സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലുകെട്ടിന്റെ മാതൃകയിലായി പണിതീർത്ത ഈ സ്കൂളിനെ 122 വർഷം പാരമ്പര്യമുണ്ട് .ശ്രീ കുറുമ്പഭഗവതിയുടെ തിരുമുറ്റത്ത് നിലകൊള്ളുന്നതിനാൽ ചീറമ്പുക്കാവ് സ്കൂൾ എന്നും നാട്ടുകാർ വിളിക്കുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിന് 197 സെന്റ് സ്ഥലമുണ്ട്.ഇപ്പോൾ ഈ വിദ്യാലയത്തിന് 197 സെന്റ് സ്ഥലമുണ്ട് .2019 -ൽ ചിറ്റൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെയുണ്ട് .ഈ കെട്ടിടത്തിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു .പണ്ട് ഒരു കുളം ഉണ്ടായിരുന്ന ഈ  സ്ഥലത്തു പിന്നീട് നാട്ടുകാർ തൂർത്തു നല്ലൊരു കളി സ്ഥലം രൂപപ്പെടുത്തുകയാണ് ഉണ്ടായത് .രാജ്യത്തിന്റെ നാനാ തുറകളിലായി പല ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിന്റെ മുറ്റത്തു കളിച്ചു വളർന്നവരാണ്.ഈയിടെയായി നമ്മെ വിട്ടു പിരിഞ്ഞ ഷഡാനന്ദൻ ആനിക്കത്ത് മുൻകാല വിദ്യാർത്ഥികളിലൊരാളാണ് .വിവിധ കലകളുടെ പ്രതിഭയായ  ഇദ്ദേഹം വാർത്തെടുത്ത ചണ്ഡാലഭിക്ഷുകി യുടെ ശില്പം സ്കൂൾ അങ്കണത്തിന് അഭിമാനമായി ഇന്നും  നിലകൊള്ളുന്നു.അഗ്രഹാരങ്ങളിലെ പാണ്ഡിത്യം നിറഞ്ഞ ഒരു പാരമ്പര്യം പണ്ട് മുതൽക്കെ സ്യാന്തമാക്കിയ വിദ്യാലയമായതിനാൽ അക്കാദമിക നിലവാരത്തിൽ ഇന്നു മുൻപന്തിയിൽ തന്നെയാണീ സ്കൂൾ നിൽക്കുന്നത്.

വളർച്ച

നാലുകെട്ടിന്റെ മാതൃകയിൽ പണിതീർക്കപ്പെട്ട ഈ വിദ്യാലയത്തിൽ ആദ്യം എൽ.പി.വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഒന്ന് മുതൽ നാല് വരെ ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ചും അഞ്ചാംതരം മുതൽ പെൺകുട്ടികൾ മാത്രവുമായിരുന്നു ആദ്യ കാലങ്ങളിൽ അധ്യയനം നേടിയിരുന്നത്.രണ്ടായിരത്തിയഞ്ചിൽ ശ്രീമതി.നളിനി ടീച്ചർ പ്രധാനാധ്യാപികയായിരുന്ന സമയത്താണ് അപ്പർ പ്രൈമറി വിഭാഗത്തിൽക്കൂടി ആൺകുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. രണ്ടായിരത്തിയേഴു മുതൽ ഇവിടെ പ്രീ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു.

പിന്നിട്ട വഴികൾ

രണ്ടായിരത്തിയേഴിൽ ഒരു അധ്യാപകയും ഒരു ആയയും മാത്രമായി തുടങ്ങിയ പ്രീ-പ്രൈമറി വിഭാഗത്തിൽ ഇപ്പോൾ നൂറ്റിയെണ്പതോളം വിദ്യാർഥികൾ പഠിക്കുന്നു. എൽ. യു.പി.വിഭാഗങ്ങളിലായി എഴുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. എൽ.പി യിൽ പതിമൂന്നും, യു.പി. .യിൽ പത്തും വീതം ഡിവിഷനുകൾ നിലനിൽക്കുന്നുണ്ട്. ഒരു പ്രധാനാധ്യാപികയും, ഇരുപത്തിമൂന്നു അധ്യാപകരും ഒരു ഹിന്ദി അധ്യാപികയും ബി ആർ സി മുഖാന്തിരം നിയമിക്കപ്പെട്ട (കലാ കായിക പ്രവൃത്തിപരിചയം) മൂന്ന് അധ്യാപകരും , ഒരു ഓഫീസ് അറ്റൻഡറും ഇവിടെ ജോലി ചെയ്യുന്നു. നാലുകെട്ടിനു പുറമെ നാല് കെട്ടിടങ്ങളിൽ കൂടി ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ നൂറാം വാർഷികം പ്രമാണിച്ച് രണ്ടായിരമാണ്ടിൽ പണിതീർന്ന ശതാബ്ദി കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ ഉണ്ട്. കൂടാതെ രണ്ടായിരത്തിയിരുപത്തിരണ്ടിൽ ഉദ്ഘാടനം ചെയ്യപ്പെട്ട' വിദ്യാ കിരണം' പദ്ധതിയുടെ ഭാഗമായി ലഭിച്ച ഇരു നിലക്കെട്ടിടത്തിലും ക്ലാസ് മുറികളുണ്ട്. ഇനി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കിഫ് ബി മുഖാന്തിരം നിർമിച്ച മൂന്ന് നില കെട്ടിടത്തിൽ ഒമ്പത് ക്ലാസ് മുറികളുണ്ട്.

