ്പർക്കം മൂലം അതിവേഗം, പിന്നീട് മറ്റനേകം ചെറുതും വലുതുമായ രാഷ്ട്രങ്ങളിലേയ്ക്കും പടർന്നുപിടിച്ചു. പുതുവത്സരത്തെ വരവേൽകുകയായിരുന്ന ലോക രാജ്യങ്ങളിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി കോറോണയും വന്നു. അതോടെ ലോക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന കേന്ദ്രങ്ങളായ വൻനഗരങ്ങൾ കൊട്ടിയടയ്ക്കപ്പെട്ടു. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള ലോക കായികമാമാങ്കങ്ങളും, കലാ, സാംസ്കാരിക,മത,രാഷ്ട്രീയ ഒത്തുചേരലുകളും നിരോധിച്ചു. മനുഷ്യന്റെ പ്രധാന വരുമാന മർഗങ്ങളായിരുന്ന കാർഷിക,വ്യവസായ,നിർമാണ മേഖലകൾ സ്തംഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.അതിനായി നമ്മുടെ കൊച്ചു കേരളവും വളരെ മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജനങ്ങളുടേയും ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവർത്തകരുടേയുമെല്ലാംകൂട്ടായ പ്രവർത്തന ഫലമായി കേരളം വൈറസിനെ പിടിച്ചു കെട്ടി,വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാക്കി. അതിനായി നാം നടപ്പിലാക്കിയ പ്രതിരോധ മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ഓരോ വ്യക്തിയും കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും വ്യക്തി ശുചിത്വം പാലിച്ചു. പൊതു ഇടങ്ങളിൽ മാസ്ക്,തൂവാല എന്നിവ ഉപയോഗിച്ച് തന്റെ ശരീര സ്രവങ്ങൾ മറ്റുള്ളവരിലേക്കെത്താതെ നാം ശ്രദ്ധിച്ചു.പൊതുസ്ഥലങ്ങൾ അണു വിമുക്തമാക്കാനും നമ്മൾ മറന്നില്ല. മറ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഇല്ലാതാക്കി.പൊതുഗതാഗതം നിർത്തലാക്കുകയും രോഗ വ്യാപനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മനുഷ്യ സഹജമായ മറ്റനേകം പ്രവർത്തികളും ഒത്തുചേരലുകളും നിർത്തലാക്കി. ഇങ്ങനെ കൂട്ടായ്മയുടെ ഫലമായി നമ്മൾ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നമ്മുടെ മണ്ണിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിന് ഈ പ്രവർത്തനങ്ങൾ ഇതിലും ഭംഗിയായി നമ്മൾ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് ഈ രോഗത്തെ പിടിച്ചു കെട്ടി മാനവരാശിയുടെ ആരോഗ്യകരമായ നിലനിൽപ് ഉറപ്പു വരുത്താൻ സാധിക്കുകയുള്ളു.
|