കണ്ണവം യു പി എസ്/അക്ഷരവൃക്ഷം/രചനയുടെ പേര്
പരിസ്ഥിതി പ്രശ്നങ്ങൾ
പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ ആലോചനയില്ലാത്ത പ്രവൃത്തികളാണ് പരിസ്ഥിതിയെ നാശത്തിലെത്തിക്കുന്നത്. മരവും മണ്ണും പ്രകൃതി വിഭവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യപ്പെടുന്നു. ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയെ താറുമാറാക്കി വരൾച്ചയും അതിവൃഷ്ടിയുമുണ്ടാക്കുന്നു. ആവശ്യമായ സന്ദർഭങ്ങളിൽ ജലം ലഭിക്കാതെ കൃഷിരീതിയാകെ താളം തെറ്റി. വയലു നികത്തിയും കുന്നു നിരപ്പാക്കിയും നടത്തിയ വികസനങ്ങൾ നമ്മുടെ തന്നെ നാശത്തിനിടയാക്കിയിരിക്കുന്നു. പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള അനിയന്ത്രിതമായ മണൽവാരൽ മൂലം പുഴകളുടെ തീരങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണ് എന്ന സത്യം നാം കണ്ടില്ലെന്നു നടിക്കുന്നു. അനധികൃതമായ മണ്ണെടുക്കൽ മൂലം കേരളത്തിലെ പുഴകളെല്ലാം വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. നമ്മുടെ ജല സബത്ത് അതിവിദഗ്ദ്ധമായി ചൂഷണം ചെയ്യുകയാണ്. പണത്തിനു വേണ്ടി മരം മുറിച്ചുകടത്തിയവർ കുടിവെള്ളത്തിനായി കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. വരാനിരിക്കുന്ന യുദ്ധം ശുദ്ധജലത്തിനു വേണ്ടി ആയിരിക്കും എന്ന നിരീക്ഷണം ഓർമിച്ചിരിക്കുന്നത് നല്ലതാണ്. പരിസ്ഥിതിയെ ഹനിക്കുന്ന മറ്റൊരു ഘടകമാണ് മലിനീകരണം. വ്യവസായശാലകളിലെ പുക, ദ്രവ, ഖര, മാലിന്യങ്ങൾ എന്നിവ അന്തരീക്ഷത്തെയും മണ്ണിനെയും ജലത്തെയും മലിനമാക്കുന്നു.എൻഡോസൾഫാൻ പോലുള്ള മാരകമായ കീടനാശിനികൾ വിള സംരക്ഷണമല്ല പ്രകൃതി സംഹാരമാണ് നടത്തുന്നത്. കീടനാശിനി പ്രയോഗത്തിലൂടെ ഉപദ്രവകാരികളായ കീടങ്ങൾ മാത്രമല്ല ഉപകാരികളും കൂടി ചത്തൊടുങ്ങുന്നു. ഒപ്പം മനുഷ്യനും അതിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടി വരും. മണ്ണിൽ അലിയാത്ത പ്ലാസ്റ്റിക്ക് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാലിന്യമാണ്. വായുവും വെള്ളവും മണ്ണും മലിനമാക്കിയിട്ട് ജീവിക്കാമെന്ന് വ്യാമോഹിക്കുകയാണ് ലാഭക്കൊതി മൂത്ത ആധുനിക മനുഷ്യർ. വരും തലമുറയുടെ നിലനിൽപ്പ് അവർ പരിഗണിക്കുന്നില്ല. മനുഷ്യൻ പരിസ്ഥിതിയുടെ ഭാഗമാണെന്നും ചുറ്റുമുള്ള പ്രകൃതിയെ നശിപ്പിച്ചിട്ട് മനുഷ്യന് മാത്രമായി നിലനില്ക്കാനാവില്ലെന്നുമുള്ള തിരിച്ചറിവ്. പരിസ്ഥിതി സ്നേഹത്തിൻ്റെ അടിസ്ഥാന തത്ത്വമാണ്. പ്രകൃതി വിഭവങ്ങളെ ശ്രദ്ധാപൂർവ്വം സൂക്ഷിച്ച് ഉപയോഗിക്കുക..
|