ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ചില്ലു മുറിയുടെ മുകളിൽ ചുവന്ന അക്ഷരത്തിൽ എഴുതി വച്ച ആ മൂന്നക്ഷരങ്ങൾ അവൻ നിർവികാരതയോടെ വായിച്ചു. ICU.... വെള്ള കുപ്പായമിട്ട മാലാഖമാർ ചില്ലുറൂമിൽ നിന്ന് പുറത്തോട്ടും അകത്തോട്ടും ഓടുന്നത് എന്തിനെന്നില്ലാതെ ആ ചെറുപ്പക്കാരൻ നോക്കിക്കൊണ്ടിരുന്നു. വരാന്തയിൽ നീണ്ടുകിടക്കുന്ന കറുത്ത കസേരയിൽ നിന്നെഴുന്നേറ്റ് ചില്ലു ദ്വാരത്തിലുടെ , ഓക്സിജൻ മാസ്ക് വെച്ച് കട്ടിലിൽ കിടക്കുന്ന ആ പെൺകുട്ടിയെ നോക്കി." ആരായിരിക്കും അവൾ? " അവൻ അവനോട് തന്നെ ചോദിച്ചു. തിരിച്ചു കസേരയിൽ വന്നിരുന്ന് കണ്ണുകൾ അടയ്ക്കുമ്പോൾ കഴിഞ്ഞുപോയ ചില നിമിഷങ്ങളെ അവൻ ഓർമ്മയുടെ ഞരമ്പിൽ കൂട്ടിച്ചേർത്തു. ഹലോ സാലീ, അജു ആണെടാ .. നിങ്ങൾ എവിടെയാ ?ഞാൻ ബസ്റ്റോപ്പിൽ ഉണ്ട് . "നീ അവിടെ നിൽക്ക് .ഞങ്ങൾ ഇപ്പോൾ എത്തും. " ആ വേഗം വാ ഒരു മണിക്ക് മുമ്പേ പൊതിച്ചോറുമായി ഹോസ്പിറ്റലിൽ എത്തണം .അറിയാലോ ? വൈകരുത്. സാമുവൽ ഡോക്ടറോട് ഞാൻ പറഞ്ഞിട്ടുണ്ട്”. സാലിയുടെ കോൾ കട്ട് ചെയ്ത് അജു സ്റ്റോപ്പിൽ നിൽക്കുമ്പോൾ അവന്റെ കണ്ണ് തൊട്ടടുത്തുള്ള ഒരുപെൺ രൂപത്തിലേക്ക് തെന്നിമാറി. പൊടിപിടിച്ച ബസ്റ്റോപ്പിന്റെ മൂലയിൽ ചാരിയിരിക്കുന്ന , ഞരമ്പിലെ നീരും ചോരയും വറ്റിയ ഒരു കരിയിലപോലെയുള്ള ആ രൂപത്തോട് എന്തെന്നില്ലാത്ത കൗതുകം അവനു തോന്നി. മുടികൾ പൂർണമായും കൊഴിഞ്ഞിരിക്കുന്നു. ഒരു ഷാൾ കൊണ്ട് ആ തല മറച്ചിട്ടുണ്ടെങ്കിലും മുടി കൊഴിഞ്ഞു പോയ ആ ശിരസ്സ് അവന് കാണാമായിരുന്നു. അവളുടെ ചുണ്ടുകൾ ഉണങ്ങി വറ്റിയിരിക്കുന്നു. കൂടെ ആരുമില്ലാത്ത അവൾ മിഴികളെ വിദൂരതയിലേക്ക് പായിച്ച് മൂകയായി ആ ബസ് സ്റ്റോപ്പിലെ ബഹളങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറിയതാണെന്ന് ആദ്യകാഴ്ചയിലേ അവൻ തിരിച്ചറിഞ്ഞു. ഒരു സൗഹൃദ സംഭാഷണം അവൾ ആഗ്രഹിക്കുന്നില്ല എന്ന് തോന്നിയതുകൊണ്ടാകാം അവൻ അവളിൽ നിന്ന് നോട്ടം പിൻവലിച്ചു. പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് അവൻ പിന്നിലേക്ക് നോക്കിയത് .