കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലുള്ള ഒരു ചെറിയ ഗ്രാമമാണ് ‍നെന്മാറ. നെന്മാറ വല്ലങ്ങി വേല, അല്ലെങ്കില്‍ നെന്മാറ വേല എന്ന് അറിയപ്പെടുന്ന ഉത്സവത്തിന് പ്രശസ്തമാണ് ഇവിടം.

പ്രമാണം:Nemmara-paddyfields.jpg
നെന്മാറ ഗ്രാമത്തിലെ നെല്‍‌വയലുകള്‍

നെന്മാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള മുഖ്യമായും ഗ്രാമീണമായ ഒരു സ്ഥലമാണ് നെന്മാറ. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് തിരുക്കൊച്ചി രാജ്യത്തിന്റെ കീഴിലായിരുന്നു നെന്മാറ. തൃശ്ശൂര്‍-പൊള്ളാച്ചി വഴിയിലാണ് നെന്മാറ. ഇവിടെ നിന്ന് കൊല്ലങ്കോട്, ഗോവിന്ദപുരം വഴി തമിഴ്‌നാട്ടിലേക്കു പോകാം. നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമാണ് നെന്മാറ എന്നു പറയാം. നെല്ലിയാമ്പതി നെന്മാറയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്. പോത്തുണ്ടി ഡാം നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ 9 കിലോമീറ്റര്‍ അകലെയാണ്.

നെന്മാറയിലെ ജനസംഖ്യയില്‍ അധികവും ഹിന്ദുക്കളാണ്. എഴുത്തച്ഛന്‍, നായര്‍, ഈഴവര്‍, ചെട്ടി തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്ളവരാണ് നെന്മാറയില്‍ കൂടുതലും. കുറച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ട്. നെന്മാറ നിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയാണ്. നെല്ല്, പച്ചക്കറികള്‍, ഇഞ്ചി, റബ്ബര്‍ എന്നിവയാണ് പ്രധാന വിളകള്‍.

ചരിത്രം

പ്രമാണം:Nemmara-rice-straw.JPG
നെല്‍ക്കൂന. പാലക്കാട് ജില്ലയിലെ വീടുകളുടെ മുന്‍പില്‍ ഈ കാഴ്ച സാധാരണമാണ്

നെന്മാറ, വല്ലങ്ങി എന്നീ ഗ്രാമങ്ങള്‍ പണ്ടുകാലത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. നെന്മാറ എന്ന പേര് 'നെയ്യ് മാറിയ ഊര്' (നെയ്യ് കച്ചവടം നടന്ന സ്ഥലം) എന്ന പേര് ലോപിച്ച് ഉണ്ടായതാണ് എന്നു കരുതുന്നു. മുന്‍പ് ധാരാളം നെല്‍‌വയലുകളുണ്ടായിരുന്ന നെന്മാറ 'നെന്മണിയുടെ അറ' എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു മതമുണ്ട്. ഈ ഗ്രാമത്തിനെ തദ്ദേശവാസികള്‍ ചിറ്റൂര്‍ താലൂക്കിന്റെ നെല്ലറ എന്ന് സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്നു. ഇന്ന് നെല്‍‌വയലുകള്‍ നികത്തി ഭവന നിര്‍മ്മാണത്തിനുള്ള സ്ഥലങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്നു.

നെന്മാറയിലെ പ്രശസ്തമായ ഉത്സവം

പ്രമാണം:Nemmara-fence.JPG
പാലക്കാട് ജില്ലയില്‍ സാധാരണയായി കാണുന്ന മുളകൊണ്ട് ഉണ്ടാക്കിയ ഒരു വേലി

നെന്മാറ വല്ലങ്ങിവേല, അഥവാ നെന്മാറ വേലയ്ക്ക് പ്രശസ്തമാണ് നെന്മാറ. പാ‍ലക്കാട് ജില്ലയിലെ വേനല്‍ക്കാലത്ത് വിളവെടുപ്പു കഴിഞ്ഞാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇവിടങ്ങളിലെ പ്രധാന കൃഷി നെല്‍കൃഷിയാണ്. കൊയ്ത്തുകഴിഞ്ഞ് വയലുകള്‍ ഉണങ്ങിക്കിടക്കുമ്പോഴാണ് വേല തുടങ്ങുക. തൃശ്ശൂര്‍ പൂരത്തിനു സമാനമായി വലിയ ആഘോഷത്തോടെയാണ് നെന്മാറ വേല കൊണ്ടാടുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിലെ കുലദേവതയുടെ ജന്മദിനമോ അല്ലെങ്കില്‍ ദേവി ഏതെങ്കിലും രാക്ഷസനെ കൊല്ലുന്നതിന്റെ സ്മരണയോ ആണ് നെന്മാറ വേലയായി ആഘോഷിക്കുന്നത്.

