എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

19:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനും പ്രകൃതിയും

പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റൊന്നിനും പകരം വയ്ക്കാനാവാത്തത്ര ആഴത്തിലുള്ള ബന്ധം.പക്ഷേ ആ പരിപാവനമായ ബന്ധത്തിന് ഇന്നുള്ള പ്രസക്തിയും പ്രാധാന്യവും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രകൃതി സത്യത്തെയും സന്തോഷത്തേയും വിശുദ്ധിയേയും ഒന്നിപ്പിക്കുന്നു. അനശ്വരമായ പ്രകൃതിയെക്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞത മാത്രമാണ് അസന്തുഷ്ടിയുടെ ഹേതു. മനുഷ്യന് പ്രകൃതി നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.പുരാതനകാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയുടെ അമൂല്യമായ സംഭാവനകളെ ഒരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യുന്നു. പ്രകൃതിയുടെ ഈ സമ്മാനങ്ങളെല്ലാം ഒരു നാൾ അപ്രത്യക്ഷമാകും എന്ന വസ്തുത മനുഷ്യൻ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.
കാലം മാറിയപ്പോൾ ഒപ്പം മാറിയ മനുഷ്യൻ അവന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കുന്നു. പരിസ്ഥിതിക്ക് പരിക്കേൽക്കുന്നു.ചുറ്റുപാടും കോൺക്രീറ്റ് പാകി പ്രകൃതിയേയും ഭൂമിയേയും ശ്വാസം മുട്ടിക്കുന്നു. മനുഷ്യന്റെ ബോധപൂർവ്വമുള്ള ഹീന പ്രവർത്തികൾ മൂലം പരിസ്ഥിതിയെ നാശത്തിലേക്ക് തള്ളി വിടുന്നു. പ്രകൃതിയുടെ സംരക്ഷണവലയം ആയ ഓസോൺപാളി ശോഷിച്ചു കൊണ്ടിരിക്കുന്നു, ഇത്ആഗോളതാപനം പോലുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. ഇവയെക്കുറിച്ചുള്ള വ്യക്തമായ അറിവും ധാരണയും ഉണ്ട് എങ്കിലും അവയെ കുറിച്ച് ചിന്തിച്ച് സമയം കളയാൻ താല്പര്യമില്ലാത്ത മനുഷ്യൻ തന്റെ നേട്ടത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള അടുത്ത വഴി അന്വേഷിക്കുന്നു.
പ്രകൃതിയുടെ വെല്ലുവിളികൾ നേരിടുന്നതിൽ മനുഷ്യൻ നേരിടുന്ന വിജയത്തെ മനുഷ്യന്റെ പുരോഗതിയുടെ മാനദണ്ഡമായി സ്വീകരിക്കാറുണ്ട് എന്നാൽ വ്യവസായത്തിന്റെയും സാങ്കേതികതയുടെയും രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വഫലങ്ങൾ പതുക്കെ പതുക്കെ പരിസ്ഥിതിയെ ബാധിക്കും. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതൊക്കെ അറിയാം എങ്കിലും കണ്ണടച്ച് ഇരുട്ടാക്കുന്ന മനുഷ്യൻ അവയൊന്നും ശ്രദ്ധിക്കുന്നില്ല. കൂടുതൽ കയ്യേറ്റങ്ങൾ തടയാനുള്ള വിശാലമനസ്കത പ്രകൃതി ഇല്ല എന്ന് നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു പതുക്കെ പറഞ്ഞാൽ ശ്രവിക്കാത്ത മനുഷ്യരോട് അവൾ ഉറക്കെ സംസാരിക്കും. പ്രകൃതിയുടെ ആ സംസാരം ആയിരിക്കും ഒരു പക്ഷെ പ്രളയം പോലുള്ള മഹാമാരിയായി കടന്നു വന്നത്.
പ്രളയത്തേക്കാൾ വലിയ ഒരു മഹാമാരി ആണ് നമ്മെ ബാധിച്ചിരിക്കുന്ന കോവിഡ് 19. കാട്ടുതീ പടരുന്നതിലും വേഗതയിൽ പടർന്നുപിടിച്ച് മനുഷ്യ ജീവനെടുക്കാൻ പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്നു കോവിഡ് 19.എല്ലാ ദുരന്തങ്ങളും മനുഷ്യരാശിക്ക് ഒട്ടേറെ അറിവും അനുഭവങ്ങളും സമ്മാനിച്ചാണ് കടന്നുപോയത്. കോവിഡ് 19 ന്റെ ഈ കാലഘട്ടവും മനുഷ്യനെ സുപ്രധാനമായ പാഠങ്ങൾ പഠിപ്പിക്കുകയാണ് അതിൽ ഏറ്റവും പ്രധാനമായത് വ്യക്തി ശുചിത്വം തന്നെ. വ്യക്തിശുചിത്വവും പരിസരശുചിത്വവും എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് എന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. അനേകം ജനങ്ങളുടെ ജീവനെടുത്ത കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കുന്നത് വ്യക്തിശുചിത്വം ആണ് എന്നത് നിസ്സാരകാര്യമല്ല. അധികാരത്തിനും സമ്പത്ത് സമൃദ്ധിക്കും വേണ്ടിയുള്ള ഭ്രാന്തമായ പാച്ചിലിനിടയിൽ പ്രകൃതിവിഭവങ്ങൾ വിപുലം ആണെങ്കിലും പരിമിതമാണെന്നു മനുഷ്യർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നത്തെ പ്രവണത തുടരാൻ അനുവദിച്ചാൽ ഭൂമിയിൽ ജീവന്റെ ഭാവി അപകടത്തിലാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രകൃതിയുടെ പഴയ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പവിത്രമായ ബന്ധം നിലനിർത്തുന്നതിനും വരും തലമുറയുടെ ഭാവി സുരക്ഷിതം ആക്കുന്നതിനും നമുക്ക് കൈകോർക്കാം,.. ഒരുമയോടെ പ്രത്യാശിക്കാം നല്ലൊരു നാളെക്കായി...,

ആർദ്ര ഷാജി
XI കൊമേഴ്സ് എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം