മാനവമധ്യത്തിൽ പെട്ടെന്നൊരു ദിനം പൊട്ടിമുളച്ചതാണീ മഹാവ്യാധി , ലക്ഷത്തിനപ്പുറം മാനവരാശിയെ കൊന്നൊടുക്കി കൊണ്ടുറഞ്ഞുതുള്ളി. എവിടെ തിരിഞ്ഞാലുമുറ്റവർതന്നുടെ അലമുറയല്ലാതെ കേൾപ്പതില്ല, ആധിയും വ്യാധിയുമൂഴിയുടെ തന്നെ സ്വസ്ഥത തല്ലിക്കെടുത്തിടുന്നു. വേരോടെ പിഴുതെറിഞ്ഞീടുവാനായിതാ പല ജാതിമാനവർ പണിപ്പെടുന്നു, വേഷങ്ങൾ പേരുകൾ ജോലികൾ മാറിലും മണ്ണിൻ ദേവദൂതരല്ലോയിവർ. ദേവനുറങ്ങുന്നുവെങ്കിലും മർത്യനാം ദേവദൂതന്മാരിവർ തെല്ലുറങ്ങാതെ, മാനവരാശിയെ കൈ പിടിച്ചേറ്റുവാൻ രാപ്പകലില്ലാതലഞ്ഞിടുന്നു. ഒരുമയാണൈശ്വര്യമെങ്കിലും സോദരാ അകലാതെയകലം പാലിച്ചിടേണം, സ്നേഹവും, കരുതലും, വ്യക്തി ശുചിത്വവും ഈ മഹാമാരിയ്ക്കു മറു മരുന്നായ് നാളെയൊന്നാകുക വേണമെന്നാകിലോ ഇന്നൊന്നകലത്തിലാകവേണം, ഓർക്കുക സോദരാ ഉറ്റവർ തന്നുടെ രക്ഷയതും നിന്റെ കൈയിലല്ലോ !