അവൾപുറകോട്ട് വീഴുകയാണ്. അപ്പോഴേക്കും അവിടെ എത്തിയ 'പാലിയേറ്റീവ് കെയർ സെന്റർ' എന്ന് പേരെഴുതിയ വാഹനത്തിൽ അവളെ വാരിയെടുത്തു കിടത്തുമ്പോൾ അവളുടെ വാടിത്തളർന്ന മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി. "അജൂ "... ആ വിളിയാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത്. "ആ... സാമുവൽ ഡോക്ടർ"... "നീ എന്താ ഇവിടെ ഇരിക്കുന്നേ? ചോറു കൊടുത്തു കഴിഞ്ഞില്ലേ? ഇന്ന് മീറ്റിംഗ് ഉള്ളതല്ലേ പോവുന്നില്ലേ? " അത്... ഡോക്ടർ...." അവൻ നടന്ന കാര്യങ്ങൾ മുഴുവൻ ഡോക്ടറോട് പറഞ്ഞു. "ഹോ!..അപ്പൊ നീയാണോ സാറയെ ഇവിടെ എത്തിച്ചത്? "സാറ...! ഡോക്ടറിന് അറിയുവോ ആ കുട്ടിയെ..? ആ അറിയാം..പണ്ട് ഒരു വിപ്ലവപ്രണയകഥയിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു സാറയുടെ അച്ഛൻ മാത്യു സാറും രേവതിയും...സാറ ബാംഗ്ലൂരിൽ പഠിക്കുമ്പോഴായിരുന്നു ഒരു കാറപകടത്തിൽ മാത്യുസാറും രേവതിയും മരിക്കുന്നത്. ആ ഒരു ഷോക്കിൽ നിന്ന് മോചിതയാവാൻ സാറ ഒത്തിരി സമയമെടുത്തു. പിന്നീട് അച്ഛനും അമ്മയും നടത്തിക്കൊണ്ടുപോയിരുന്ന ബിസിനസ് പ്രവർത്തനങ്ങൾ അവൾ ഏറ്റെടുത്തു അങ്ങനെ വലിയ കുഴപ്പമില്ലാതെ അവളുടെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ്.... ഡോക്ടർ ഒന്നു പറഞ്ഞു നിർത്തി. "എന്തു പറ്റി ഡോക്ടർ?" ഡോക്ടർ ശ്വാസമൊന്നു വലിച്ചുവിട്ടു തുടർന്നു. സാറയ്ക്ക് ബ്ലഡ് കാൻസറാണ്. ഇപ്പോൾ സെക്കന്റ് സ്റ്റേജിലാണ്. "ആ കുട്ടിക്ക് ബന്ധുക്കൾ ആരുമില്ലേ?" "അങ്ങനെ കാര്യമായ ആരുമില്ല. പിന്നെ, താനൊരു രോഗിയാണെന്നറിഞ്ഞതു മുതൽ സാറ ആകെ മാറുകയായിരുന്നു. അവളുടെ ചിരിയും കളിയും എല്ലാം മാഞ്ഞു തുടങ്ങി. പിന്നെപ്പിന്നെ കാണുന്നവരോടും എല്ലാത്തിനോടും അവൾക്ക് ദേഷ്യമായി. സഹതാപം കാണിക്കാൻ ആരും വരണ്ടെന്നു പറഞ്ഞ് അവൾ നിലവിളിച്ചത് ഞാൻ ഇന്നുമോർക്കുന്നു”. അയാളൊന്ന് നെടുവീർപ്പിട്ടു. ആ.. ഡ്യൂട്ടി ടൈമായി പിന്നെക്കാണാം. "ഡോക്ടർ, ഒരു മിനിറ്റ്, ഇപ്പോൾ ആ കുട്ടിക്ക് എങ്ങനെയുണ്ട്?" "ഷീ ഈസ് ഫൈൻ. ബോധം വീണിട്ടുണ്ട്. റൂമിലേക്ക് മാറ്റി”. അപ്പോഴാണ് മരുന്നുമായി സാലി അവിടേയ്ക്കെത്തിയത്. " അജൂ, ഷീ ഈസ് ഓക്കെ ?" ആ കുട്ടിയുടെ ബന്ധുക്കളുടെ വിവരം എന്തെങ്കിലും കിട്ടിയോ ?” "സാലീ... അതു ഞാൻ പിന്നെ പറയാം. പൊതിച്ചോറു വിതരണം കഴിഞ്ഞോ? "ആ അതൊക്കെ കഴിഞ്ഞു. " അജൂ...