ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

നമ്മൾ അതിജീവിക്കും

കേരളം ഇതേ വരെ കാണാത്ത അല്ലെങ്കിൽ ലോകം ഇതുവരെ നേരിടാത്ത ഒരു മഹാമാരിയാണ് ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് . ലോകം ഇതേവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധികൂടിയാണ് ഇത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ഉത്ഭവിച്ച ഈ വൈറസ് ലോക രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. പല വികസിത രാജ്യങ്ങളും ഇതിനു മുന്നിൽ മുട്ടുകുത്തി. അമേരിക്കയും മറ്റും അതിന് ഉദാഹരണമാണ്. 2-3% ആണ് ഇതിന്റെ മരണനിരക്ക് എങ്കിലും വളരെ വേഗത്തിലാണ് ഇതു പടർന്നുപിടിക്കുന്നത് എന്നതാണ് വെല്ലുവിളി ഉയർത്തുന്നത്. അതുകൊണ്ടുതന്നെ ലോകം മൊത്തം ഒറ്റക്കെട്ടായി ഇതിനു നേരെ പോരാടുകയാണ്. അതിന്റെ ഭാഗമായാണ് നമ്മുടെ രാജ്യത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
                   ഇതിനോടകം തന്നെ 23 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് ലക്ഷത്തോളം പേർ രോഗ വിമുക്തരായി. ഒന്നര ലക്ഷത്തിലധികം പേർ മരണത്തിന് കീഴടങ്ങി. ചൈന തുടങ്ങിയ രാജ്യങ്ങളിൽ ലോക്ക്ഡൗൺ മൂലമാണ് ഈ രോഗത്തെ ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിച്ചത്. അതേ മാർഗം തന്നെയാണ് നമ്മുടെ രാജ്യവും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആളുകൾ പുറത്തിറങ്ങുന്നതിനും എല്ലാം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പലതിനും നിയന്ത്രണങ്ങളും. ഈ ലോക്ക്ഡൗൺ മൂലം ജനങ്ങൾ പല കാര്യങ്ങളും ചെയ്യാൻ പറ്റാതെ ഇരിക്കുകയാണ്. എന്നാലും ഈ ഒരു മാറിനിൽക്കൽ നമ്മുടെ സമൂഹത്തിനും രാജ്യത്തിനും ഈ മഹാമാരിയെ അകറ്റാൻ അല്ലെങ്കിൽ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ആവശ്യമാണെങ്കിൽ അത് നമുക്ക് ചെയ്തുകൂടെ? നമ്മുടെ സുരക്ഷയ്ക്കും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് ഗവൺമെന്റും മറ്റും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നോർക്കണം. നമ്മൾ ഈ ഒരു അകലം പാലിച്ചാൽ പലരുടെയും മുഖത്തെ പുഞ്ചിരി നിലനിർത്താൻ സാധിക്കും.
                      രാപ്പകലില്ലാതെ ആശുപത്രികളിലും റോഡുകളിലും മറ്റും എത്രയോ ഉദ്യോഗസ്ഥർ തന്റെ ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്നു. എത്രയോ പേർ ഈ രോഗത്തിന് ഇരകളാവുന്നു. അതോർക്കുമ്പോൾ ഇപ്പോൾ നാം പാലിക്കുന്ന ഈ അകലം അവരുടെ ത്യാഗത്തിന്റെ അത്ര വരുമോ? ലോകം ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് IMF(International monetary fund) പറഞ്ഞിട്ടുണ്ട്. അത്രയും ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ് ഈ കൊറോണ. സ്കൂൾ അടച്ചു, ആഘോഷങ്ങൾ നിർത്തലാക്കി, വിഷുവും ഈസ്റ്ററും എല്ലാം വീടുകളിൽ ഒതുക്കി. അങ്ങനെ ഇപ്പോൾ നാം പലതും സഹിക്കുന്നുണ്ട്. പക്ഷേ, ഈ ഒരു തവണ ഇതെല്ലാം സഹിച്ചാൽ അടുത്ത കൊല്ലം ഇതിനേക്കാൾ വിപുലമായി നമുക്ക് ആഘോഷിക്കാം. ഗവൺമെന്റും മറ്റും ലോക്ക്ഡൗൺ കർശനമാക്കാൻ പല നടപടികളും നടപ്പിലാക്കുന്നുണ്ട്. ഇവയെല്ലാം പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറിച്ച് അതെല്ലാം ലംഘിച്ചാൽ നമ്മുടെ രാജ്യത്തോടും പ്രിയപ്പെട്ടവരോടും ചെയ്യുന്ന ഏറ്റവും വലിയ അനീതിയായി അത് മാറും.
