സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024 - 25 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

എൽ എസ് എസ് വിജയി

2023-24 ലെ എൽ എസ് എസ് വിജയി വിഘ്നേഷ്.പി. അഭിനന്ദനങ്ങൾ മോനെ. പരീക്ഷയെഴുതി LSS കിട്ടാത്തവർ വിഷമിക്കേണ്ട. ഇനിയുള്ള അവസരത്തിൽ നമുക്കും മികച്ച വിജയം നേടാനാവും. ഒപ്പം വിജയത്തിലേക്ക് എത്തിച്ച അധ്യാപകർ, രക്ഷിതാക്കൾ, എല്ലാവർക്കും അഭിനന്ദനങ്ങൾ.

റിസൾട്ടും, പാഠപുസ്തക വിതരണവും

2,4 ക്ലാസുകളിലെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണവും, യൂണിഫോമും, റിസൾട്ടും മെയ് 2 ന് ആരംഭിച്ചു.

ജൂൺ 3 പ്രവേശനോത്സവം

2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി പുതുതായി ചാർജ് എടുത്ത സ്കൂൾ ഹെഡ്മാസ്റ്ററെ ശ്രീമതി പ്രീത ടീച്ചർ സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. സാലു സാറിൻ്റെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. ഹാദി അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഫെഡറിക് ഷാജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ, വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണം നൽകി. മുൻ അധ്യാപകൻ ശ്രീ.സുനിൽ സാർ,ബി. ആർ. സി. പ്രതിനിധി ലിജി ടീച്ചർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.അതിന് ശേഷം നവാഗതർ ദീപം തെളിയിച്ചു. പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചറിൻ്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് അഖില ടീച്ചർ, ബി.ആർ. സി. പ്രതിനിധി ലിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്കുള്ള ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും ആർജ്ജിച്ചെടുക്കാൻ കഴിയുന്ന രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു. പുതിയതായി ജോയിൻ ചെയ്ത അധ്യാപകരേയും സ്വാഗതം ചെയ്തു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടന്നു. കൂടാതെ ഹെഡ്മാസ്റ്റർ, ലോക്കൽ മാനേജർ, വാർഡ് മെമ്പർ, ബി.പി.സി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. അന്നേ ദിവസം തന്നെ കാർഷിക കൺവീനറായ ശ്രീമതി. സുപ്രഭ ടീച്ചറിൻ്റെ സാന്നിധ്യത്തിൽ കാർഷിക ക്ലബ് ഉദ്ഘാടനം ചെയ്തു.

ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം

നമ്മുടെ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് എത്ര പ്രധാനമാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുന്ന ഒരു ദിനം. "ഭക്ഷണ സുരക്ഷ" എന്ന പദം, മതിയായ പോഷകാഹാരവും ആരോഗ്യവും സംരക്ഷിക്കാൻ അനുവദിക്കുന്ന രീതിയിൽ ഭക്ഷണം സംഭരിക്കുകയും തയ്യാറാക്കുകയും കഴിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയെ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്ന കുഞ്ഞുങ്ങളുടെ പ്രീയപ്പെട്ട ഷൈനി ആൻ്റിയെ ഈ ദിനത്തിൽ സ്കൂളിലെ ഹെഡ്മാസ്റ്ററും,സഹ അധ്യാപകരും കുട്ടികളും ചേർന്ന് ആദരിച്ചു.

അബാക്കസ് ക്ലാസ്

നമ്മുടെ സ്കൂളിൽ അബാക്കസ് ക്ലാസ് ആരംഭിച്ചു. ബിസ്മാർട്ട് അബാക്കസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അബാക്കസ് ക്ലാസിന്റെ ഉദ്ഘാടനം 8/2/24 ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിച്ചു. 4 വയസ്സ് മുതൽ മുതൽ 10 വയസ്സ് വരെയുള്ള കുട്ടികളിലെ ബുദ്ധി വികാസം, ഓർമ്മശക്തി, ഗണിതത്തിനോടുള്ള താല്പര്യം, സ്വയം കാര്യശേഷി എന്നിവ വളർത്തിയെടുക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അവധി ദിവസങ്ങളിലാണ് ക്ലാസ് ഉണ്ടാകുന്നത്.

കളിപ്പാട്ടങ്ങളുടെ സ്വീകരണം

11/06/2024 ന് നമ്മുടെ കുഞ്ഞുങ്ങൾക്കായി ഡോ.ജയേഷ് തിരുമല സംഭാവന ചെയ്ത കളിപ്പാട്ടങ്ങളുടെ സ്വീകരണം നടന്നു. ഈ മഹനീയ വേദിയെ ധന്യമാക്കാൻ ലോക്കൽ മാനേജർ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡൻ്റ്, രക്ഷിതാക്കൾ, കുട്ടികൾ എല്ലാവരും ഒത്തുചേർന്നു.

പ്രഥമ പി.ടി.എ പൊതുയോഗം

ഓരോ വിദ്യാലയത്തിൻ്റെയും കരുത്ത് അവിടത്തെ മികവുറ്റ വിദ്യാർഥികളും, പി.ടി.എ ഭാരവാഹികളും മാനേജ്മെന്റും അധ്യാപകരും തന്നെയാണ്. 2024-25 അധ്യയന വർഷത്തിലെ പുതിയ പി.ടി.എ ഭാരവാഹികളെയും, മദർ പി.ടി.എ ഭാരവാഹികളെയും 2024 ജൂൺ 12 ചൊവ്വാഴ്ച്ച തെരഞ്ഞെടുത്തു.

പ്രസിഡൻറായി ശ്രീ. വിനോദ് സുശീലനെയും വൈസ് പ്രസിഡൻറായി ശ്രീ. ഷബീർ സുലൈമാനെയും, മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലികിനെയും,മദർ പി.ടി.എ വൈസ് പ്രസിഡൻറായി ശ്രീമതി.അനിതയെയും തെരഞ്ഞെടുത്തു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

അഭിനന്ദനങ്ങൾ....

പുതിയ പി.ടി.എ ഭാരവാഹികൾക്ക് സ്കൂളിന്റെ ഉന്നമനത്തിന് വേണ്ടി ഊർജ്ജസ്വലരാവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

റാബീസ് ബോധവത്ക്കരണ ക്ലാസ്

നമ്മുടെ സ്‌കൂളിൽ പേവിഷബാധ/റാബീസ് ബോധവത്ക്കരണ ക്ലാസ് 13/6/2024 ന് സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന പേ വിഷബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി. റെജി മാഡവും, സംഘവും പേവിഷബാധ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് പേവിഷബാധ അഥവാ റാബീസ്. റാബീസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം "ഭ്രാന്ത് " എന്നാണ്. പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആർ.എൻ.എ വൈറസ്സാണ്. ലിസ വൈറസ്സ് എന്നും ഇതിന് പേരുണ്ട്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നുവെന്ന് കുട്ടികൾക്ക് ക്ലാസിൽ പറയുകയുണ്ടായി. കൂടാതെ ഗുഡ് ടച്ച്/ബാഡ് ടച്ച് എന്താണെന്നും വിശദീകരിച്ചു. ഹെൽത്ത് കൺവീനർ നന്ദി പറഞ്ഞു.

പാഠം ഒന്ന് കൃഷി

നമ്മുടെ സ്കൂളിൽ ഇന്ന് കൃഷിയിലെ സംശയങ്ങൾ കുട്ടികൾക്ക് ദൂരീകരിക്കുവാനും, കൃഷിയിലെ വൈവിധ്യങ്ങളെ കുറിച്ചും, കൃഷിയുടെ ഘട്ടങ്ങളെ കുറിച്ചും, കൃഷി ഉപകരണങ്ങളെ കുറിച്ചും, പഴയതും പുതിയതുമായ കൃഷി ഉപകരണങ്ങളുടെ പ്രത്യേകതയും, വളപ്രയോഗങ്ങളും എല്ലാം തന്നെ വിശദീകരിക്കാൻ ആനിമേറ്ററായ ശ്രീമതി ഷീബ മാഡം, ശ്രീ.വത്സല ബാബു, കമ്മിഷൻ സെക്രട്ടറി ഫാദർ.ഷാജി എന്നിവർ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ. സാലു സാർ സ്വാഗതം ചെയ്തു. വളരെ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇതെന്ന് കുട്ടികളെല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. കാർഷിക ക്ലബ് കൺവീനർ ശ്രീമതി.സുപ്രഭ ടീച്ചർ നന്ദി പറയുകയും ചെയ്തു. ക്ലാസിന് ശേഷം കാർഷിക ക്ലബ് കൺവീനർ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തും, പച്ചക്കറി തൈകൾ നട്ടും മാതൃക കാട്ടി.

