ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ സ്റ്റാറ്റസ്
ലോക്ക് ഡൗൺ സ്റ്റാറ്റസ്
വിശന്നു വലഞ്ഞു നടക്കുന്നവർക്കും അന്നം കൊണ്ടോടി നടക്കുന്നവർക്കും, റേഷൻ കടയിൽ തിക്കി തിരക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും, ടീച്ചറമ്മയ്ക്കും പിണറായി സഖാവിനും ലൈകും കമന്റും കൊടുത്ത് അമ്മയുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് നീണ്ടൊരു ഒരു ഏമ്പക്കം വിട്ടു. ലൂഡോ കളിക്കാനുള്ള ആളെ അന്വേഷിക്കുന്ന തിരക്കിലേക്ക് ഓടിമറഞ്ഞു. അപ്പോഴും ടിവിയിൽ കൊറോണയോട് മല്ലടിക്കുന്ന ഒരുപറ്റം ജനതയുടെ വാർത്തയുണ്ടാക്കുവാൻ മത്സരിക്കുന്ന വാർത്താചാനലുകൾ... അമ്മ കണ്ണൊന്നു തുടച്ചു കൊണ്ട് പറഞ്ഞു. എല്ലാ രാജ്യത്തും മരണസംഖ്യ കൂടുമ്പോഴും നമ്മുടെ കേരളത്തിൽ വാർദ്ധക്യം വന്നവർ പോലും അതിജീവിച്ച് വീട്ടിലേക്ക്! ഒരു ദീർഘനിശ്വാസത്തോടെ അമ്മ വീണ്ടും പറഞ്ഞു:" അതിജീവിക്കും നമ്മൾ! അനിർവചനീയമാം വിധം അതിജീവിക്കുക തന്നെ ചെയ്യും."
ലൂഡോ കളിയിൽ നിന്നും മെല്ലെ മുഖമുയർത്തി നല്ല വാക്കുകൾ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സ്റ്റാറ്റസ് ഇടാൻ വാട്സാപ്പിലേക്ക് കൈവിരലുകൾ ഓടുകയായിരുന്നു....
|