എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ചരിത്രം

22:44, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANILSR (സംവാദം | സംഭാവനകൾ) ('== ചരിത്രം == പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺക‍ുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺക‍ുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു . 1954- ൽ പ്രൈമറി സ്‌കൂളായി സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം 1957- ൽ ഹൈസ്‌കൂളായും 1998-ൽ ഹയർ സെക്കന്ററി ആയും വളർച്ചയുടെ പടവുകൾ താണ്ടി തലയുയർത്തി നിൽക്കുകയാണ് . സമീപ കുടിയേറ്റ പ്രദേശങ്ങളായിത്തീർന്ന മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി , പാണപിലാവ് , പമ്പാവാലി , ത‍ുലാപ്പിള്ളി , ഇടകടത്തി , ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി എന്നിവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതിരിവെട്ടം നല്കാൻ ഈ വിദ്യാലയമാണ് ഉപകരിച്ചത് . കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നോക്ക വർഗ്ഗക്കാരായ കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണിത് .ഈ സ്‌കൂൾ സ്ഥാപിക്കുന്നതിനായി ചുക്കാൻ പിടിച്ചത് SNDP- വെൺകുറിഞ്ഞി ശാഖയുടെ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ വി നാണു കളത്തിൽ ആയിരുന്നു . പിന്നീട് ശാഖാ പ്രവർത്തകർ ഈ സ്കൂൾ എസ് എൻ ഡി പി - യോഗത്തിനു കൈമാറി . ഇന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അവർകൾ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും പിന്തുണയും നൽകി വരുന്നു. ഇവിടെ നിന്ന് വിദ്യ നേടിയ അനേകം പൂർവ വിദ്യർത്ഥികൾ സാംസ്‌കാരിക ,രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. ക്രിയാത്മകമായി പ്രവർത്തിക്കുന്ന PTA-യും പൂർവ വിദ്യാർത്ഥി സംഘടനയ‍ും ഈ സ്‌കൂളിന്റെ മുതൽക്കൂട്ടാണ് . പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ പരമാവധി പ്രകടമാകത്തക്ക വിധത്തിൽ മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിക്കുന്നു. മലയോര മേഖലയിലെ പഠിതാക്കൾക്ക് താങ്ങും തണലുമായി പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെട‍ുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട്.