കാലടി വിദ്യാപീഠം യു. പി. സ്കൂളിന്റെ അക്ഷരവൃക്ഷം താളിലേയ്ക്ക് സ്വാഗതം. കുട്ടികളുടെ അവധിക്കാല സർഗ്ഗാത്മക രചനകൾ ഇവിടെ വായിക്കാം.

കഥ

ഒരു കല്ലിന്റെ കഥ

ഞാൻ വർഷങ്ങളായി കുന്നിന്റെ മുകളിലായിരുന്നു താമസിച്ചിരുന്നത്.. ഒരുപാട് വർഷം ഞാൻ ആ കുന്നിൻ മുകളിൽ വൃക്ഷങ്ങൾ ക്കിടയിലും, പക്ഷി മൃഗാദികൾക്കിടയിലും സ്വസ്ഥമായി ജീവിക്കുകയായിരുന്നു. മനുഷ്യർ ഓരോ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുമ്പോഴും എന്റെ കൂട്ടുകാരായ വൃക്ഷങ്ങൾ, എന്നെ വിട്ടു പിരിഞ്ഞു കൊണ്ടേയിരുന്നു. കൂട്ടത്തിൽ പക്ഷികൾക്കും, മൃഗങ്ങൾക്കും ഈ കുന്നിൻ മുകളിലെ താമസസ്ഥലം നഷ്ടമായതോടെ അവരും എന്നെ വിട്ടുപിരിഞ്ഞുപോയി. ഒടുവിൽ ആ കുന്നിനു മുകളിൽ ഞാൻ തനിച്ചായി. അങ്ങിനെ പകൽ സമയങ്ങളിൽ തനിച്ചാവുമ്പോഴും ഞാൻ എത്രെയും പെട്ടന്ന് രാത്രിയാകാൻ പ്രാർത്ഥിക്കുമായിരുന്നു.കാരണം എന്താണെന്നോ? പല രാത്രികളിലും ഞാൻ ഉറങ്ങാതെ മാനം നോക്കി അങ്ങിനെ കിടക്കും. ആകാശത്തുമിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളും, ചന്ദ്രനും ഉദിച്ചു നിൽക്കുമ്പോൾ പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ആ നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ ചന്ദ്രനുദിച്ചു നിൽക്കുന്ന പോലെ അവർക്കിടയിൽ എനിക്കും നിൽക്കാൻ കഴിഞ്ഞെങ്കിൽ...

അവിടെ മനുഷ്യരുടെ കടന്നു കയറ്റം ഉണ്ടാകില്ലല്ലോ. പക്ഷെ ഒരുനാൾ എന്റെ ജീവിതം മാറ്റിമറിച്ചു. കനത്ത ഇടിയും, മഴയും ഉള്ള ഒരു രാത്രിയിൽ എന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് ഞാനറിഞ്ഞു. ഞാൻ വസിക്കുന്ന കുന്നിന്റെ താഴ്‌വാരം മുഴുവൻ മണ്ണെടുത്തുകൊണ്ടുപോയിരിക്കുന്നു. കനത്ത മഴയിൽ കുന്നിന്റെ അടിവാരം മുഴുവൻ ഇടിഞ്ഞുകൊണ്ടിരുന്നു. കാലങ്ങളായി ഞാൻ വസിച്ചിരുന്ന കുന്നിനോടും വിടപറഞ്ഞുകൊണ്ട് അവിടെ നിന്നും താഴേക്ക്‌ ഉരുണ്ടുരുണ്ട് പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചു. നേരം പുലർന്നപ്പോൾ എനിക്കു ചുറ്റും പുതിയ അതിഥികളായ മീനുകളും, ഞണ്ടുകളും ഒക്കെയുള്ള പുതിയൊരു ലോകം.ആ പുഴയിൽ പുതിയ താമസക്കാരനായതിനാൽ എന്നെ കാണാൻ ഒരുപാട് അതിഥികൾ വന്നുകൊണ്ടിരുന്നു. വരുന്നവർ മുഴുവൻ എന്നെ ഇക്കിളിപെടുത്തിയും, എന്റെ പുറത്തുകയറിയും, പിന്നെ ചിലർ എനിക്കു ചുറ്റും അവരുടെ താമസസ്ഥലമാക്കിയും കുറെ പേർ ഉണ്ടായിരുന്നു. അങ്ങിനെ വീണ്ടും സന്തോഷത്തിന്റെ നാളുകളിൽ ജീവിക്കുകയായിരുന്നു. പക്ഷെ വിധി എനിക്കെതിരെ മറ്റൊരുരൂപത്തിൽ വേട്ടയാടാൻ തുടങ്ങി. പുഴയുടെ കുത്തൊഴുക്കു മൂലം എന്റെ ശരീരം പൊടിഞ്ഞു പോകാൻ തുടങ്ങി. എന്റെ മരണം ഞാൻ മുന്നിൽ കണ്ടുകൊണ്ടിരുന്നു. കുറച്ചുനാളുകൾക്കുശേഷം ഞാൻ അലിഞ്ഞലിഞ്ഞു മണൽതരികളായി മാറി. അപ്പോഴും ഞാൻ ആലോചിക്കുമായിരുന്നു എന്റെ പഴയകാലം. ഉരുണ്ട് നല്ല ഭംഗിയുള്ള കല്ലായിരുന്നു. എനിക്കിനി പഴയരൂപം തിരിച്ചുകിട്ടുമോ? ആലോചിക്കുമ്പോൾ എനിക്കു സങ്കടം വരുന്നു. എന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോകാൻ മനുഷ്യർ ആംബുലൻസുമായി വരുന്നതും കാത്ത് കിടക്കുകയാണ്. ഒടുവിൽ വേറൊരു ലോകത്ത് ഫ്ളാറ്റുകളായോ, പ്രതിമകളായോ ഏതെങ്കിലും ഒരു നഗരത്തിൽ രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഞാൻ നിൽക്കും. അടുത്തൊരു പ്രകൃതിദുരന്തത്തിനു കൂടി സാക്ഷിയാവാൻ.

പ്രണമി കെ. ആർ. ക്ലാസ്സ്‌: 5A

കവിത

ലേഖനം

പരിസ്ഥിതി

പലതരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളാണ് നാം ഇന്ന് നേരിടുന്നത്. ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നിവയാണ്. വർധിച്ചുവരുന്ന വാഹനപ്പെരുപ്പം അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുകയും ശബ്ദമലിനീകരണം നടത്തുകയും ചെയ്യുന്നു. നമ്മുടെനാട് ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. പൊതുസ്ഥലങ്ങളിലും, പുഴകളിലും, റോഡ് വക്കിലും എല്ലാം മാലിന്യങ്ങൾകൊണ്ട് മൂടിയിരിക്കുന്നു. വലിയ വ്യവസായ കമ്പനികളിൽ നിന്നും പുകയും മറ്റു മാലിന്യങ്ങളും പുറംതള്ളുമ്പോൾ വായുവും, ഇവിടുത്തെ ജലാശയങ്ങളും മലിനമാക്കപ്പെടുന്നു. മനുഷ്യരുടെ അമിതമായ രാസവളപ്രയോഗങ്ങളും, കീടനാശിനിപ്രയോഗവും നമ്മുടെ പരിസ്ഥിതിക്ക് വളരെയധികം കേടുപാടുകൾ സംഭവിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയും, കത്തിക്കുകയും ചെയ്യുന്നതുകൊണ്ട് മണ്ണിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുകയും, പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് അന്തരീക്ഷത്തിൽ ചൂടു വർദ്ധിക്കുന്നതിനുള്ള കാരണം മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് കൊണ്ടാണ്. ഇത് ഒഴിവാക്കണമെങ്കിൽ നാം പൊതു സ്ഥലങ്ങളിലും, വീട്ടുവളപ്പിലും ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക തന്നെ ചെയ്യണം. പുഴകളിൽ നിന്നും അമിതമായ മണലെടുപ്പിനെതിരെ ശക്തമായ പ്രതിരോധ നിര തന്നെ തീർക്കണം. ഇന്ന് പുഴകളും, കുന്നുകളും, വയലുകളും എല്ലാം മണ്ണുമാന്തി യന്ത്രങ്ങൾ തട്ടിനിരപ്പാക്കിക്കൊ ണ്ടിരിക്കുന്നു. മലിനീകരണം മൂലം നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നു. വായുമലിനീകരണം മൂലം ശ്വാസകോശ രോഗങ്ങളും, കാൻസർ പോലുള്ള മാരക രോഗങ്ങളും പിടിപെടുന്നു. മണ്ണെടുപ്പും, മരങ്ങളുടെ നശീകരണവും കൊണ്ട് പ്രകൃതിദുരന്തങ്ങൾ വരെ ഉണ്ടാകുന്നു. പരിസ്ഥിതിയെ നാം എത്രത്തോളം നശിപ്പിക്കുന്നുവോ അത്രത്തോളം നമുക്ക് അതിന്റെ ദോഷങ്ങൾ വന്നുചേരും. അതിനാൽ നാമോരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുക.

പ്രണമി. കെ. ർ 5A