Say No To Drugs Campaign

 
 




ഒക്ടോബർ രണ്ടിന് തുടക്കം കുറിച്ച് നവംബർ ഒന്നിന് അവസാനിക്കുന്ന തരത്തിൽ സംസ്ഥാന ഗവൺമെന്റ്  ആവിഷ്കരിച്ച് നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ സമാപന ദിവസമായ 1/11/2022 ചൊവ്വാഴ്ച എം എം ഒ വി എച്ച് എസ് എസിൽ വിപുലമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ലഹരിക്കെതിരെ പോരാടാൻ,  പൊതുസമൂഹത്തെ ലഹരിയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്താൻ, വിദ്യാർത്ഥി സമൂഹത്തെ അതിന്റെ  വലയത്തിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2017 ൽ രൂപീകൃതമായ എം എം ഒ വി എച്ച് എസ് എസ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ കൂട്ടായ്മയായ S.A.F.E ന്റെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നത്  .

 
ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഉദ്ഘാടന കർമ്മം ബഹു.ശ്രീ.കെ ജെ മാക്സി എം എൽ എ നിർവഹിക്കുന്നു


രാവിലെ 10 മണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അബ്ദുൽ സിയാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട കൊച്ചിയുടെ എം എൽ എ  ശ്രീ കെ ജെ മാക്സി നിർവഹിക്കുകയുണ്ടായി.  വാർഡ് കൗൺസിലർ ശ്രീ ഹബീബുള്ള, എൽ പി, ഹൈസ്കൂൾ ,വി എച്ച് എസ് എസ്  പ്രധാന അധ്യാപകൻ , രക്ഷകർത്താക്കൾ, അധ്യാപക അനധ്യാപകർ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു . എൽ പി എച്ച് എം ശ്രീ മുഹമ്മദ് അൻവർ  സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ശ്രീ രഹന അബ്ദുല്ല നന്ദിയും രേഖപ്പെടുത്തി.


 
ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി  ബഹുമാനപ്പെട്ട എം എൽ എ ശ്രീ കെ ജെ മാക്സി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തുടർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി എം എം ഒ വി എച്ച് എസ് എസ് നിന്നും ആരംഭിച്ച് വിവിധ സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകി കൊച്ചി താലൂക്ക് ഓഫീസ് പരിസരത്ത് സമാപിക്കുന്ന തരത്തിൽ ക്രമീകരിച്ചിരുന്ന സൈക്കിൾ റാലി ബഹുമാനപ്പെട്ട എം എൽ എ ശ്രീ കെ ജെ മാക്സി ഫ്ലാഗ് ഓഫ് ചെയ്തു.S.A.F.E, എൻ സി സി, എൻ എസ് എസ് എന്നിവയിൽ ഉൾപ്പെട്ട 100 കുട്ടികൾ റാലിയിൽ അണിനിരന്നു. സ്കൂൾ മാനേജർ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, വാർഡ് കൗൺസിലർ, അധ്യാപകർ, അനധ്യാപകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ റാലിയെ അനുഗമിച്ചു.


 
റാലിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ച് കൗൺസിലർ ശ്രീ ഹബീബുള്ള സംസാരിക്കുന്നു

തുടർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്കൂളിൽ എത്തിയ റാലിക്ക് സ്കൂൾ അധികൃതർ ഹൃദ്യമായ സ്വീകരണം നൽകി. സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പ്രത്യേക സദസ്സിൽ ഹാജി ഈസ ഹാജി മൂസ പ്രധാനാധ്യാപിക ശ്രീമതി ജോളി ഭാസ്കരൻ, അദ്ധ്യാപകൻ ശ്രീ ഗനി സ്വലാഹി , പി റ്റി എ പ്രസിഡന്റ് ശ്രീ കെ ബി അഷ്റഫ് എന്നിവർ റാലിക്ക് അഭിവാദ്യം അർപിച്ച് സംസാരിച്ചു. റാലിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ച് എം എം ഒ വി എച്ച് എസ് എസ് മാനേജർ ശ്രീ അബ്ദുൽ സിയാദ് കൗൺസിലർ ശ്രീ ഹബീബുള്ള എന്നിവർ സംസാരിച്ചു. എം എം ഒ വി എച്ച് എസ് എസ് അധ്യാപകൻ ശ്രീ സുബൈർ ലഹരി വിരുദ്ധ സന്ദേശം നൽകി.