മലയാളമാസമായ മീന മാസം 20-നു ആണ് വേല തുടങ്ങുക. (ഏപ്രില്‍ 2, അല്ലെങ്കില്‍ 3-ആം തിയ്യതി). നെന്മാറ, വല്ലങ്ങി എന്നീ മത്സരിക്കുന്ന ഗ്രാമങ്ങള്‍ക്ക് അവരുടേതായ ക്ഷേത്രങ്ങളും ഒരു പൊതുവായ അമ്പലവുമുണ്ട് (നെല്ലിക്കുളങ്ങര ക്ഷേത്രം). ഇവിടെയാണ് ഈ രണ്ട് ഗ്രാമങ്ങളിലെ ഉത്സവ സംഘങ്ങളും ഒന്നിച്ചു കൂടുക. വേല തുടങ്ങുന്ന ദിവസത്തിന് 10 ദിവസം മുന്‍പേ തന്നെ രണ്ടു ഗ്രാമ ക്ഷേത്രങ്ങളിലും കൊടിയേറ്റത്തോടെ ആഘോഷങ്ങള്‍ തുടങ്ങുന്നു. കൊടിയേറ്റം കഴിഞ്ഞാല്‍ ഗ്രാമവാസികള്‍ ഗ്രാമം വിട്ടുപോകുവാന്‍ പാടില്ല എന്നാണ് വയ്പ്പ്. പത്തു ദിവസത്തിനുശേഷം ആഘോഷങ്ങളോടെ രാത്രിയില്‍ വേല തുടങ്ങുന്നു.

പ്രമാണം:Three-anna-with-thidambu.jpg
നെന്മാറ വേല.

നെന്മാറ ഗ്രാമം വേല തുടങ്ങുന്നത് മന്നത്തുമുത്തി ക്ഷേത്രത്തില്‍ നിന്നും വല്ലങ്ങി വേല തുടങ്ങുന്നത് ശിവക്ഷേത്രത്തില്‍ നിന്നുമാണ്. ഓരോ സംഘത്തിനും 11 മുതല്‍ 15 വരെ ആനകള്‍ കാണും. നെറ്റിപ്പട്ടമണിഞ്ഞ് അലങ്കരിച്ച ഈ ആനകളെ വാദ്യങ്ങളോടെ ഗ്രാമത്തിലെ പ്രധാന നിരത്തുകളിലൂടെ നടത്തിക്കുന്നു. വൈകുന്നേരം രണ്ട് സംഘങ്ങളും നെല്ലിക്കുളങ്ങര ക്ഷേത്രത്തില്‍ എത്തുന്നു. ഒഴിഞ്ഞുകിടക്കുന്ന കണ്ണെത്താത്ത നെല്‍‌വയലുകളില്‍ ഒരു വലിയ ജനാവലി തടിച്ചുകൂടുന്നു.

സമീപ പ്രദേശങ്ങള്‍ക്കു പുറമേ തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരു വലിയ ജനാവലി ഉത്സവത്തിനെത്തുന്നു. വിദേശത്തുനിന്നുള്ള പല വിനോദസഞ്ചാരികളും വേല കാണുവാന്‍ എത്താറുണ്ട്. പല ടെലിവിഷന്‍ ചാനലുകളും വേല തത്സമയം സമ്പ്രേക്ഷണം ചെയ്യുന്നു.

ഉത്സവത്തിന്റെ അവസാനം വെടിക്കെട്ട് ഉണ്ട്. ഇരു വിഭാഗങ്ങളും മത്സരിച്ച് നടത്തുന്ന ഈ വെടിക്കെട്ട് ഗംഭീരമാണ്. എല്ലാ വര്‍ഷവും വെടിക്കെട്ടില്‍ പുതിയ വിദ്യകള്‍ പരീക്ഷിക്കുന്നു. ഉത്സവം കഴിഞ്ഞ് ദിവസങ്ങളോളം വെടിക്കെട്ടിന്റെ വലിപ്പവും നിറപ്പകിട്ടും ഗ്രാമങ്ങളില്‍ സംസാരവിഷയമായിരിക്കും. ഇരു വിഭാഗങ്ങളും ആനകളുടെ എണ്ണത്തിലും പരസ്പരം തോല്‍പ്പിക്കുവാന്‍ നോക്കുന്നു.

നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നടത്തുന്നതുകൊണ്ട് നെല്ലിക്കുളങ്ങര വേല എന്നും ഇത് അറിയപ്പെടുന്നു.

പ്രമാണം:Nellikkulangara Kavu.JPG
ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

ഉത്സവത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം ആനപ്പന്തല്‍ ആണ്. കമാനാകൃതിയില്‍ നിര്‍മ്മിച്ച ആനപ്പന്തലില്‍ ആനകളെ കൂച്ചുവിലങ്ങിട്ടു നിറുത്തിയിരിക്കുന്നു. വര്‍ണാഭമായി അലങ്കരിച്ച ആനപ്പന്തലില്‍ പല നിറങ്ങളിലുള്ള വൈദ്യുത ബള്‍ബുകള്‍ തൂക്കിയിരിക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോള്‍ പല തരത്തിലുള്ള ‘ഡിസൈനു‘കളില്‍ ഈ ബള്‍ബുകള്‍ കത്തുന്നു. പന്തലില്‍ ഉത്സവത്തിന്റെ തലേദിവസം വൈദ്യുതി ആദ്യമായി കടത്തിവിട്ട് ബള്‍ബുകള്‍ കത്തിക്കുന്നത് തദ്ദേശവാസികള്‍ കൊണ്ടാടുന്ന ഒരു പ്രധാന സംഭവമാണ്. ഇരു സംഘങ്ങളും തങ്ങളുടെ ‘ഡിസൈനു’കളും അലങ്കാരങ്ങളും ആദ്യമായി ബള്‍ബുകളെ പ്രകാശിപ്പിക്കുന്നതു വരെ രഹസ്യമായി സൂക്ഷിക്കുന്നു.

ഉത്സവത്തിന് ആനകളെ തിരഞ്ഞെടുക്കുന്നത് സംഘാടകര്‍ക്ക് മറ്റൊരു പ്രധാന വിഷയമാണ്. ഇരു സംഘങ്ങളും പൊന്നുവില കൊടുത്ത് കേരളത്തിലെ ഏറ്റവും നല്ല ആനകളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഇരുസംഘങ്ങളും ഒരേ ആനയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് വലിയ ലേലംവിളികള്‍ക്കു കാരണമാവാറുണ്ട്.

കുടുംബങ്ങളുടെ സംഗമത്തിനുള്ള ഒരു വേദികൂടിയാണ് നെന്മാറ വേല. പല നഗരങ്ങളിലും രാജ്യങ്ങളിലും താമസമുറപ്പിച്ച നെന്മാറ ഗ്രാമ നിവാസികള്‍ ഈ ഉത്സവം ആഘോഷിക്കാന്‍ ഒത്തുചേരുന്നു.

ഈ ക്ഷേത്രങ്ങളെ കൂടാതെ ഗ്രാമത്തില്‍ 'നവനീത കൃഷ്ണ ക്ഷേത്രല്'വുമുണ്ട്. ഇവിടെ എല്ലാ വര്‍ഷവും നടക്കുന്ന 'രഥോത്സവം' പ്രശസ്തമാണ്.

എത്തിച്ചേരാനുള്ള വഴി

കൊച്ചി വിമാനത്താവളത്തില്‍ നിന്നും: തൃശ്ശൂര്‍ ബസ് സ്റ്റാന്റിലേക്കുള്ള ദൂരം - 30 കി.മീ. തൃശ്ശൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും ടാക്സി, ബസ്സ് എന്നിവ നെന്മാറയിലേക്ക് ലഭിക്കും. (35 കി.മീ ദൂരം).

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും: പാലക്കാടിലേക്ക് 60 കിലോമീറ്റര്‍ ദൂരം - ടാക്സി, ബസ്, ട്രെയിന്‍ എന്നിവ ലഭിക്കും. പാലക്കാടുനിന്ന് നെന്മാറയിലേക്ക് (30 കി.മീ ദൂരം) ടാക്സി, ബസ്സ് ഇവ ലഭിക്കും.

നെന്മാറയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍

ചിത്രശാല

ഇതും കാണുക


പുറത്തുനിന്നുള്ള കണ്ണികള്‍

ഫലകം:Coor title dm

en:Nemmara

"https://schoolwiki.in/index.php?title=നെന്മാറ&oldid=22260" എന്ന താളിൽനിന്ന് ശേഖരിച്ചത്