പ്രവേശനോത്സവം 2022-23

കോവിഡ് മഹാമാരിയെ തുടർന്നുള്ള നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒരു പുതിയ അധ്യയന വർഷത്തിന്റെ തുടക്കം എന്ന നിലയിൽ വളരെ വർണാഭമായ ഒരു പ്രവേശനോത്സവമായിരുന്നു ഇത്തവണ എ എൽ പി എസ് തോക്കാംപാറയിലെ അധ്യാപകർ വിദ്യാർത്ഥികൾക്കായി.ഒരുക്കിയത്. വിദ്യാലയവും ക്ലാസ് മുറികളും മനോഹരമായി തന്നെ ഒരുക്കിയിരുന്നു. നവാഗതരെ ബലൂണും വർണ പുഷ്പങ്ങളും നൽകി സ്വീകരിച്ചു. നിറപകിട്ടാർന്ന ഒരു കാഴ്ചവസന്തം തന്നെയായിരുന്നു അത്. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മിഠായിയും മധുര പലഹാരങ്ങളും നൽകി. നവാഗതരെ വരവേൽക്കാനായി മുതിർന്ന ക്ലാസിലെ കുട്ടികളുടെ പ്രവേശന ഗാന നൃത്താവിഷ്കരണവും ഉണ്ടായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്കവിധമുള്ള മികച്ച ഒരു ദൃശ്യവിരുന്നായിരുന്നു 2022-23 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം.

പരിസ്ഥിതി ദിനം 2022 ജൂൺ 5

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി തോക്കാംപാറ എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണവും കൊളാഷ് നിർമ്മാണവും കുട്ടികൾക്കായി നടത്തി. എല്ലാ കുട്ടികളും വീടുകളിൽ വ്യക്ഷതൈ നടുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

വായനവാരാഘോഷം 2022 ജൂൺ 19

ജൂൺ 19 വായനാ വാരാഘോഷത്തിന് തോക്കാംപാറ എ.എൽ.പി.സ്‌കൂളിൽ തുടക്കമായി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ ഉദ്ഘാടനം ചെയ്തു. പ്രവീൺ കെ വായനദിന പ്രഭാഷണം നടത്തി. വായനദിന വാരാചരണത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി ശാക്തീകരണ പദ്ധതി ഉദ്ഘാടനം കുട്ടികൾ അധ്യാപകർക്ക് പുസ്തകങ്ങൾ കൈമാറി കൊണ്ട് നടത്തി. സാഹിത്യ സദസ്സ്, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, ചിത്ര രചന എന്നിവയും നടത്തി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം-ജൂൺ 26

ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം കുട്ടികളിൽ വളർത്തുന്ന ഉദ്ദേശത്തിൽ തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികൾക്കായി ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തി. ലഹരി ഉപയോഗത്തിന് എതിരെ പോരാടണം എന്ന ആശയം വരുന്ന സന്ദേശ വീഡിയോകളും കുട്ടികൾക്കായി ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു.

പി.ടി.എ ജനറൽ ബോഡിയോഗം-ജൂൺ 30

2022-23 അക്കാദമിക വർഷത്തിലെ ആദ്യത്തെ പി ടി എ ജനറൽ ബോഡി യോഗം ജൂൺ 30 വ്യാഴം ഉച്ചക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെയും പി ടി എ പ്രസിഡന്റ്, എം ടി എ പ്രസിഡന്റ് എന്നിവരെയും പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ടെത്തി. സ്കൂളിന്റെ പൊതുവായ വികസനത്തിനായുള്ള പ്രവർത്തന പദ്ധതികൾ വിലയിരുത്തുകയും ചെയ്തു.

ബഷീർ ദിനാചരണം-2022 ജൂലൈ 5

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്നു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറി കൊണ്ട് അദ്ദേഹത്തിന്റെ പല കൃതികളെയും ഓർമ്മപെടുത്തുകയും പൂവൻ പഴം എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തത് ശ്രദ്ധേയമായി.

മഴ നടത്തം

വിദ്യാലയത്തിലെ പ്രീ-പ്രൈമറി വിഭാഗത്തിലെ കുട്ടികൾ നടത്തിയ ‘റെയിൻ വാക്ക്’ മഴ നടത്തം വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായി മാറി. പരിസ്ഥിതിയെയും കാലാവസ്ഥയെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ തങ്ങളുടെ പല വർണ്ണ കുടകളുമായി നടത്തിയ മഴ നടത്തം വളരെയേറെ ആവേശം നിറച്ചു. പ്രി-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പല വർണ്ണ കുടകളുമായി നടന്നുനീങ്ങുന്ന കുരുന്നു മക്കളുടെ മഴ ആസ്വാദനം പലനിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു പോലെ നയന മനോഹരമായ കാഴ്ചയായി മാറി.

