ചരിത്രം

ഏറനാടിന്റെ തെക്കൻ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഒട്ടേറെ ബ്രാഹ്മണ കുടുംബങ്ങൾ അടുത്ത ബന്ധുക്കളുടെ ചതിപ്രയോഗത്താൽ വീടും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ട് സ്ഥലം വിടേണ്ടി വന്നു.അവർ ഈ പ്രദേശത്ത് എത്തി കാട് വെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കുകയും ചാലിയാറിന്റെ തീരത്ത് നരസിംഹമൂർത്തീ ക്ഷേത്രം പണിയുകയും അതിനു ചുറ്റും നാലുകെട്ടുകളും വീടുകളും പണിത് ഒരു പുതിയ ഗ്രാമം പടുത്തുയർത്തി. ഉഗ്രപ്രതാപിയായ നരസിംഹമൂർത്തിയുടെ ആസ്ഥാനമെന്ന നിലയിൽ ഉഗ്രപുരം എന്ന് നാമകരണവും ചെയ്യപ്പെട്ടു.മറിച്ച് ഉഗ്രസേനൻ എന്ന നാട്ടുരാജാവ് പ്രദേശം ഭരിച്ചിരുന്നു എന്നും ഉഗ്രപ്രതാപിയായ അദ്ദേഹത്തിന്റെ കാലശേഷം പ്രദേശത്തിന് ഉഗ്രപുരം എന്ന പേര് ലഭിച്ചു എന്ന അഭിപ്രായവും നിലനിൽക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ് ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു.

1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി. ഹൈസ്ക്കൂളിനായി മലബാർ ഡിസ്ട്രിക് ബോർഡിന് സമർപ്പിച്ച നിവേദനത്തിനു മറുപടിയായി അന്നത്തെ പ്രസിഡന്റ് ഭീമമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധിവച്ചു.ഇത് ആദ്യശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു. തുടർന്ന് പി.ടി.ഭാസകര പണിക്കർ പ്രസിഡൻറായി പുതിയ ബോർഡ് നിലവിൽ വരികയും അദ്ദേഹം അരീക്കോട് സന്ദർശിക്കുകയും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് യാതൊരു ഉപാധിയും കൂടാതെ സ്കൂൾ അനുവദിക്കുകയും ചെയ്തു. പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.