രണ്ടായിരത്തിപത്തൊമ്പതാമാണ്ടിൽ ചിറ്റൂർ എം.എൽ.എ ആയിരുന്ന ശ്രീ.കെ.കൃഷ്ണൻ കുട്ടി അവർകളുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് സ്കൂളിന്റെ കളിസ്ഥലം മണ്ണിട്ടു നിരപ്പാക്കി. നടുമുറ്റങ്ങളും നടവഴികളും, ക്ലാസ് മുറികളും, സ്കൂൾ വരാന്തകളും ടൈൽസ് പതിച്ചു തന്ന് മനോഹരമാക്കിയത് സി.എം.സി ആയിരുന്നു. തത്തമംഗലത്തിന്റെ പ്രിയ കലാകാരനായിരുന്ന ശ്രീ. കുട്ടേട്ടൻ ചണ്ഡാലഭിക്ഷുകി എന്ന കവിതയെ ആസ്പദമാക്കി സ്കൂളിന്റെ നടുമുറ്റത്ത് പണിത പ്രതിമ സ്കൂളിന്റെ മുഖമുദ്രയായിത്തീർന്നു. സ്കൂൾ കോംബൗണ്ടിനകത്തുള്ള രണ്ടു കിണറുകളിൽ നിന്നും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നു. സ്കൂളിലെ നാലുകെട്ടിന്റെ ചുമരുകൾ ഭാരതത്തിലെ മഹാരഥന്മാരുടെയും , സ്വാതന്ത്ര്യ സമര സേനാനികളുടെയും , സാംസ്കാരിക-സാഹിത്യ- നവോത്ഥാന നായകരുടെയും ചിത്രങ്ങൾ വരച്ച് സുന്ദരമാക്കിയത് കുട്ടേട്ടനാണ്. ശ്രീ. നാരായണൻ മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന സമയത്താണ് ഈ പ്രവർത്തനങ്ങൾ നടന്നത്. എല്ലാ ദിവസവും അസംബ്ലി നടത്താനും ചെറു യോഗങ്ങൾ കൂടാനും, കലാമേള സംഘടിപ്പിക്കാനും മറ്റുമായി സ്‌റ്റേജ് നിർമിച്ചു തന്നത് ചിറ്റൂർ - തത്തമംഗലം നഗരസഭയാണ്. സ്‌റ്റേജിന് മേൽക്കുരയുമുണ്ട്. 2022 ഏപ്രിൽ ഏഴാം തിയതി വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി അവർകളുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച   3,55,000/- രൂപ ഉപയോഗിച്ച്‌ പുതിയ അടുക്കളക്കെട്ടിടവും, സ്‌റ്റോർ മുറിയും നിർമിച്ചു. ശതാബ്ദി കെട്ടിടത്തിനു മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. മഴ വെള സംഭരണി പണിതു. ഇതിലെ വെള്ളം വേനൽ കാലത്ത് പ്രയോജനപ്പെടുത്താൻ കഴിയുന്നു. നീലത്താമര വിടർന്നു നിൽക്കുന്ന കൊച്ചു താമരക്കുളവും , ശലഭങ്ങൾ പാറി കളിക്കുന്ന ശലഭോദ്യാനവും, പൂക്കൾ വിടർന്നു ചിരിക്കുന്ന പൂന്തോട്ടവും , വർണ മത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന സ്ഫടിക ജലാശയവും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാണ്.

മികവുകൾ

ക്ലാസുകളിൽ മലയാളം  മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചതോടെ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും, കലാമേളയിലും, ചിറ്റൂർ ഉപജില്ലാ തലത്തിലും, പാലക്കാട് റവന്യൂ ജില്ലാ തലത്തിലും ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു.

രണ്ടായിരത്തി പത്തൊൻപതിലും രണ്ടായിരത്തി ഇരുപതി രണ്ടിലും ചിറ്റൂർ ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി നാടിനു തന്നെ അഭിമാനമായി മാറാൻ കഴിഞ്ഞു. പാലക്കാട് ജില്ലയിൽ തന്നെ, എൽ എസ് എസ്, യു.എസ്.എ സ് പരീക്ഷകൾക്കായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന വിദ്യാലയം എന്ന ഖ്യാതിയും തത്തമംഗലം ജി.യു.പി.എസിനു സ്വന്തമായി.