മെഹന്തി ഫെസ്റ്റ്

ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 8 ന് വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെഹന്തി ഫെസ്റ്റ് നടത്തി. മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ഗ്രൂപ്പായി മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

അറബിക് ടാലന്റ് ടെസ്റ്റ്

അലിഫ് അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി സൈഫുദീൻ മാസ്റ്റർ, ഫൗസിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഐ.ടി സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ചാന്ദ്രദിനം

ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ന് ചാന്ദ്രദിനാചരണം നടത്തി. ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്ററായ ജയകൃഷ്ണൻ മാസ്റ്റർ പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾ റോക്കറ്റിന്റെ മാതൃക നിർമ്മിക്കുകയും സൗരയുഥത്തിലെ ഗൃഹങ്ങളുടെ മാതൃക നിർമ്മിക്കുകയും അവയുടെ പ്രത്യേകതകൾ അവതരിപ്പിക്കുകയും ചെയ്തു. ശൂന്യാകാശ യാന്ത്രികരായി വേഷം മാറിയ കുട്ടികൾ മറ്റു കുട്ടികളുടെ സംശങ്ങൾക്ക് മറുപടി നൽകുകയും ചെയ്തത് ശ്രദ്ധേയമായി.

കെട്ടിടോദ്ഘാടനം

തോക്കാംപാറ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2022 ജൂലൈ 23 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കോട്ടക്കൽ നഗരസഭ അധ്യക്ഷ ബുഷറ ബഷീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ റംല, ഹസീന, അഹമ്മദ്, യു രാഗിണി, നുസൈബ അൻവർ പി ടി എ പ്രസിഡന്റ് കെ ബിജു, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ, പ്രവീൺ, മുജീബ് എന്നിവർ സംസാരിച്ചു. തുടർന്ന് പായസ വിതരണവും നടന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം

2022-23 അക്കാദമിക വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 2022 ജൂലൈ 27 ന്  യുവ ഗായകനും വിദ്യാരംഗം മുനിസിപ്പൽ കോർഡിനേറ്റുമായ പ്രണവ് മാസ്റ്റർ നടത്തി. പ്രസ്തുത ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്ററായ ജിത്യ ടീച്ചർ അധ്യക്ഷത വഹിച്ചു. പാട്ടുകളും കളികളുമായി രസകരമായ ഉദ്ഘാടന ചടങ്ങിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

സൗജന്യ അറബിക് വർക്ക്ബുക്ക് വിതരണം

സ്കൂൾ അറബി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ അറബി പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനപ്രവർത്തനങ്ങൾ ഉൾകൊള്ളുന്ന അറബിക് വർക്ക്ബുക്ക് വിതരണം ചെയ്തു. വർക്ക്ബുക്ക് വിതരണോദ്ഘാടനം പ്രധാനാധ്യാപകനായ ജയ കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപകരുടെ ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് സ്റ്റാഫ് സെകട്ടറിയായ പ്രവീൺ മാസ്റ്റർ ആശംസയിലൂടെ അറിയിച്ചു. സൈഫുദ്ദീൻ കെ, ഫൗസിയ സിപി എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനാഘോഷം

ഓഗസ്റ്റ് 15 സ്വാതന്ത്യദിനം വിവിധ പ്രവർത്തനങ്ങളിലൂടെയും ആഘോഷ പരിപാടികളോടെയും ഈ വർഷവും നടന്നു. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ അസംബ്ലിയിൽ പതാക ഉയർത്തി. കുട്ടികളുടെ സ്വാതന്ത്യദിന റാലി നടത്തി. റാലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്യ സമരനേതാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തോടെ പങ്കെടുത്തു. പിന്നീട് എൽ.എസ്.എസ്, വിവിധ പരീക്ഷകൾ, മത്സര ഇനങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും സമ്മാന വിതരണവും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് തിളക്കം കൂട്ടി. കുട്ടികൾക്കായി മധുരപലഹാരവിതരണവും പായസ വിതരണവും നടത്തി.

"https://schoolwiki.in/index.php?title=അധ്യയനവർഷം_2022-23&oldid=2255122" എന്ന താളിൽനിന്ന് ശേഖരിച്ചത്