                          നമ്മുടെ രാജ്യം വളരെ ചെറുതാണ്, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം. എന്നാലും നാം എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം. അതിന് നാം എല്ലാവരും ഇപ്പോൾ ഉള്ള നിയമങ്ങളും മറ്റും പാലിച്ചേ മതിയാവൂ. കോടാനുകോടി ജനങ്ങൾ ജീവിക്കുന്ന ഈ രാജ്യത്ത് അത് പാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന് ഓർക്കണം.
             എന്നാലും, ചിലയിടങ്ങളിൽ ചിലരെങ്കിലും ഈ നിയമങ്ങൾ ലംഘിക്കുന്നു എന്നത് നമ്മളെ വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ്. വീടുകളിൽ ഇരിക്കുന്നത് വെറും കുറച്ചു നാളുകൾ മാത്രമാണ്, കുറേ പേരുടെ സന്തോഷത്തിന്. രാജ്യത്തിന് പുറത്തും നമ്മുടെ സഹോദരന്മാരായ സുഹൃത്തുക്കൾ ഈ ലോക്ക്ഡൗൺ മൂലം പ്രയാസം അനുഭവിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ദേശീയ വരുമാനത്തിന് സംഭാവന നൽകുന്നവരാണ് അവർ. എല്ലാവരും വിഷമിക്കുകയും പ്രയാസം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ ഗവൺമെന്റും മറ്റും ചേർന്ന് പല ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് കമ്മ്യൂണിറ്റി കിച്ചൻ നടപ്പിലാക്കുന്നു. എല്ലാവർക്കും റേഷൻ വിതരണം ചെയ്യുന്നു. എല്ലാം നമ്മുടെ ഐക്യം കാണിക്കുന്നു. കൊറോണയ്ക്ക് ഒരു മരുന്ന് കണ്ടുപിടിക്കാത്തതിനാൽ തന്നെ നാം മുൻകരുതലുകൾ എടുത്തേ മതിയാകൂ. കൃത്യമായ ഇടവേളകളിൽ സാനിറ്റെസെർ ഉപയോഗിച്ച് കൈ കഴുകിയും, സാമൂഹിക അകലം പാലിച്ചും, ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചുമെല്ലാം ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം. പ്രളയം, നിപ്പ തുടങ്ങിയ മഹാമാരികളിലൊന്നിലും തളരാത്ത നമുക്ക് ഈ മഹാമാരിയേയും നേരിടാൻ സാധിക്കും. ഇവ ലംഘിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുകയും ചെയ്യാം. പൊതു ഗതാഗതവും മറ്റും നിർത്തലാക്കിയത് നമ്മുടെ സുരക്ഷ മുൻനിർത്തി കൊണ്ടാണ്.
                 എന്നാലും, ചിലർ ഇത് മനസ്സിലാക്കാതെ നിയമങ്ങൾ ലംഘിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ 1000 ത്തിൽ അധികം കേസുകൾ ലോക്ക്ഡൗൺ നിയമലംഘനങ്ങൾ മൂലം
 ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം നിയമം ലംഘിക്കുന്നവർ ഓർക്കണം, നാം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ അപകടത്തിൽ ആക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരെ തന്നെയാണ് എന്ന് . നമ്മൾ പരസ്പരം സഹായിച്ചും, സ്നേഹിച്ചും ഈ ദിനങ്ങൾ ജീവിക്കണം. കൂടാതെ, ധാരാളം പേർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അവർ ഓർക്കണം സാമൂഹിക അകലം പാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വം പാലിക്കേണ്ടതും.
                   ഓർക്കുക, ഈ ദിനങ്ങളിൽ നാം പാലിക്കുന്ന നിയമങ്ങൾ നമ്മുടെ സുരക്ഷയ്ക്ക് തന്നെയാണ്. വലിയവനും, ചെറിയവനും എന്ന വ്യത്യാസമില്ലാതെ പലരും ഇപ്പോൾ ധാരാളം നല്ല പ്രവർത്തനങ്ങൾ ചെയ്തുവരുന്നു... ഇതേപോലെ, നമ്മളെ കൊണ്ട് ആവുന്ന സഹായങ്ങൾ നമുക്കും ചെയ്യാം.... കൂടാതെ, ഈ മഹാമാരിയുടെ കാലത്ത് രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയും, സർക്കാർ ഉദ്യോഗസ്ഥരെയും, നിയമ പാലകരെയും ഓർക്കാം. കൂടാതെ, കൊറോണ കാരണം ജീവൻ നഷ്ടമായവരെയും..... " നമ്മൾ ഒന്നാണ്, നമുക്ക് കൊറോണയെ മറികടക്കാൻ സാധിക്കും"...ഈ ശുഭചിന്ത നമ്മളിൽ ഉണ്ടാകണം... സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പകലിനായി നമുക്ക് പ്രാർത്ഥിക്കാം.... പോരാടാം....നമ്മൾ അതിജീവിക്കും, നമ്മൾ ഒന്നാണ്.......

ARCHANA.P. A
9 B ജി.എച്ച്.എസ്.ബെമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം