ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാർഡാം/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
സമയം കൃത്യം 9 മണി ചൈനയിലെ ഓഫീസ് സംബന്ധമായ യാത്ര പൂർത്തിയാക്കി നാട്ടിലേയ്ക്കുള്ള മടക്കയാത്രക്കായി അഭിലാഷ് വിമാനത്താവളത്തിൽ എത്തി. 5 ദിവസത്തെ പരിപാടി ആയിരുന്നു ചൈന യാത്ര . പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ അഭിലാഷിന് തിരിച്ചു പോകേണ്ടി വന്നു. ചൈനയിൽ ഏതോ ഒരു വൈറസ് രോഗം പടർന്നു പിടിക്കുന്നുണ്ട്. അതിന്റെ ഭാഗമായി തന്റെ മീറ്റിങ്ങും ഒഴിവാക്കപ്പെട്ടു. പക്ഷേ അഭിലാഷിന്റെ മനസ്സിൽ മറ്റൊരു ചിന്ത ആയിരുന്നു, ചൈന ഒന്നു കാണണം. അത് അഭിലാഷ് മനസ്സിൽ ഉറപ്പിച്ചു. രാവിലെ തന്നെ ഒരു ടാക്സി പിടിച്ചു. എന്നിട്ട് ചൈനയുടെ പല ഭാഗങ്ങളും കണ്ടു നടന്നു. ആൾത്തിരക്ക് വളരെ കുറവായിരുന്നു. പക്ഷേ അഭിലാഷ് പല വ്യക്തികളെയും കണ്ട് സംസാരിച്ചു, പുതിയ പുതിയ സ്ഥലങ്ങളെപ്പറ്റി മനസ്സിലാക്കി. അതു കൂടാതെ തന്നെ സഹായത്തിനായി ചൈനയെ പറ്റി കൂടുതൽ അറിയാവുന്ന, എല്ലാ സ്ഥലങ്ങളെയും പറ്റി നല്ല വിവരമുള്ള "ബാവോ ജം" എന്ന ഒരു ഗൈഡിനെയും കൂടെ കൂട്ടി. അയാൾ നല്ല. രീതിയിൽ ചൈനയിലെ സ്ഥലങ്ങളെപ്പറ്റി അഭിലാഷിനെ പറഞ്ഞു മനസ്സിലാക്കി. കാറിൽ യാത്ര ചെയ്യുന്ന സമയത്തു തന്നെ ബാവോ ചൈനയിൽ പടർന്നു പിടിക്കുന്ന വൈറസ് രോഗത്തെ പറ്റി പറയുന്നുണ്ടായിരുന്നു. വൈസ്സിന്റെ പേര് കൊറോണ ആണെന്നും രോഗം വളരെ വേഗത്തിൽ തന്നെ പകരുന്നതാണെന്നും ബാവോ പറയുന്നുണ്ടായിരുന്നു. അത് കേട്ട ഉടൻ അഭിലാഷ് പറഞ്ഞു: നമുക്ക് അതിൽ വലിയ പ്രശ്നം ഒന്നും ഉണ്ടാകില്ല. നമ്മൾ രോഗമുള്ളവരുമായി ഒന്നും ഇടപെടാൻ പോകുന്നില്ലല്ലോ പിന്നെ എന്താണ് പ്രശ്നം എന്ന് പറഞ്ഞ് വളരെ നിസ്സാരമാക്കി ആ രോഗത്തെ തള്ളിക്കളഞ്ഞ് യാത്രയിൽ മുഴുകി. ബാവോ സ്ഥലങ്ങളെക്കുറിച്ച് വീണ്ടും പറഞ്ഞ് തുടങ്ങി. പക്ഷേ ,ആ സമയത്തു തന്നെ അയാൾ നല്ല രീതിയിൽ ചുമയ്ക്കുന്നുണ്ടായിരുന്നു. അഭിലാഷ് ബാവോ യോട് ചോദിച്ചു : എന്താ സുഖമില്ലേ, പനിയാണോ? ബാവോ പറഞ്ഞു: അതെ, രണ്ടു മൂന്ന് ദിവസ്സമായി തുടങ്ങിയിട്ട് . പിന്നെ ഒരു ദിവസം ജോലിക്ക് ഇറങ്ങിയില്ല എങ്കിൽ കുടംബം പട്ടിണിയാകും. ഞാൻ മരുന്നു കഴിക്കുന്നുണ്ട് , കുറഞ്ഞോളും എന്ന് പറഞ്ഞ് യാത്ര തുടർന്നു. പിന്നീട് യാത്രകളൊക്കെ അവസാനിപ്പിച്ച് ഒൻപത് മണിയോടു കൂടി അവർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു . കാറിനുള്ളിൽ വച്ചു തന്നെ അഭിലാഷ് ബാവോയ്ക്ക് പണം നൽകി. എന്നിട്ട് ഒരു 500 രൂപ കൂടി നൽകി. എന്നിട്ട് പറഞ്ഞു: വളരെ നല്ലൊരു ദിവസ്സമായിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയും നല്ലൊരു ദിവസം സമ്മാനിച്ചത് താങ്കൾ ആണ് ബാവോ. വളരെ നന്ദി. അസുഖം കുറയുന്നില്ല എങ്കിൽ നാളെത്തന്നെ ആശുപത്രിയിൽ പോകണം. ഇത്രയും പറഞ്ഞ് ഷേക്ക് ഹാന്റും നൽകി അവർ പിരിഞ്ഞു. 11 മണിക്കാണ് ഫ്ലൈറ്റ്. അഭിലാഷ് വിമാനത്താവളത്തിനുള്ളിലേയ്ക്ക് നടന്നു. 10 മണിക്ക് check in കഴിഞ്ഞു. 11 മണി ആകാറായപ്പോൾ അഭിലാഷ് വിമാനത്തിനുള്ളിൽ കയറി. മധ്യത്തിലായിരുന്നു അഭിലാഷിൻ്റെ സീറ്റ് . അടുത്ത സീറ്റിൽ ഒരു മലയാളി ആയിരുന്നു. സഹയാത്രികനുമായി വിശേഷങ്ങൾ പങ്കുവെച്ചു. രാവിലെ 5 മണിക്ക് വിമാനം കൊച്ചിയിൽ എത്തി. അവിടെ നിന്നും ഒരു ടാക്സിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി. 7 മണിക്ക് ആയിരുന്നു അടുത്ത ട്രെയിൻ. ട്രെയിനിൽ നല്ല തിരക്കുണ്ടായിരുന്നു. 9 മണിയോടെ ട്രെയിൻ അഭിലാഷിൻ്റെ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ഒരു ഓട്ടോയിൽ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ അഭിലാഷ് വിശേഷങ്ങൾ അമ്മയോടു പറഞ്ഞു കൊണ്ട് ടിവി ഓൺ ചെയ്തു. ചൈനയിൽ കൊറോണ വൈറസിൻ്റെ വ്യാപനത്തെക്കുറിച്ചും അത് കേരളത്തിലും റിപ്പോർട്ട് ചെയ്തു എന്നു മുള്ള വാർത്തയായിരുന്നു. വിദേശത്തു നിന്നും വന്നവർക്കാണ് രോഗ സാധ്യത കൂടുതൽ എന്നും പറയുന്നു. തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ അഭിലാഷ് ഇതൊന്നും കാര്യമാക്കിയില്ല. സുഹൃത്തുക്കളോടൊപ്പം ചുറ്റി നടന്നു. ആഘോഷങ്ങളിൽ പങ്കെടുത്തു. ഇതേ സമയം ഇന്ത്യയിലും കേരളത്തിലും കൊറോണ രോഗം രൂക്ഷമായി പടർന്നു. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ ഒന്നും തന്നെ അഭിലാഷ് കാര്യമാക്കിയില്ല. ലോക്ക് ഡൗണിലും സുഹൃത്തുക്കളോടൊപ്പം കൂടി . 