അറിവ് അനശ്വരമാണ്,അവ പകർന്നു നൽകുന്ന പാഠശാലകൾ അറിവിന്റെയും സംസ്കാരത്തിന്റെയും ഉറവിടങ്ങളുമാണ്. ഏതൊരു നാടിന്റെ കലാസാംസ്കാരിക ചരിത്രം പരിശോധിച്ചാലും ഏതെങ്കിലുമൊരു വിദ്യാലയത്തിന്റെ സവിശേഷ സ്വാധീനം അതിൽ പ്രകടമാകും. കുളത്തൂരിന്റെ ഏകദേശം എട്ടു പതിറ്റാണ്ടുകളുടെ കലാ സാംസ്കാരിക ചരിത്രം നോക്കിയാൽ നാഷണൽ സ്ക്കൂളിന്റെ പ്രകടമായ സ്വാധീനം അതിൽ നിറഞ്ഞുനിൽക്കുന്നതായി കാണാം.ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പ് ,വിദ്യയും വിദ്യാഭ്യാസവും സാർവത്രികമല്ലാതിരുന്ന കാലത്ത് 1927 ൽ ചെറുകര ചിറക്കൽ താച്ചു എഴുത്തച്ഛനാണ് നാഷണൽ സ്കൂൾ തുടങ്ങുന്നത്. മൂന്നാംതരംവരെയുള്ള എലമെന്ററി സ്കൂൾ. തുടക്കം മുതൽക്കുതന്നെ നാടിന്റെ വികസനത്തിലും ജനങ്ങളുടെ കൂട്ടായ്മയിലും വിദ്യാലയം ബദ്ധശ്രദ്ധ ചെലുത്തിയിരുന്നു. സ്കൂൾ തുടങ്ങി കുറച്ചു വർഷങ്ങൾക്കു ശേഷം താച്ചു എഴുത്തച്ഛനിൽ നിന്ന് വയമ്പറ്റവാരിയം സ്കൂൾ ഏറ്റെടുത്തു. ശ്രീമതി പത്മാവതി വാരസ്യാരായിരുന്നു അന്നത്തെ മാനേജർ.സ്കൂളിന്റെ പ്രശസ്തി നാൾക്കുനാൾ വർദ്ധിക്കുകയും നാടിനും,നാട്ടുകാർക്കും വിദ്യാലയത്തിന്റെ ഉയർച്ച അത്യാവശ്യമായി വരികയും ചെയ്ത സന്ദർഭത്തിൽ 1946 ൽ കൊളത്തൂർ നാഷണൽ എലമെന്ററി സ്കൂൾ നാഷണൽ യു.പി സ്കൂളായി ഉയർത്തി. സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ദാമോദരൻ മാസ്റ്റർക്കു പുറമേ, അഷ്ടമൂർത്തിമാസ്റ്റർ, നാരായണപിഷാരടി മാസ്റ്റർ,റോസാ ടീച്ചർ തുടങ്ങിയവരും ആ കാലഘട്ടത്തിലെ അധ്യാപകരായിരുന്നു. 1949 ൽ സർക്കാർ ഒരു ക്രാഫ്റ്റ് അധ്യാപക തസ്തികയ്ക്ക് അംഗീകാരം നൽകിയപ്പോൾ ആ തസ്തികയിലേക്ക് ശ്രീ. കെ. നാരയണൻ എഴുത്തച്ഛൻ മാസ്റ്ററും നിയമിതനായി. അക്കാലത്ത് ആർ. എൻ. കക്കാടായിരുന്നു സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ. 1951 ൽ അഷ്ടമൂർത്തി മാസ്റ്റർ സ്കൂളിന്റെ പ്രധാനാധ്യാപകനായി. ഇക്കാലത്ത് 11 അധ്യാപകരാണ് സ്കൂളിൽ ഉണ്ടായിരുന്നത്. മാധവൻ മാസ്റ്റർ, ചാമി മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ, ചിന്നക്കുട്ടൻ മാസ്റ്റർ മുതവായവർ അക്കാലത്തെ പ്രമുഖ അധ്യാപകർ ആയിരുന്നു. ഈ കാലഘട്ടങ്ങളിൽ സ്കൂൾ തലത്തിൽ നടന്നിരുന്ന പ്ലേറാലികളിൽ (ഇന്നത്തെ യുവജനോത്സവത്തിന്റെ ആദ്യ രൂപം) കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു.1954 ൽ സ്കൂൾ കേന്ദ്രീകരിച്ച് രൂപീകരിച്ച കൊളത്തൂർ കലാസമിതി  കൊളത്തൂരിന്റെ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. കൊളത്തൂർ കലാസമിതിയുടെ പ്രവർത്തനങ്ങൾ  സ്കൂളിനെ ജനഹൃദയങ്ങളിലെത്തിക്കാൻ കൂടുതൽ ഉപകരിച്ചു. സർക്കാർ ഉത്തരവിനനുസരിച്ച് ഒാരോ മാസത്തിലേയും മൂന്നാം ശനിയാഴ്ചകളിൽ സ്കൂളിൽ നടന്നിരുന്ന ശനിസഭ അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു പുറമെ സ്കൂൾ തല കലാകായിക പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ സ്കൂൾ അങ്കണം പലപ്പോഴും ജനകീയ കൂട്ടായ്മയ്ക്ക് വേദിയായി മാറി. സ്കൂൾ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ വയോജന വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു.സ്കൂൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങള്ൽ രാഷ്ട്രീയ,സാഹിത്യ,സാമൂഹിക രംഗങ്ങളിൽ നിന്നുളള പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു.കോഴിപ്പുറത്തു മാധവമേനോൻ, എ.വി.കുട്ടിമാളുഅമ്മ, എസ്.കെ.പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ,പി. കു‍‍ഞ്ഞിരാമൻ നായർ, കലാമണ്ഡലം ഹൈദരാലി,കു‍ഞ്ഞുണ്ണിമാഷ് മുതലായവർ സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ്. ഈ കാലഘട്ടത്തിൽ സ്കൂളിലെ അധ്യാപകരും ചേർന്ന് തയ്യാറാക്കിയ സാഹിത്യ കൃതികൾ അച്ചടിച്ച് വിതരണം ചെയ്തിരുന്നു.കാലത്തിന്റെ മാറ്റം സർവ്വമേഖലയിലും പ്രകടമായി.1960-ൽ പി.പി. ഉമ്മർകോയ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് നാഷണൽ യു.പി. സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തി. മനോമോഹന പണിക്കർ ആയിരുന്ന പ്രഥമ ഹെഡ്  മാസ്റ്റർ 1927-ൽ ഏകാധ്യാപിക വിദ്യാലയമായിരുന്ന നാഷണൽ സ്ക്കൂൾ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നാണ്. സ്കൂളിന്റെ ഉയർച്ചയിൽ അഹോരാത്രം പ്രവർത്തിച്ച ആ മഹാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി സ്കൂൾ  എെ.ടി. കെട്ടിടത്തിന് ശ്രീ. കെ.എസ്. ഉണ്ണി സ്മാരക എെ.ടി.സെന്റർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഹൈസ്കൂളിന്റെ കർമ്മം അന്നത്തെ ഒറ്റപ്പാലം ആർ.ഡി.ഒ ആയിരുന്ന പ്രശസ്ത സഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിപ്പുറത്ത് മാധവമേനോനാണ് നിർവ്വഹിച്ചത്.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷൊർണ്ണൂർ കെ.പി. ആർ.ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ. സി.കെ. മൻമോഹനപണിക്കരായിരുന്നു.കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരായ പൂർവ്വീകരും ,നവീനരായ അധ്യാപകരുടേയും,തങ്ങളുടെ കടമ നിറവേറ്റുന്നതിന് സകലവിധ സഹകരണവും നൽകിയ നാട്ടുകാരുടേയും ശ്രമങ്ങളാണ് നാഷണൽ സ്കൂളിന്റെ ഉയർച്ചക്കു പിന്നിൽ.രാഷ്ട്രീയ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 1927ൽ ഏകാധ്യാപക വിദ്യാലയമായിരുന്ന നാഷണൽ എലമെന്ററി സ്കൂൾ പടിപടിയായാണ് വളർന്നുവന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. ശ്രീ.ശകുന്തള വാരസ്യാരമ്മയുടെ മാനേജ്മെന്റിൽ 125 ൽ അധികം അധ്യാപകരും 2500ൽ അധികം കുട്ടികളുമുള്ള വലിയൊരു സ്കൂളാണ് ഇന്നുള്ളത്. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1995 ൽ നാഷണൽ എൽ.പി.സ്കൂൾ പുത്തില്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.2002 ൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു. 1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികളും ,പഠിപ്പിക്കുന്ന അധ്യാപകരും ഒറ്റകെട്ടായി ഏകാഭിപ്രായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്നതിനുള്ള കാരണം നാൾവഴികളുടെ പാരമ്പര്യം തന്നെയാണ്.
"https://schoolwiki.in/index.php?title=Nhs/history&oldid=512463" എന്ന താളിൽനിന്ന് ശേഖരിച്ചത്