കൂത്താളി

  കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കൂത്താളി.

പഴയ കുറുമ്പ്രനാട് താലൂക്കിൽ വല്ലഭൻ ചാത്തൻ എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പിൽ നായരുടെയും, ഗോദെരാമൻ എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിൻ കീഴിൽ ഉൾപ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും, അതല്ലാ, “കൂത്ത്, ആളി” എന്നീ പദങ്ങളിൽ നിന്നു ആവിർഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ടെങ്കിലും “കൂത്താളി”യിൽ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര മണ്ഡലത്തിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂത്താളി ഗ്രാമഠ സ്ഥിതി ചെയ്യുന്നത്.

  • തെക്ക്‌ - പേരാമ്പ്ര, കായണ്ണ
  • വടക്ക് -ചങ്ങരോത്ത്
  • കിഴക്ക് - ചക്കിട്ടപ്പാറ
  • പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത്

വിദ്യാഭ്യാസ-സാംസ്കാരിക ചരിത്രം

വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ നാട്ടാശാന്മാരുടെ കീഴിലുള്ള കുടിപള്ളിക്കൂടങ്ങളും, അവയ്ക്കു പുറമേ ഏകാധ്യാപക വിദ്യാലയങ്ങളും, എലിമെന്ററി സ്കൂളുകളും ഉണ്ടായിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ കല്ലോട് ജി.എൽ.പി.സ്കൂൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏക ഹൈസ്കൂളായ കൂത്താളി ഹൈസ്കൂൾ സ്ഥാപിതമായത് 1983-ലാണ്. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി ട്യൂട്ടോറിയൽ കോളേജുകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ആരാധനാലയങ്ങൾ

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര - കുറ്റിയാടി റോഡിൽ കൂത്താളിയിലാണ് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്മോത്തപ്പൻ എന്നറിയപ്പെടുന്ന ഭഗവാൻ വിഷ്ണുവാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മലബാറിലെ പുരാതന കുറുമ്പ്രനാട്ടിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രം. കിഴക്കോട്ടാണ് കമ്മോത്തപ്പൻ്റെ ദർശനം. ശിവൻ, ഭഗവതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
  • കൂത്താളി എ യൂ പി എസ്

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ആരോഗ്യ കേന്ദ്രം
  • കൂത്താളി വില്ലേജ് ഓഫീസ്