കരിംതോട്ടുവ

 
ഗവ.എൽ. പി. എസ്. കരിംതോട്ടുവ


ഗവ.എൽ. പി. എസ്. കരിംതോട്ടുവ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ യിലാണ് എൻ്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലടയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശാന്തസുന്ദരമായ ഈ ഗ്രാമം മനോഹരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണ്. ഗ്രാമത്തിൻ്റേതായ നൈർമ്മല്യവും നിഷ് ങ്കളതയും കൈമുതലായിട്ടുള്ള ഇവിടുന്നെ ജനത വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞവരാണ്.

ഭൂമിശാസ്ത്രം

 
കല്ലടയാറ്

കല്ലടയാറ്

ഗ്രാമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രകൃതി രമണീയതകളാൾ അനുഗ്രഹീതമായ ഭൂപ്രകൃതിയാണിവിടെ . തീരങ്ങളിലെ ചരിത്രത്തെയും സംസ്കാരത്തെയും സ്പർശിച്ച് അഷ്ടമുടിയിലൂടെ അറബിക്കടലിലേക്ക് ഒഴുകുകയാണ് കല്ലടയാറ്. വിദ്യാലയത്തിനരികെ കൂടി നിറഞ്ഞൊഴുകുന്ന പുഴ ഈ ഗ്രാമത്തിൻ്റെ ഹൃദയത്തെയും നിറയ്ക്കുന്നു.

#ചേലൂർക്കായൽ

ധ്യാന നിമഗ്നമായ ഒരു ശാന്ത ചിത്തം പോലെ അഗാധ നിശ്ചലമായ ഒരു ജലസമൃദ്ധിയാണ് ചേലൂർക്കായൽ . വയൽ അവസാനിക്കുന്നിടത്താണ് കായൽ ജനിക്കുന്നത്. നാടിൻ്റെ ശുദ്ധജല സമൃദ്ധിയും ഈ കായലാണ്. പേരുപോലെ തന്നെ ഈ ഊരിനെയും ചേലുള്ളതാക്കുന്നതിൽ ഒന്ന് ചേലൂര് കായൽ തന്നെയാണ്

#ആര്യൻപാടം.

ദുരാർത്തമായ എല്ലാ മാനവചോദനകളോടും പടവെട്ടി മണ്ണെടുത്തും നികത്തിയും കൊല്ലപ്പെടാതെ ജീവിച്ചിരിക്കുന്ന അപൂർവ്വം പാടങ്ങളിൽ ഒന്നാണ് ഈ ഗ്രാമത്തിൻ്റെ അന്ന പൂരണിയായ ആര്യൻ പാടം. ഇന്നും കർഷകൻ്റെ വിയർപ്പിൻ്റെ  ഉപ്പു വീണു വിളഞ്ഞ ഈ നെൽപ്പാടങ്ങൾ കണ്ണിനെയും കരളിനെയും കുളിർപ്പിക്കുന്നു.

#ക്ഷേത്രങ്ങൾ:

പ്രഭാതങ്ങളെ ശംഖനാദമുഖരിതമാക്കുന്ന, പ്രദോഷങ്ങളെ മന്ത്രമണിനാദ മുഖരിതമാക്കുന്ന ക്ഷേത്രങ്ങളുടെ നാടു കൂടിയാണിത്. സാന്ദ്രാനന്ദങ്ങളായ ക്ഷേത്രങ്ങളെക്കൊണ്ട് ഈ ഗ്രാമം അനുഗ്രഹീതമാണ്.