സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/അക്ഷരവൃക്ഷം/വേനൽത്തുമ്പി

07:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽത്തുമ്പി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽത്തുമ്പി

രാവിലെ അമ്മയുടെ മൊബൈലിൽ അലാറം അടിക്കുന്നതുകേട്ടാണ് ഉറക്കത്തിൽനിന്ന് ഞെട്ടിയുണ‍ർന്നത്. രാത്രിമുഴുവനും ഉറങ്ങാതെകിടന്ന് എപ്പോഴാണ് കണ്ണൊന്നടഞ്ഞത് എന്നവനോർമ്മയില്ല. ഇന്ന് തിങ്കളാഴ്ച്ച ആണല്ലോ. എത്രപെട്ടെന്നാ അവധിദിവസങ്ങൾ കടന്നുപോയത്. വീണ്ടും സ്കൂളിലേക്ക് പോകണമല്ലോ എന്നോർത്തപ്പോൾ അവന് കരയാനാണ് തോന്നിയത്. അവന് ഏറേയിഷ്ടമാണ് സ്കൂളും അവന്റെ അദ്ധ്യാപകരും. പക്ഷേ ക്ലാസിലെ കൂട്ടുകാർ , ഒരിക്കലും അവരാരും അവനോട് സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. അവനെ അവരോടൊപ്പം കളിക്കാൻ കൂട്ടുമായിരുന്നില്ല. അതിനേക്കുറിച്ചോർത്തപ്പോൾ അവന്റെ ഇടനെഞ്ച് പിടഞ്ഞു. എന്താണ് എന്നെമാത്രം ആർക്കും ഇഷ്ടമാവാത്തത്, എന്നോടുമാത്രം കൂട്ടുകൂടാത്തത് ? ഞാനെന്തുതെറ്റാണ് ചെയ്തത്? അതോർക്കുമ്പോഴേക്കും അവന്റെ കവിളുകൾ കണ്ണീർച്ചാലുകളായി. അവന് പഠിക്കാനിഷ്ടമല്ലാതായി. അമ്മയുടെ വഴക്കുകേട്ട് മതിയാവുമ്പോഴാണ് പുസ്തകം ഒന്ന് കൈയ്യിലെടുക്കുക. അപ്പോഴേക്കും അവന്റെയുള്ളിൽ ഓരോരോ ചിന്തകൾ മലവെള്ളംപോലെ വന്നുമറിയും. അമ്മയുടെ വഴക്കിനേക്കാൾ അവനെ അരിശം പിടിപ്പിക്കുക ചേട്ടന്റെ കളിയാക്കലുകളാണ്. ചേട്ടൻ നന്നായിപ്പഠിക്കും. അതിന്റെ അഹങ്കാരമാണ്. അവനോർത്തു. ചേട്ടനെ എല്ലാവർക്കും എന്തുകാര്യമാണ്. ചേട്ടൻ എന്തു കാണിച്ചാലും അമ്മയ്ക്കും അച്ഛനും ഒരു പ്രശ്നവുമില്ല. പക്ഷേ എല്ലാവരും എന്നോടുമാത്രമെന്താ ഇങ്ങനെ?


ഇങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് കിടക്കയിൽത്തന്നെ കിടക്കുമ്പോഴാണ് ഇടിപൊട്ടുന്നശബ്ദത്തിൽ അമ്മയുടെ അലർച്ചകേട്ടത്. "ഓ.. സ്കൂളിൽപ്പോകാൻ വൈകി.. ഇനിയെന്താ ചെയ്യുക?” പേടിച്ചുവിറച്ച രാഹുൽ കിടക്കയിൽനിന്ന് ചാടിയെണീറ്റു.എന്തൊക്കെയോ കാട്ടിക്കൂട്ടി ഭക്ഷണംപോലും കഴിക്കാതെ അവൻ വീട്ടിൽ നിന്നുമിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവനൊരുകാര്യം ചിന്തിച്ചുറപ്പിച്ചിരുന്നു. ഇനിസ്കൂളിലേക്കില്ല, വീട്ടിലേക്കും. എല്ലാരും തന്നെക്കാണാതെ വിഷമിക്കുമോ എന്നൊന്ന് അറിയണമല്ലോ. അവൻ ആദ്യംവന്ന ബസ്സിൽത്തന്നെ കയറി. അവസാനത്തെസ്റ്റോപ്പിന്റെ പേരും കണ്ടക്ടറോട് പറഞ്ഞ് ജനലരികിലെ സീറ്റിലിരുന്നു. തനിക്കുപിറകിൽ തന്റെ നാട് ഓടിയകലുന്നത് അവൻ ആവേശത്തോടെ കണ്ടു. താനിനി ഒരിക്കലും ഈ നശിച്ച നാട്ടിലേക്ക് തിരിച്ച് വരില്ല. അപ്പോഴേക്കും ബസ് അവന്റെ സ്കൂൾ പിന്നിട്ടിരുന്നു. ചെറിയൊരുപേടി അവനെ പിടിമുറുക്കി. പക്ഷേ അവൻ രണ്ടും കല്പിച്ചുതന്നെയായിരുന്നു. യാത്രയിലുടനീളം താനൊരു പാഴ്ജന്മമാണെന്നവനോർത്തു. ബസ്സിനേക്കാൾ വേഗത്തിൽക്കുതിക്കുന്ന അവന്റെ ചിന്തകൾമാത്രമാണ് അവന് കൂട്ട്. ബസ് അപ്പോഴേക്കും അവസാനത്തെ സ്റ്റോപ്പിലെത്തിയിരുന്നു. അവൻ ചാടിയെണീറ്റ് ബസ്സിൽനിന്നുമിറങ്ങി. കണ്ടക്ടറുടെ സംശയത്തോടെയുള്ള നോട്ടം അവൻ കണ്ടതായി ഭാവിച്ചില്ല. ബസ്സിറങ്ങി എങ്ങോട്ടെന്നില്ലാതെ അവൻ നടന്നു. കുറച്ചുദൂരം നടന്നപ്പോഴേക്കും കാലുകൾ തളരുന്നതായി അവനുതോന്നി. വീട്ടിൽനിന്നുമിറങ്ങുമ്പോൾ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്നു തുടങ്ങിയിരുന്നു. എന്നാലും വല്ലാത്തൊരു വാശിയായിരുന്നു അവന് , തന്നെകളിയാക്കിയവരേക്കൊണ്ടൊക്കെ മറിച്ചു പറയിപ്പിക്കണമെന്ന്. അവൻ നേരേ മുന്നിൽക്കണ്ടമരത്തിന്റെ തണലിലേക്ക് നടന്നു. അതിന്റെ ചുവട്ടിൽ അല്പനേരം ഇരിക്കാമെന്ന് അവൻ കരുതി. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും അവൻ മയങ്ങിപ്പോയിരുന്നു.


"മോനേ എണീക്ക് " എന്ന സൗമ്യമൃദുലമായശബ്ദംകേട്ട് അവൻ കണ്ണുതുറന്നു. തന്നെ ഇത്രയും സ്നേഹത്തോടെ മോനേ എന്നു വിളിച്ചതാരാണ്? ആരിൽനിന്നൊക്കെയോ എത്രയോ വട്ടം കേൾക്കാനാഗ്രഹിച്ചതാണ് ഇങ്ങനെയൊരുവിളി. അവൻ എഴുന്നേറ്റിരുന്നു. ആ അപരിചിതൻ അവനോട് കാര്യങ്ങളൊക്കെ അന്വേഷിച്ചു. ആദ്യമായാണ് തന്നോടൊരാൾ ഇത്രയും ക്ഷമയോടെ, സ്നേഹത്തോടെ സംസാരിക്കുന്നത്. അവൻ താനനുഭവിച്ച വേദനകളും ഒറ്റപ്പെടലുമൊക്കെ അയാളോടുപറഞ്ഞു. എല്ലാം കേട്ടുകഴി‍ഞ്ഞ ആ അപരിചിതൻ അവനെ ആശ്വസിപ്പിച്ചു. വീട്ടിൽനിന്നും ഒറ്റയ്ക്ക് ഇറങ്ങിപ്പോയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അച്ഛനുമമ്മയും അദ്ധ്യാപകരും ശാസിക്കുന്നത് ഒരിക്കലും ദ്വേഷ്യംകൊണ്ടോ ഇഷ്ടക്കുറവുകൊണ്ടോ അല്ലെന്നും എല്ലാം അവന്റെ നന്മയ്ക്കുവേണ്ടിയാണെന്നും പറ‍ഞ്ഞുകൊടുത്തപ്പോൾ അവന്റെ മനസ്സിന്റെ സങ്കടങ്ങളൊക്കെ മാറി സമാധാനമായി. താനിന്നുമുതൽ മറ്റുകാര്യങ്ങളൊന്നും മനസ്സിൽക്കൊണ്ടുനടക്കുകയില്ലെന്നും പഠിപ്പിൽമാത്രം ശ്രദ്ധിച്ചുകൊണ്ട് തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കുമെന്നും അവൻ മനസ്സിൽക്കുറിച്ചു. എന്നിട്ട് ആ അപരിചിതനോട് യാത്രയും പറ‍ഞ്ഞ് സ്കൂളിലേക്കുള്ള ബസ്സ് വരുന്നതും കാത്ത് അവിടെത്തന്നെ നിന്നു.

ദത്താത്രേയൻ രാജേഷ് പടിക്കൽ
9 H സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