 
ലഹരി വിരുദ്ധ റാലിയെ അഭിവാദ്യം ചെയ്തുകൊണ്ട് ടി ഡി എച്ച് എസ് പ്രധാനാധ്യാപിക ശ്രീമതി ആശ ജി പൈ സംസാരിക്കുന്നു

തുടർന്ന് അവിടെ നിന്നും പുനരാരംഭിച്ച റാലി ടി ഡി എച്ച് എസ് ഹൈസ്കൂളിൽ എത്തി. ടി ഡി എച്ച് എസ് പ്രഥാനാധ്യാപിക, അധ്യാപകർ, എസ് പി സി, എൻ സി സി കേഡറ്റുകൾ ,വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിക്ക് ഊഷ്മളമായ സ്വീകരണം നൽകി. റാലിയെ അഭിവാദ്യം ചെയ്തുകൊണ്ട് ടി ഡി എച്ച് എസ് പ്രധാനാധ്യാപിക ശ്രീമതി ആശ ജി പൈ, അദ്ധ്യാപകരായ ശ്രീ സുധീഷ് ഷേണായ് ശ്രീ ദിനേശ് പൈ, ശ്രീ വെങ്കിടേഷ് ജി, സാമൂഹിക പ്രവർത്തകൻ ശ്രീ ഷമീർ വളവത്ത് എന്നിവർ സംസാരിച്ചു. എം എം ഒ വി എച്ച് എസ് എസ് അധ്യാപകൻ ശ്രീ സുബൈർ ലഹരി വിരുദ്ധ സന്ദേശം നൽകി.

 
റാലിക്ക് വഴിമധ്യേ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്നേഹോഷ്മളമായ സ്വീകരണം നൽകുന്നു.


വീണ്ടും അവിടെ നിന്നും പുനരാരംഭിച്ച റാലിക്ക് വഴിമധ്യേ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്നേഹോഷ്മളമായ സ്വീകരണം നൽകി. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി മായ റാലിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.



സെന്റ് ഫ്രാൻസിസ് ചർച്ച് എൽപി സ്കൂൾ നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് നീങ്ങിയ റാലി ലഹരി വിരുദ്ധ സന്ദേശം കൈമാറാനായി ഫോർട്ട് കൊച്ചി സെൻ ജോൺ ഡി ബ്രിട്ടോസ് ഹൈസ്കൂളിൽ എത്തിയപ്പോൾ സ്കൂൾ അധികൃതർ നൽകിയ സ്വീകരണം ഗംഭീരമായിരുന്നു. സ്കൂൾ എച്ച് എം, എസ് പി സി കേഡറ്റുകൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപക അനധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം ഏർപ്പെടുത്തിയിരുന്നത്.

 
ഫോർട്ട് കൊച്ചി സെൻ ജോൺ ഡി ബ്രിട്ടോസ് ഹൈസ്കൂളിൽ  എച്ച് എം, എസ് പി സി കേഡറ്റുകൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപക അനധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകുന്നു.


ബ്രിട്ടോസ് സ്കൂൾ പൂർവവിദ്യാർത്ഥിയും എം എം ഒ വി എച്ച് എസ് എസ് മാനേജരുമായ ശ്രീ അബ്ദുൽ സിയാദ് റാലിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ച് സംസാരിച്ചു. എം എം എൽ പി പ്രഥാനാധ്യാപകൻ ശ്രീ മുഹമ്മദ് അൻവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ബ്രിട്ടോസ് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ഷേർലി ആഞ്ചലോസ് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും റാലിയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു.


 
റാലി ഫോർട്ട് കൊച്ചി സാന്ത ക്രൂസ് ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോൾ എൽ പി ,എച്ച് എം , അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ സ്നേഹ സ്വീകരണം നൽകുന്നു.


സെൻറ് ജോൺ ഡി ബ്രിട്ടോസ് നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി തുടർന്ന റാലി ഫോർട്ട് കൊച്ചി സാന്ത ക്രൂസ് ഹൈസ്കൂളിൽ എത്തിച്ചേർന്നപ്പോൾ എൽ പി ,എച്ച് എം , അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ സ്നേഹ സ്വീകരണം നൽകി . റാലിയെ അഭിവാദ്യം ചെയ്തുകൊണ്ട് സാന്താ ക്രൂസ് എൽ പി എച്ച് എം ശ്രീമതി മായ, അധ്യാപകൻ ശ്രീ സുബൈർ എന്നിവർ സംസാരിച്ചു. എം എം ഒ വി എച്ച് എസ് എസ് മാനേജർ ശ്രീ അബ്ദുൽ സിയാദ്, എൽ പി എച്ച് എം ശ്രീ മുഹമ്മദ് അൻവർ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി . സാന്താ ക്രൂസ് എൽ പി യിലെ കുട്ടികൾ ലഹരി വിരുദ്ധ റാലിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു.


 
എം എം ഒ വി എച്ച് എസ് എസ് വിദ്യാർത്ഥികളുടെ നിവേദനം സ്കൂൾ മാനേജരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ സബ് കളക്ടർ ശ്രീ വിഷ്ണുരാജിന് കൈമാറി.

തുടർന്ന് റാലി സമാപന സ്ഥലമായ ഫോർട്ടുകൊച്ചി താലൂക്ക് ഓഫീസ് പരിസരത്ത് എത്തിച്ചേർന്നപ്പോൾ കൊച്ചി പ്രസ്റ്റ് ക്ലബ്ബ് പ്രസിഡന്റും സംസ്ഥാന റസലിംങ്ങ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീ എം എം സലിം, സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ശ്രീ കെ ബി സലാം, ശ്രീ ഹാരിസ് അബൂബക്കർ, ശ്രീ ഹംസക്കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ റാലിക്ക് ഗംഭീര സ്വീകരണം നൽകി. റാലിയുടെ സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനം കൊച്ചിൻ കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ അബ്ദുൽ സിയാദ് അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ലഹരിക്കെതിരെ, അത് തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള എം എം ഒ വി എച്ച് എസ് എസ് വിദ്യാർത്ഥികളുടെ നിവേദനം സ്കൂൾ മാനേജരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ സബ് കളക്ടർ ശ്രീ വിഷ്ണുരാജിന് കൈമാറി. തുടർന്ന് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു. കൗൺസിലർ ശ്രീ ഹബീബുള്ള, ശ്രീ എം എം സലിം, ശ്രീ കെ ബി സലാം, ശ്രീ ഹാരിസ് അബൂബക്കർ, ശ്രീ ഹംസക്കോയ, ശ്രീ ഷമീർ വളവത്ത്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെ ക്ര ട്ടറി ശ്രീ അഷ്റഫ്, സാന്താക്രൂസ് സ്കൂൾ അദ്ധ്യാപകൻ ശ്രീ സുബൈർ തുടങ്ങിയവർ ആശംസകൾ അർപിച്ച് സംസാരിച്ച സമാപന സമ്മേളനത്തിൽ എം എം എൽ പി എച്ച് എം ശ്രീ മുഹമ്മദ് അൻവർ സ്വാഗതവും വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ ഫാസിൽ നന്ദിയും രേഖപ്പെടുത്തി.

 
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എല്ലാവരും ഒന്നുചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.


വൈകിട്ട് മൂന്നുമണിക്ക് സ്കൂളിലെ വിദ്യാർഥികൾ അണിചേർന്ന ലഹരി വിരുദ്ധ ശൃംഖല സ്കൂളിന് ചുറ്റും സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ, സ്കൂൾ മാനേജർ, വാർഡ് കൗൺസിലർ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, കൊച്ചിൻ ചാരിറ്റബിൽ സൊസൈറ്റി അംഗങ്ങൾ, തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേരുകയുണ്ടായി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എല്ലാവരും ഒന്നുചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.




ലഹരി വിരുദ്ധ ശൃംഖലക്ക് ശേഷം സ്കൂളിൽ കൂടിയ സമ്മേളനത്തിൽ ലഹരി വസ്തുക്കൾ പ്രതീകാത്മകമായി അഗ്നിക്കിരയാക്കി. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം മട്ടാഞ്ചേരി സബ് ഇൻസ്പെക്ടർ ശ്രീ രൂപേഷ് കെ. ആർ നിർവഹിക്കുകയുണ്ടായി.

 
പ്രസ്തുത  പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മട്ടാഞ്ചേരി സബ് ഇൻസ്പെക്ടർ ശ്രീ രൂപേഷ് കെ. ആർ  നിർവഹിക്കുന്നു.


സ്കൂൾ മാനേജർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, എൽ പി, ഹൈസ്കൂൾ, വി എച്ച് എസ് എസ്, അധ്യാപകർ , അനധ്യാപകർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, വാർഡ് കൗൺസിലർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ലഹരി വസ്തുക്കളുടെ പ്രതീകാത്മക അഗ്നിക്കിരയാക്കൽ നടന്നത്. തദവസരത്തിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ശക്തമായി അവരുടെ പ്രതിഷേധം രേഖപ്പെടുത്തി.