പണ്ടുകാലത്ത് “നിലംബപുരം” എന്നറിയപ്പെട്ടിരുന്നതും, പിന്നീട് “നിലംബഊര്” എന്നും, തുടർന്ന് “നിലമ്പൂർ” എന്നും സ്ഥലനാമപരിണാമം സംഭവിച്ചതുമായ ഈ പ്രദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രം ആരംഭിക്കുന്നത് 1775 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന തച്ചറക്കാവിലെ നിലമ്പൂർ‌കോവിലകവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തൻമാരായിരുന്നു നിലമ്പൂർ കോവിലകം. അവരുടെ കീഴിലുള്ള പ്രദേശങ്ങളെ 18 ചേരിക്കല്ലുകളായി തിരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശം ചാലിയാറിന്റെ തീരത്ത് കാടിന്റെ അതിരിൽ സ്ഥിതിചെയ്തിരുന്ന ഒരു ചെറിയ ഗ്രാമം മാത്രമായിരുന്നു. മാനവേദൻ ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് കാട്ടാനകളുടെ ചിന്നംവിളി കേൾക്കാമായിരുന്നുവെന്നു പഴമക്കാർ പറയുമായിരുന്നു. ഒരുകാലത്ത് നിലമ്പൂർ കോവിലകത്തിനു കീഴിൽ ജന്മി-നാടുവാഴി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സാമൂഹ്യഘടനയായിരുന്നു ഈ ഗ്രാമത്തിലുമുണ്ടായിരുന്നത്.

                                          നിലമ്പൂർ