സാലീ... നമുക്ക് പിന്നെ കാണാം. ഡോക്ടർ അതും പറഞ്ഞു നീങ്ങുമ്പോൾ അജു ഡോക്ടറെ വിളിച്ചു. " ഡോക്ടർ.. എനിക്ക് ആ കുട്ടിയെ ഒന്ന് കാണാൻ പറ്റുമോ?" "ലുക്ക് അജൂ.. ഞാൻ പറഞ്ഞില്ലേ അവൾ ആരുടെയും പ്രസൻസ് ആഗ്രഹിക്കുന്നില്ല. "ഡോക്ടർ പ്ലീസ്..... " "ഓക്കെ അജൂ.. അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് പറയാൻ പറ്റില്ല” "താങ്ക്യു ഡോക്ടർ.. ഐ വിൽ മാനേജ് ഇറ്റ്..” "ഓക്കെ അധികസമയം എടുക്കരുത്..” അതിന് ഒന്നു ചിരിച്ചു കൊടുത്ത് അജു സാലിയേയും ഡോക്ടറെയും നോക്കിക്കൊണ്ട് ഐസിയു വിന്റെ വാതിൽ തുറന്നു. അവിടെ കണ്ണുകളടച്ചു കിടക്കുന്ന സാറയെ അൽപനേരം നോക്കിനിന്നു. "സാറാ.. അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു. ക്ഷീണം ബാധിച്ച അവളുടെ കണ്ണുകൾ പതിയെ തുറന്നു. ഒരു അപരിചിതനെ കണ്ട മുഖഭാവത്തിനപ്പുറം ഒരു തരം വെറുപ്പ് അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് അവനറിഞ്ഞു. അവൾ ഒന്നും മിണ്ടാതിരിക്കുന്നതിനാൽ അവൻ ഒരിക്കൽ കൂടെ വിളിച്ചു. " സാറാ.." "എന്തുവേണം".. ഒരു താല്പര്യവും ഇല്ലാത്ത രീതിയിൽ അവൾ അവനോട് ചോദിച്ചു. യഥാർത്ഥത്തിൽ എന്ത് പറയണം എന്ന് അവന് അറിയില്ലായിരുന്നു. " ഞാൻ..."ഞാൻ തന്നെ ഒന്ന് കാണാൻ.. "എനിക്ക് ആരെയും കാണേണ്ട. സിസ്റ്റർ ഇയാളോട് പുറത്തുപോകാൻ പറയൂ.. സാറ ഒരു ഭ്രാന്തിയെപ്പോലെ അലറി വിളിച്ചു. അജു അതൊരു അത്ഭുതത്തോടെ നോക്കിനിന്നു. അപ്പോഴേക്കും ഒരു സിസ്റ്റർ അവിടെ എത്തി അജുവിനെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. " സർ പ്ലീസ്, ഒന്നു പുറത്തു പോകൂ." അജുവിനെ ഐ സി യുവിന്റെ പുറത്താക്കി ആ സിസ്റ്റർ പോയി. സാലിയേയും കൂട്ടി വീട്ടിലേക്ക് തിരിക്കുമ്പോൾ അജുവിന്റെ മനസ്സിൽ സാറയുടെ മുഖമായിരുന്നു. സാ ലിയുടെ പലചോദ്യങ്ങളും അജു കേൾക്കുന്നുണ്ടായിരുന്നില്ല. അന്ന് ഉറങ്ങാൻ കിടക്കുമ്പോഴും അവൾ എന്തിനെന്നില്ലാതെ അവന്റെ ഉള്ളിൽ വന്നു പോയിക്കൊണ്ടിരുന്നു.. പിറ്റേ ദിവസം ഉമ്മയുടെ കട്ടൻ കാപ്പിക്ക് കാത്തു നിൽക്കാതെ അവൻ ബൈക്കുമെടുത്ത് ഇറങ്ങി. ഡോ. സാമുവൽ എന്ന പേരെഴുതി വെച്ച ഗേറ്റിനു മുന്നിൽ അവന്റെ ബൈക്ക് നിന്നു. കോളിംഗ് ബെൽ അമർത്തുമ്പോൾ അവന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ. സാറ,അവളെ പറ്റി കൂടുതൽ അറിയണം. ഡോക്ടർ വാതിൽ തുറന്നു. " അജൂ.. താൻ എന്താ ഇത്ര രാവിലെ ? കയറി വാ.. " ഒന്ന് ചിരിച്ചൂ കൊടൂത്ത് അകത്തൂ കയറി ഇരൂന്നൂ. " അല്ല... ആരാ ഇത് അജുവോ ? എത്രയായി കണ്ടിട്ട്.. ?" ഒരു കുശലാന്വേഷണത്തോടെ ഡോക്ടറുടെ ഭാര്യ മേരിയും അവിടെ എത്തി. അവർക്ക് ഒന്നു ചിരിച്ചു കൊടുത്ത് അജു ഡോക്ടറെ നോക്കി. "ഡോക്ടർ...ഞാൻ വന്നത്........ " " സാറയെ പറ്റി കൂടുതൽ അറിയണം അല്ലേ..? " ഒരു ചിരിയോടെ ഡോക്ടർ അവനോട് ചോദിച്ചു.അത്ഭുതത്തോടെ അജു ഡോക്ടറെ നോക്കി. " അതെങ്ങനെ? അപ്പോഴേക്കും മേരി ചായയുമായി എത്തിയിരുന്നു. അത് അജുവിനു കൊടുത്ത് അവൾ അകത്തേക്ക് പോയി. ഡോക്ടർ ഒരു ചിരിയോടെ തുടർന്നു. "സാറ ... മിടുക്കിയായിരുന്നു അവൾ. നന്നായി എഴുതും. നമുക്ക് നിസാരമായി തോന്നുന്ന പാഴ് വസ്തുക്കളെപ്പോലും എത്ര മനോഹരമായാണവൾ വർണിക്കുന്നത് ....! മാത്യു സാറിന്റെ കൂടെ ഇടയ്ക്കൊക്കെ അവൾ ഇവിടെ വരാറുണ്ട്. ഡോക്ടർ അതും പറഞ്ഞ് അകത്തേക്ക് പോയി. ഒരു പൊതിയുമായി തിരിച്ചു വന്നു. ആ പൊതി അയാൾ അജുവിനു നീട്ടി. അവൻ അതു വാങ്ങി തുറന്നു നോക്കി. കൂട്ടിൽ നിന്നു പുറത്തേക്കു പറക്കുന്ന പറവകളുടെ മനോഹരമായ ചിത്രമായിരുന്നു അത്. "ഈ ചിത്രം എന്റെ പിറന്നാളിന് സാറ സമ്മാനിച്ചതാണ്. അവൾ നന്നായി വരയ്‍ക്കും." അജു കൗതുകത്തോടെ ആ ചിത്രത്തിലേക്കു തന്നെ നോക്കി. ആ ചിത്രത്തിനു താഴെ 'വിത്ത് ലൗ ജെനി' എന്ന് എഴുതിയിരിക്കുന്നത് അവൻ കണ്ടു. "ഈ ജെനി " ... ഒരു സംശയത്തോടെ അജു ഡോക്ടറെ നോക്കി.സാറയെ അവളുടെ അച്ഛനും അമ്മയും ജെനി എന്നാണ് വിളിക്കുന്നത്. ആ പേര് അവൾക്ക് ഒത്തിരി ഇഷ്ടമാണ്. ഇനി നിനക്കവളെപ്പറ്റി എന്തെങ്കിലും അറിയണം എന്നുണ്ടോ ? അവൻ വേണ്ടെന്നു തലയാട്ടി. "എന്നാ ഞാൻ ഇറങ്ങുവാണ് .ആ... ഡോക്ടർ ..,ഞാൻ ഈ ചിത്രം എടുത്തോട്ടെ?" അതിന് ഡോക്ടർ ഒന്ന് ചിരിച്ചു തലയാട്ടി. അജൂ, താൻ സാറയെ കാണാൻ പോവുകയാണോ ..? താൻ കണ്ടതല്ലേ ഇന്നലത്തെ അവളുടെ പെരുമാറ്റം? ഇന്നും.....? "ഡോക്ടർ.., അവളുടെ ഉള്ളിൽ ഒരു കലാകാരിയുണ്ട്. ഇപ്പോഴത്തെ അവളുടെ മാനസികാവസ്ഥ മാറ്റിയെടുക്കാൻ കഴിഞ്ഞാൽ ...... ഡോക്ടർ ഒന്നു ചിരിച്ചു. എന്നാ ശരി ഡോക്ടർ. അവൻ നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു. സാറയുടെ മുറി കണ്ടുപിടിച്ച് തുറക്കുമ്പോൾ അവനൽപ്പം ഭീതി തോന്നി. വാതിൽ തുറന്ന് അവൻ ജനൽ വഴി പുറത്തേക്ക് നോക്കിയിരിക്കുന്ന സാറയെ പയ്യെ വിളിച്ചു. "സാറാ.." അവൾ തിരിഞ്ഞു നോക്കി. അവനെ കണ്ടതും അവളുടെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. " തന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് തന്നെ കാണാൻ താത്പര്യം ഇല്ലായെന്ന് . അവൾ ബഹളം വെക്കാൻ തുടങ്ങിയപ്പോൾ അവൻ പയ്യെ വിളിച്ചു. ജെനീ ... അതു കേട്ടതും അവൾ ഒന്നു ശാന്തയായി. ഒരദ്ഭുതത്തോടെ അവനെ നോക്കി. അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. ജെനീ .. അവൻ ഒരിക്കൽക്കൂടി വിളിച്ചു. അതു കേട്ടതും ഒരേങ്ങലോടെ അവൾ കട്ടിലിലേക്ക് ഇരുന്നു. ദിവസങ്ങൾ കടന്നുപോയി. അജുവിന്റെയും സാറയുടേയും സൗഹൃദം പൂവിടുകയായിരുന്നു. അജു ഹോസ്പിറ്റലിലെ സ്ഥിരം സന്ദർശകനായി. അജുവിന്റെ സാന്നിധ്യം സാറയെ പഴയ ജെനിയിലേക്ക് എത്തിക്കുന്നത് നിറഞ്ഞ പുഞ്ചിരിയോടെ സാമുവൽ ഡോക്ടർ കണ്ടുനിന്നു. ഒരു ദിവസം ഡോക്ടറുടെ അനുവാദത്തോടെ അജു സാറയെ മരുന്നിന്റെ രൂക്ഷ ഗന്ധം നിറഞ്ഞുനിൽക്കുന്ന ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. 'പാലിയേറ്റീവ് കെയർ സെന്റർ' എന്നു പേരെഴുതി വച്ച ഗെയ്റ്റിനു മുമ്പിൽ ഇറങ്ങുമ്പോൾ സാറ അജുവിനെ നോക്കി. അവൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു. ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി. ഒരിക്കൽ ജെനിയെ കാണാൻ സാമുവൽ ഡോക്ടർ പാലിയേറ്റീവ് കെയർ സെന്ററിലെത്തി.. അയാളെ വരവേറ്റത് അവിടുത്തെ ചുമരുകളിൽ നിറഞ്ഞു നിൽക്കുന്ന പെയ്‍ന്റിങ്ങുകളായിരുന്നു ... ഓരോ ചിത്രവും ഡോക്‌ടർ തൊട്ടും തഴുകുമ്പോൾ അവയുടെ താഴെ ജെനി എന്ന മുദ്ര മായാതെ കിടന്നു. ഡോക്ടർ ആ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോഴാണ് ഒരു കൈ സാമുവൽ ഡോക്ടറിന്റെ ചുമലിൽ പതിഞ്ഞത്. അജൂ .... നിറഞ്ഞ പുഞ്ചിരിയോടെ അജു ഡോക്ടറെ നോക്കി. "സാറ ... അവളെവിടെ ? അജു ഡോക്ടറെ ഒരു പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മൂലയിലേക്ക് അവൻ ചൂണ്ടുവിരൽ നീട്ടി. ബാല്യവും യുവത്വവും വാർദ്ധക്യവും ഒന്നായ ഒരു പറ്റം ആളുകൾക്കിടയിൽ ചിരിച്ചു കളിക്കുന്ന സാറയെ ഡോക്ടർ കൗതുകത്തോടെ നോക്കി നിന്നു . "അജൂ, തനിക്കിതെങ്ങനെ... ?" അജു അതിനൊന്ന് ചിരിച്ചു. "ഡോക്‌ടർ ആ ഇരിക്കുന്നവരെ കണ്ടോ ? ജെനിയെക്കാൾ വേദനയനുഭവിക്കുന്നവരാണവർ. ആറു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ അറുപതു വയസ്സുള്ള വൃദ്ധർ വരെയുണ്ടിവിടെ. ഞാനവൾക്ക് ഇവരെ കാണിച്ചുകൊടുത്തു. ഓരോ നേരവും വിധിയോടു പോരാടുന്ന ഇവരാണ് അവളെ മാറ്റിയെടുത്തത്. ഡോക്ടർക്ക് ജെനിയുടെ പുതിയ പുസ്തകം കാണണ്ടേ?" അവൻ ഒരു പുസ്തകം നീട്ടി. അയാൾ അതിന്റെ പുറംചട്ടയിൽ എഴുതി വച്ചത് വായിച്ചു. അതിജീവനം സാറാ മാത്യു
|