14 ദിനങ്ങൾ കടന്നു പോയി. അഭിലാഷിന് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ അവൻ്റെ സുഹൃത്തിന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ചു. ടെസ്റ്റുകൾ നടത്തിയപ്പോൾ കൊറോണ ആണെന്ന് മനസ്സിലായി. രോഗം എവിടെ നിന്നാണ് കിട്ടിയതെന്ന് ആർക്കും മനസിലായില്ല. പിന്നീട് മറ്റൊരു സുഹൃത്തിനും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അഭിലാഷ് വീട്ടിൽ തന്നെയിരിപ്പായി. അടുത്ത ദിവസം തൻ്റെ അമ്മയ്ക്കും രോഗലക്ഷണങ്ങൾ വന്നു തുടങ്ങി. ഇതേ സമയം തൻ്റെ സുഹൃത്ത് ബാവോ ഈ രോഗം ബാധിച്ച് മരിച്ച വിവരം അഭിലാഷ് അറിഞ്ഞു. അപ്പോൾ മാത്രമാണ് തന്നിൽ നിന്നായിരിക്കും ഈ രോഗം തൻ്റെ സുഹൃത്തുക്കൾക്കും അമ്മയ്ക്കും കിട്ടിയത് എന്ന "തിരിച്ചറിവ് " അഭിലാഷിനുണ്ടായത്. രോഗലക്ഷണങ്ങൾ ഒന്നും അപ്പോഴും അഭിലാഷിനില്ലായിരുന്നു. വൈകിയാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി അവൻ ആശുപത്രിയിൽ പോയി പരിശോധിച്ചു. ഫലം പോസിറ്റീവ് ആയിരുന്നു. അങ്ങനെ തൻ്റെ ശരീരത്തിലും കൊറോണ വൈറസ് എത്തി എന്ന് അവൻ മനസ്സിലാക്കി. തൻ്റെ അശ്രദ്ധ കൊണ്ട്, ജാഗ്രതക്കുറവ് കൊണ്ട്, വിവേകശൂന്യമായ പെരുമാറ്റം കൊണ്ട് തൻ്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കും അസുഖം വന്നത് അവനെ വല്ലാതെ വിഷമിപ്പിച്ചു. സർക്കാർ നൽകിയ സുരക്ഷാ നിർദേശങ്ങൾ ഒന്നും പാലിക്കാതെ വിവേകമില്ലാതെ പ്രവർത്തിച്ചതിൻ്റെ പരിണിത ഫലമാണ് തനിക്ക് കിട്ടിയതെന്ന് അവൻ തിരിച്ചറിഞ്ഞു. അഭിലാഷ് ഇപ്പോൾ ചികിത്സയിലാണ്. ഡോക്ടർമാരുടെ നിർദേശമനുസരിച്ചാണ് ഇപ്പോഴത്തെ ജീവിതം. ചികിത്സയിലായിരുന്ന ഒരു സുഹൃത്ത് രോഗവിമുക്തനായ വിവരം അവൻ അറിഞ്ഞു. അത് അവനിൽ പ്രതീക്ഷ ഉണർത്തി. പക്ഷേ അഭിലാഷിൻ്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ദിവസങ്ങൾ കടന്നു പോയി. കേരളത്തിലെ സ്ഥിതി പതിയെ മാറി വരുന്നു. അഭിലാഷിൻ്റെ സുഹൃത്തുക്കളും അമ്മയും രോഗവിമുക്തരായി വീട്ടിൽ തിരികെയെത്തി. വിവരമറിഞ്ഞ് അഭിലാഷ് സന്തോഷിച്ചു. താനും ഇതുപോലെ ഒരു ദിവസം രോഗവിമുക്തനാകും എന്ന ശുഭപ്രതീക്ഷയിൽ അവൻ ദിവസങ്ങൾ എണ്ണിയെണ്ണിക്കഴിഞ്ഞു. അഭിലാഷിൻ്റെ തിരിച്ചു വരവും കാത്ത് പ്രാർത്ഥനയോടെ അവൻ്റെ കുടുംബവും സുഹൃത്തുക്കളും കാത്തിരുന്നു... പ്രതീക്ഷയോടെ.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |