ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/സൂത്രം പൊളിഞ്ഞു
സൂത്രം പൊളിഞ്ഞു
തീറ്റ തേടി അലയുകയായിരുന്നു സൂത്രൻ കുറുക്കൻ.അപ്പോളാണ് അവനതു കണ്ടത് കാട്ടിൽ നിന്നെത്തിയ ഒരാന മുന്നിലൂടെ നടന്നു വരുന്നു നല്ല തലയെടുപ്പുണ്ട് .കണ്ടിട്ടധികം പ്രായം തോന്നുന്നില്ല."ഹായ് ആനച്ചേട്ടാ ചേട്ടന് നല്ല തലയെടുപ്പുണ്ടല്ലോ കാണാൻ സുന്ദരനുമാണ് ചേട്ടനെന്താ കാടു വിട്ടു പോകുന്നത് "സൂത്രൻ ചോദിച്ചു ."എന്ത് പറയാനാ കുറുക്കച്ചാരെ കരിമ്പ് തിന്ന കാലം മറന്നു നാട്ടിലെവിടെയെങ്കിലും കരിമ്പിൻ തോട്ടമുണ്ടോന്നു നോക്കാൻ കാടുവിട്ടതാ "ആന സൗമ്യനായി പറഞ്ഞു.നല്ല തടിയുണ്ട് ആനയിറച്ചി തിന്നാൻ വളരെ രസമായിരിക്കും ഇവനെ വകവരുത്തിയാൽ വളരെ നാളുകൾ സുഭിക്ഷമായി കഴിയാം.ഇല്ലിമുളം കാട്ടിലെ ഉഗ്രൻ സിംഹത്തിന്റെ അരികിലേക്ക് ഏതുവിധേനെയും ഇവനെ എത്തിക്കണം.ഇറച്ചി പങ്കിടുന്ന കാര്യം ഉഗ്രനുമായി പറഞ്ഞുറപ്പിക്കണം എന്ന് ചിന്തിച്ചുകൊണ്ട് സ്നേഹം വഴിയുന്ന സ്വരത്തിൽ ആനയോടു പറഞ്ഞു ആനച്ചേട്ടാ നല്ലൊരു കരിമ്പിൻ തോട്ടം എനിക്കറിയാം ചേട്ടനെ ഞാനവിടെ കൊണ്ടുപോകാം .ഇതാ ഇപ്പോൾ തന്നെ പുറപ്പെടാം കരിമ്പിൻ തണ്ടുകൾ കടിച്ചു തിന്നാൻ എനിക്ക് കൊതിയായി ആന കുറുക്കനെ നോക്കി പറഞ്ഞു .എന്റെ ആനച്ചേട്ടാ കരിമ്പിൻ തോട്ടം അല്പമകലെയാണ് ഞാൻ മാളത്തിൽ പോയി കുറുക്കത്തിയോട് വിവരം പറഞ്ഞു വരാം കുറുക്കൻ ആനയെ അവിടെ നിർത്തി നേരെ ഉഗ്രൻ സിംഹത്തിനടുത്തേക്ക് പോയി. "ചേട്ടാ ഒരു സന്തോഷ വാർത്ത അറിയിക്കാനുണ്ട് പുഴക്കരയുള്ള കരിമ്പിൻ തോട്ടത്തിൽ ചേട്ടൻ എത്തിച്ചേരുക ഞാനൊരു ആനയെ സൂത്രത്തിൽ അവിടെ എത്തിക്കാം പിന്നൊരു കാര്യം ആനയിറച്ചിയിൽ പകുതി എനിക്ക് കിട്ടണം സ്ഥലം എത്താറാവുമ്പോൾ ഞാൻ ഉച്ചത്തിൽ ഒാളിയിടും ആ നിമിഷം ചേട്ടൻ അവിടെ ചാടി വീഴണം" കുറുക്കൻ സിംഹത്തോടു പറഞ്ഞു ."ആനയിറച്ചി തിന്നാൻ കൊതിയാവുന്നു ഞാനിതാ പുറപ്പെടുകയായി ഇറച്ചി നമുക്ക് രണ്ടാൾക്കുമായി പങ്കിടാം വേഗം"എന്ന് പറഞ്ഞു കൊണ്ട് സിംഹം ഒരു മൂളിപ്പാട്ടും പാടി കരിമ്പിൻകാട് ലക്ഷ്യമാക്കി നടന്നു. ആന തുമ്പിക്കൈ കൊണ്ട് ഓരോരോ വിനോദങ്ങൾ കാട്ടി കുറുക്കന് വേണ്ടി അവിടെ കാത്തുനിൽക്കുമ്പോൾ പെട്ടെന്നൊരു ചിന്ത അവന്റെ മനസിലേക്ക് കടന്നു വന്നു.കുറുക്കൻ പറഞ്ഞ വിധം കാര്യം നടന്നാൽ കൊള്ളാം പക്ഷെ അവൻ സൂത്രശാലിയല്ലേ അവനെ കണ്ണടച്ച് വിശ്വസിക്കുന്നത് ആപത്തു ക്ഷണിച്ചു വരുത്തിയേക്കാം ഇനിയുള്ള എന്റെ ഓരോ ചുവടും വളരെ സൂക്ഷ്മതയോടെ ആവണം. ആ സമയം കുറുക്കൻ മടങ്ങിയെത്തി അവർ കരിമ്പിൻതോട്ടം ലക്ഷ്യമാക്കി നടന്നു.ഏറെ ദൂരം യാത്ര ചെയ്തു ഒടുവിലവർ പുഴക്കര എത്തിച്ചേർന്നു.കുറുക്കൻ ആനയോടു പറഞ്ഞു ചേട്ടാ കരിമ്പിൻ തോട്ടത്തിലെത്താൻ ഇനി അധികദൂരം ബാക്കിയില്ല ഇടക്കൊന്നു ഓരിയിടാതിരിക്കാൻ എനിക്കാവില്ല ചേട്ടന് ബുദ്ധിമുട്ടൊന്നും തോന്നരുത്.കുറുക്കൻ ഉച്ചത്തിൽ ഓരിയിട്ടു.ആ നിമിഷം പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന സിംഹം ആനക്ക് മുന്നിൽ ചാടിവീണു. ഇവന്റെ വാക്കുകൾ വിശ്വസിച്ച ഞാനൊരു വിഡ്ഢിയാണ് എന്തായാലും ഇവനെ ഒരു പാഠം പഠിപ്പിക്കുക തന്നെ വേണം എന്ന് ചിന്തിച്ചുകൊണ്ട് ഒരു നിമിഷം പോലും കളയാതെ ആന കുറുക്കനെ തന്റെ തുമ്പിക്കയ്യിൽ കോരിയെടുത്തു പുഴയിലേക്കെറിഞ്ഞു .അടുത്ത നിമിഷം ആന പുഴയിലേക്കെടുത്തുചാടി. പുഴയിലൂടെ നീന്തി മറയുന്ന ആനയെ കൊതിയോടെ നോക്കി നിന്ന ശേഷം സിംഹം നിരാശയോടെ വന്ന വഴി മടങ്ങി.പുഴയിലൂടെ മുങ്ങിയും പൊങ്ങിയും കൈകാലിട്ടടിച്ചും ഒഴുക്കുമായി മല്ലിടുന്ന കുറുക്കനോടായി ആന വിളിച്ചു പറഞ്ഞു നീ എന്നെ ആപത്തിൽ ചാടിക്കാൻ നോക്കി ഒടുവിൽ നീ തന്നെ ആപത്തിൽപ്പെട്ടതു കണ്ടില്ലേ ഇവിടുന്നു രക്ഷപ്പെടാനായാൽ അത് നിന്റെ ഭാഗ്യം എന്ന് കരുതിയാൽ മതി. പിന്നൊരു കാര്യം ഇനിയെങ്കിലും ആരെയും കബളിപ്പിക്കാതെ കഴിയാൻ നോക്ക്.ആന അക്കരെക്കു നീന്തി കരയിൽ കയറി വീണ്ടും കരിമ്പുതേടി യാത്ര തുടർന്നു
|