നമുക്ക് കളിച്ചു തുടങ്ങാം

നമ്മുടെ സ്കൂളിൽ ഈ വർഷം ബി സ്മാർട്ടിൻ്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനം ആരംഭിച്ചു. കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി മികച്ച കായിക താരങ്ങൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. കൂടാതെ കായിക പഠനത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിയാണ് ക്ലാസ്. ഏറെ ആവേശത്തോട് കൂടിയാണ് കായിക പരിശീലിനം വിദ്യാർത്ഥികൾ ഏറ്റെടുത്തത്...

സ്കൂൾ ഗ്രൗണ്ട് വരും ദിവസങ്ങളിൽ കൂടുതൽ തുടർ പരിശീലനങ്ങളിലൂടെ സജീവമാകുകയാണ്.

വായനദിനം 2024

അറിവിന്റെ ലോകത്തെ നോക്കി കാണാനുള്ള  ഉൾകാഴ്ചയാണ്  ഓരോ  വായനയും  സമ്മാനിക്കുന്നത്.

ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിലെ  അധ്യാപകരും  വിദ്യാർത്ഥികളും  ഇന്ന്  വായനാ ദിനം സമുചിതമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ അവർകളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ  വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഈ യോഗത്തിൽ മുഖ്യാതിഥിയായി എത്തി കുട്ടികളുമായി സംസാരിക്കുകയും, വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തത്, വായനയുടെ വളർത്തച്ഛൻ ശ്രീ.പി.എൻ.പണിക്കരുടെ മകൾ ബഹുമാന്യയായ ശ്രീമതി.സി.സുമംഗലാദേവി അവർകളാണ്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ്  യോഗം ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ച് സംസാരിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് ശ്രീ.വേണു സാർ, റിട്ട.അധ്യാപകൻ ശ്രീ.സുനിൽ സാർ, ഇടവക സെക്രട്ടറി ശ്രീ.ജയരാജ് സാർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ്, മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലിക് എന്നിങ്ങനെ ധാരാളം വിശിഷ്ട വ്യക്തിത്വങ്ങൾ വേദിയെ ധന്യമാക്കി. കൂടാതെ നമ്മുടെ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ.ശ്രീ.ഭക്തവത്സലൻ സാർ, റിട്ട.അധ്യാപിക ശ്രീമതി.അജിത ടീച്ചർ  എന്നിവർ ലൈബ്രറിയിലേക്കായി പുസ്തകങ്ങൾ സ്പോൺസർ. ചെയ്തു. കുട്ടികളുടെ മികവാർന്ന പ്രകടനത്തോടെ ഈ വർഷത്തെ കാവ്യോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീമതി.പ്രീത ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. യോഗനടപടികൾക്ക് ശേഷം അക്ഷര മുറ്റത്ത് അറിവിന്റെ  വാതായനങ്ങൾ  തുറന്ന  അധ്യാപകർ കുട്ടികളോടൊപ്പം കൂടി പുസ്തക വായന നടത്തി. കൂടാതെ കുട്ടികൾ വായനയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി. പുസ്തക പരിചയം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, കഥ പറയൽ, കവിതാ പാരായണം, അമ്മ വായന, എഴുത്തുകൂട്ടം, സാഹിത്യ ക്വിസ്, വായനാദിന പതിപ്പ് നിർമാണം, വായന കുറിപ്പ് തയ്യാറാക്കൽ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ വായനാ വാരത്തിലെ തുടർ പ്രവർത്തനങ്ങളാണ്.

കാവ്യോത്സവം

ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാവ്യോൽത്സവം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട്‌ ശ്രീ.വിനോദ് സുശീലൻ, മദർ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി.സറീന മാലിക്, ശ്രീ.സുനിൽ സാർ, ഇടവക സെക്രട്ടറി ശ്രീ.ജയരാജ് എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാസൃഷ്ടികളുടെ അവതരണം നടന്നു.

യോഗാദിനം 2024

ബാലരാമപുരം സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൽ സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. യോഗാപരിശീലകൻ ശ്രീ.സുജിത്തിൻ്റെ നേതൃത്വത്തിലാണ് യോഗാദിനാചരണം നടത്തിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ യോഗാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. ജീവിതശൈലി രോഗങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കും യോഗ ഫലപ്രദമാണെന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഈ ദിനാചരണത്തോടെ സാധിച്ചു.

ജൂൺ 25 സ്കൂൾ ഹെൽത്ത് പ്രോഗ്രാം

കുട്ടികൾക്കായി നിംസ് കോളേജ് ആൻ്റ് നേഴ്സിംഗ് സംഘം ക്ലാസ് സംഘടിപ്പിച്ചു.ശാരീരികപരമായ ആരോഗ്യത്തോടൊപ്പം പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യം . ഈ ചിന്തയെ മുൻനിർത്തിക്കൊണ്ട് ആട്ടവും, പാട്ടും ബോധവത്കരണ ക്ലാസുമായി അവർ കുട്ടികളോടൊപ്പം 2:00 മണിക്കൂർ ചെലവഴിച്ചു. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ ആയിരുന്നു ക്ലാസുകൾ നയിച്ചത്. കുട്ടികൾക്ക് ഏറെ ഗുണപ്രദം ആകുന്ന രീതിയിൽ വിവിധ ചിന്തകളെ കുട്ടികൾക്ക് അനുരൂപമാകുന്ന തരത്തിൽ ഏറെ ഹൃദ്യമായിട്ടായിരുന്നു അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ മീന പി ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ഹെൽത്ത് കൺവീനർ ശ്രീമതി.ബിന്ദു ടീച്ചർ സ്കൂളിന്റെ പേരിലുള്ള നന്ദി അർപ്പിച്ചു.

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സാലു സാറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിനിധികൾ ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു.പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ സന്ദേശം സ്കൂളിലെ കായികാധ്യാപകൻ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി.

📚 വായിച്ച് വളരാം ഗ്രന്ഥശാല സന്ദർശനം

വായന വാരാചരണത്തിൻ്റെ ഭാഗമായി ബാലരാമപുരം സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിലെ കുട്ടികൾ നെല്ലിവിള താര ഗ്രന്ഥശാല സന്ദർശിച്ചു. ഇവിടെ ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട്. പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട ഒരുപാട് ആളുകൾക്ക് ഏറെ പ്രയോജനപ്രദമായ ഗ്രന്ഥശാലയാണിത്. വായന വാരാചരണത്തിൻ്റെ ഭാഗമായി സ്കൂൾ ലൈബ്രറി ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി. അഖില ടീച്ചറിൻ്റെ നേതൃത്വത്തിൽ വായന കുറിപ്പ്, പുസ്തക പ്രദർശനം, ഗ്രന്ഥശാല സന്ദർശനം, ക്വിസ്സ്, പോസ്റ്റർ രചന മത്സരങ്ങൾ, രക്ഷിതാക്കൾക്ക് വിവിധ മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ നടത്തി വരുന്നു.

അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം

അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം അറബിക് അധ്യാപിക ശ്രീമതി റംല ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു.ആഗോളഭാഷയായ അറബി ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നും പുതിയ തലമുറക്ക് അതിന്റെ സാധ്യതകൾ വളരെ വലുതാണന്നും അറബി ഭാവിയുടെ ഭാഷയാണന്നും ഉദ്ഘാടന വേളയിൽ അധ്യാപിക പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ അദ്ധ്യക്ഷത വഹിച്ചു. നാലാം ക്ലാസിലെ ഫഹ്മിത യാസ്മിൻ ക്ലബ് കൺവീനറായും, നാലാം ക്ലാസിലെ മുഹമ്മദ് ഹിഷാം, നാജിയ ഫാത്തിമ എന്നിവരെ ജോയിൻ കൺവീനറായും തിരഞ്ഞെടുത്തു.

സ്കൂൾ വാർത്ത

കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ കേരളകൗമുദി പത്രസമർപ്പണം 3/7/2024 ബുധനാഴ്ച രാവിലെ 10.00 മണിക്ക് നടന്നു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ സ്വാഗതം ആശംസിച്ചു. തൻ്റെ പ്രാഥമിക വിദ്യാലയത്തോടുള്ള സ്നേഹാദരങ്ങളും, കടപ്പാടും പങ്കുവച്ചു കൊണ്ട് ബഹുമാനപ്പെട്ട കോവളം MLA Adv.Mവിൻസൻ്റ് അവർകൾ *"എൻ്റെ വിദ്യാലയം എൻ്റെ കൗമുദി"* എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പത്രം സംഭാവനയായി നൽകുന്ന ശ്രീ.മേലാംകോട് സുധാകരൻ അവർകൾ പത്രം വായിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ Rev. Fr. വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണത്തിൽ കുഞ്ഞുണ്ണി മാഷിൻ്റെ വരികളിലൂടെ വായനയുടെ പ്രാധാന്യം പങ്കുവച്ചു.കേരളകൗമുദിയുടെ സർക്കുലേഷൻ മാനേജർ ശ്രീ.സേതുനാഥ് അവർകൾ, അധ്യാപകർ, രക്ഷാകർത്തൃ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ആശംസയും, ശ്രീമതി. അഖില ടീച്ചർ നന്ദിയും അർപ്പിച്ചു.