എന്നിലെ എന്നെ തിരഞ്ഞു ഞാൻ ഒരു ദിനം മിന്നിമറഞ്ഞൊരായിരംചിരകാലസ്മരണകൾ ഓർമതൻ മഞ്ചലേറി ഞാനെൻ പൂർവ്വവിദ്യാലയ പടികൾ കടക്കവേ.. സാമോദമായെന്നെ വരവേൽക്കയായ് ഇളം കാറ്റിൽ ഉലയും ചെമ്പകപ്പൂക്കളും കുഞ്ഞിളംചുണ്ടിലേക്കാദ്യാക്ഷരമധുരം പകർന്ന എൻ പ്രിയ ഗുരുനാഥതൻ ചെറുപുഞ്ചിരിയാർന്നൊരു സുന്ദര വദനവും.. വിദ്യതൻ മുറ്റത്തെ അക്ഷരമുത്തുകൾ പെറുക്കിയിണക്കി കൊരുത്തതാം മാലകൾ അണിഞ്ഞൊരുങ്ങിയെൻ കളിത്തോഴിമാർ ഓടിച്ചെന്നു കെട്ടിപ്പുണരണമെന്നുള്ളിൽ തീരാത്ത കൊതിയാവോളമെങ്കിലും... ആവില്ല ഇവയൊന്നും എനിക്കിനി എന്നും ഞാൻ തിരിച്ചറിയുന്നിതാ ഇന്നിന്റെ വേഗവും.. എങ്കിലും പിന്നെയും മനം കൊതിച്ചിടുന്നിതാ ഒരുവട്ടം കൂടിയെൻ ബാല്യകാലം..... പിന്നെയും പിന്നെയും ആശിച്ചുപോകുന്നു തിരികെത്തരുമോ എൻ ബാല്യകാലം...