ഹാപ്പി ഡ്രിങ്ക്സ്
കൃത്രിമ ഭക്ഷണങ്ങളോടും പാനീയങ്ങളോടും ഏറെ താല്പര്യമുള്ളവരാണ് നമ്മുടെ കുട്ടികൾ.ഇത്തരം ശീലങ്ങൾ നമ്മുടെ കുഞ്ഞുങ്ങളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പോഷകദാരിദ്ര്യത്തെ മറികടന്ന് പുത്തൻ ആരോഗ്യ ശീലങ്ങൾ സ്വായത്തമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ഹാപ്പി ഡ്രിങ്ക്സ്
പാനീയങ്ങൾ വെറും ദാഹശമനികൾ മാത്രമല്ല, നമ്മുടെ ഭക്ഷണത്തോടൊപ്പവും അതിഥി സല്കാരവേളകളിലും പാനീയങ്ങൾക്കു വലിയ സ്ഥാനമുണ്ട്. ആധുനിക കാലത്തെ കൃത്രിമ പദാർത്ഥങ്ങളുടെ സംയുക്തങ്ങളായ പാനീയങ്ങളുടെ ആവിർഭാവത്തിനു മുമ്പ് നാവിനു രുചിയും ശരീരത്തിനു ഗുണവും പ്രദാനം ചെയ്യുന്ന ധാരാളം നാടൻ പാനീയങ്ങൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു . ഇപ്പോഴും അവ നമ്മുടെ പ്രിയ വിഭവം തന്നെ. നമുക്ക് സ്വയം നിർമിച്ചുപയോഗിക്കാൻ കഴിയുന്ന നാടൻ പാനീയങ്ങളുടെ നിർമാണവും പ്രദർശനവും ഫെബ്രുവരി 9, 10 തീയതികളിൽ അമ്മമാർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ഹാപ്പി ഡ്രിങ്ക്സ് നാടൻ പാനീയ ശില്പശാല ആരംഭിച്ചു.എസ് ആർ ജി കൺവീനർ സൗമ്യ ഏവരെയും സ്വാഗതം ചെയ്തു. പ്രകൃതി ദത്ത പാനീയങ്ങളും സോഫ്റ്റ്ഡ്രിങ്ക്സും തമ്മിലുള്ള വ്യത്യാസങ്ങൾ , സോഫ്റ്റ് ഡ്രിങ്ക്സിൽ പതിയിരിക്കുന്ന അപകടങ്ങൾ , പ്രകൃതി ദത്ത പാനീയങ്ങൾ ശീലമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉൾപ്പെടുത്തി പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ക്ലാസെടുത്തു. രക്ഷാകർത്താക്കൾ തയ്യാറാക്കി കൊണ്ടുവന്ന പാനീയങ്ങളുടെ നിർമാണ രീതി രക്ഷാകർത്താക്കളും വിദ്യാലയത്തിൽ തയ്യാറാക്കിയ പാനീയങ്ങളുടെ നിർമാണ രീതി അധ്യാപകരായ സരിത , രേഖ എന്നിവർ പരിചയപ്പെടുത്തി. വിദ്യാലയം തയ്യാറാക്കിയ 58 പാനിയങ്ങളുടെ നിർമാണ രീതി ഉൾപ്പെടുത്തിയ കൈപ്പുസ്തകം എം പി ടി എ ചെയർപേഴ്സൻ ദീപ്തി പ്രകാശനം ചെയ്തു. പങ്കെടുത്ത രക്ഷാകർത്താക്കൾക്കെല്ലാപേർക്കും സൗജന്യമായി കൈപ്പുസ്തകം വിതരണം ചെയ്തു.