ഉള്ളൂർ

ഗ്രാമത്തെക്കുറിച്ച്

ഉദാത്തവും പ്രശാന്തവുമായ അന്തരീക്ഷത്താൽ അനുഗ്രഹീതമായ ഉള്ളൂർ ഗ്രാമം നഗര പശ്ചാത്തലത്തിലുള്ള ഗ്രാമീണ ജീവിതത്തിന്റെ സമന്വയമാണ്. പുരാതന കാലം മുതൽ പ്രവിശ്യ തലസ്ഥാനം ആയിരുന്നതും പിന്നീട് കേരളത്തിന്റെ തലസ്ഥാനവും ആയ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം ആണ് ഉള്ളൂർ. നിലവിൽ ഉള്ളൂർ വില്ലേജിലെ മുഴുവൻ പ്രദേശങ്ങളും തിരുവനന്തപുരം നഗരസഭാ പരിധിയിലാണ്. സ്വാതന്ത്ര്യാനന്തരം ഇത് ഒരു വിശാലമായ പ്രദേശമായിരുന്നു , എന്നാൽ പിന്നീട് ജനസംഖ്യാപരവും ഭരണപരവുമായ പരിഗണനകളാൽ ഈ പ്രദേശം വിഭജിക്കുകയും നിലവിലെ ഉള്ളൂർ വില്ലേജ് രൂപീകരിക്കുകയും ചെയ്തു. ചെറുവാക്കൽ, പാങ്ങപ്പാറ, ഉളിയഴത്തുറ, വട്ടപ്പാറ, കരകുളം, കുടപ്പനക്കുന്ന്, കവടിയാർ, പട്ടം എന്നീ 8 വില്ലേജുകളുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു.കഴക്കൂട്ടം നിയമസഭയുടെയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെയും കീഴിലാണ് ഈ പ്രദശേം വരുന്നത്. മലയാളമാണ് പൊതുഭാഷ. തമിഴും ഇംഗ്ലീഷും സംസാരിക്കുന്ന ആളുകൾ ഈ ഗ്രാമത്തിലുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളും ഈ ഗ്രാമത്തിൽ അധിവസിക്കുന്നുണ്ട്.

മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ

ഉള്ളൂർ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരുടെയും പെരുന്ന താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂൺ ആറിനാണ് ഉള്ളൂർ ജനിച്ചത്. മലയാളം, തമിഴ്, സംസ്‌കൃതം എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു.1937ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചിരാജാവ് കവിതിലകൻ പട്ടവും നൽകി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷൺ ബഹുമതിയും ബ്രിട്ടീഷ് സർക്കാറിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 'കാക്കേ കാക്കേ കൂടെവിടെ', 'പ്രാവേ പ്രാവേ പോകരുതേ' എന്നീ കുട്ടിക്കവിതകൾ മലയാളബാല്യം എക്കാലത്തും ഏറ്റുപാടിയവയാണ്.

പ്രമുഖ സ്ഥാപനങ്ങൾ

മെഡിക്കൽ കോളേജ് തിരുവനന്തപുരം

മാർ ഇവാനിയോസ് കോളേജ്, മാർ ബസേലിയോസ് ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളേജ്, സർവോദയ വിദ്യാലയം, മാർ ഗ്രിഗോറിയോസ് ലോ കോളേജ്, തിയോഫിലോസ് ട്രെയിനിംഗ് കോളേജ്, നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ, ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഗവ. യു. പി. സ്‌കൂൾ ഉൾപ്പടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്‌യുടി റോയൽ ആശുപത്രിയും ഉള്ളൂർ വില്ലേജ് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആർസിസി, എസ്എടി എന്നിവ സമീപത്താണ്.

കലാകായിക പശ്ചാത്തലം

ഉയർന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ഈ ഗ്രാമത്തിൽ നിരവധി ആരാധനാലയങ്ങളും ലൈബ്രറികളും ഉണ്ട്. മണ്ണന്തലയിലെ സ്റ്റേഡിയം ഈ ഗ്രാമത്തിന്റെ കായിക പ്രവർത്തനങ്ങളുടെ ഉത്തേജകമാണ്.

സാമൂഹിക പശ്ചാത്തലം

ഉള്ളൂർ കൊട്ടാരവും കൊച്ചുള്ളൂരിലെ ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും പഴയ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്നു. വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ള ആളുകൾ ഈ ഗ്രാമത്തിൽ സമാധാനവും സാമുദായിക സൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്നു. സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ്. വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ, പ്രത്യേകിച്ച് മെഡിക്കൽ, ഐടി പ്രൊഫഷനുകളിൽ നിന്നുള്ളവർ ഈ ഗ്രാമത്തിൽ താമസിക്കുന്നു. ഭൂരിഭാഗം ആളുകളും അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നത്. വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികൾ ഈ ഗ്രാമത്തിൽ സാധാരണമാണ്. അവരിൽ ഭൂരിഭാഗവും സ്വയം തൊഴിൽ സംരംഭകത്വത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. പാറോട്ടുകോണത്ത് സിഡ്‌കോയാണ് ചെറുകിട വ്യവസായ മേഖല കൈകാര്യം ചെയ്യുന്നത്. പരുത്തിപ്പാറയിൽ സ്ഥാപിതമായ കെഎസ്ഇബി സബ്‌സ്റ്റേഷനാണ് നഗരത്തിലെ മുഴുവൻ വൈദ്യുതി വിതരണ ഏജൻസിയുടെ പ്രധാന ഉറവിടം. കേരള വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട്ടിലെയും മണ്ണത്തലയിലെയും വാട്ടർ പമ്പിംഗ് യൂണിറ്റുകൾ ഗ്രാമത്തിലുടനീളം കുടിവെള്ളം എത്തിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. ഗുണനിലവാരമുള്ള പ്രിന്റിംഗ് ജോലികൾ ഏറ്റെടുക്കുന്ന സംസ്ഥാനത്തെ മുൻനിര പ്രിന്റിംഗ് പ്രസ്സുകളിലൊന്നാണ് മണ്ണന്തല സർക്കാർ പ്രസ്സ്.

സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സ്ഥാപിച്ച മണ്ണന്തലയിലെ ആനന്ദവല്ലീശ്വരം ദേവീക്ഷേത്രം ഉള്ളൂരിലെ വിസ്മയിപ്പിക്കുന്ന സാമൂഹിക നവോത്ഥാനത്തിന്റെ പ്രതീകമാണ്.


പരിസ്ഥിതി ശാസ്ത്രം

ഉള്ളൂർ ഗ്രാമത്തിലെ പ്രകൃതിദത്ത സസ്യജാലങ്ങൾ സവിശേഷമാണ്. ആമയിഴഞ്ചൻ തോട് ഈ ഗ്രാമത്തെ പുഷ്ടിപ്പെടുത്തുന്നു. മണ്ണന്തലയിലെ റോക്കി കുന്ന് നിലവിൽ എൻസിസിയുടെ സംരക്ഷണവും നടത്തിപ്പും ആണ്. ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റുകളും ആധുനിക സംസ്‌കാരത്തിൻ്റെയും മനുഷ്യ പുരോഗതിയുടെയും വികാസം ഈ ഗ്രാമത്തിൽ പ്രതിഫലിപ്പിക്കുന്നു. തെങ്ങുകളുടെ വിശാലമായ പച്ചപ്പ് വർഷം മുഴുവനും ഈ ഗ്രാമത്തിൽ തണുത്തതും തണലുള്ളതുമായ കാലാവസ്ഥ നിലനിർത്തുന്നു. ഈ ഗ്രാമത്തിൽ നിരവധി കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കപ്പെടുന്നു. പൊതുജനങ്ങളുടെ പിന്തുണയോടെ തണ്ണീർത്തടങ്ങൾ കർശനമായി സംരക്ഷിക്കുന്നു.

വിനോദസഞ്ചാരം

നേപ്പിയർ മ്യൂസിയം, മൃഗശാല, ഒബ്സർവേറ്ററി, ആക്കുളം തടാകം തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളൂർ വില്ലേജിന് സമീപമാണ്.