ജി.എം.യു.പി.എസ്. ഇടവ/ചരിത്രം

11:11, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/ചരിത്രം എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന പ്രദേശമായ ഇടവയുടെ ഇന്നത്തെ പുരോഗതിക്ക് കാരണമായ ചുവടു വയ്പായിരുന്നു ഇടവ മുസ്ലിം പ്രൈമറി സ്കൂളിന്റെ സ്ഥാപനം. 1922 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്‌ദി വർഷത്തിലാണ് നാം എത്തി നിൽക്കുന്നത്. എം. ആർ. മുഹമ്മദ്‌ കുഞ്ഞ് അദ്ദേഹത്തിന്റെ മാർഗദർശിയും സ്കൂളിന്റെ ആദ്യ മാനേജരുമായ എൻ. എ. യൂസഫ് എന്നിവരുടെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനമാണ് ഈ സ്കൂളിന്റെ പ്രവർത്തനത്തിന് കാരണമായത്. വെറ്റക്കടയിൽ കുഞ്ചൻ വിളാകം സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

സ്കൂളിന്റെ പഴയ ചിത്രം
പുതിയ കെട്ടിടം ഉദ്ഘാടനം

യഥാസ്ഥിതിക മുസ്ലിം കുടുംബങ്ങൾ തിങ്ങി പാർത്തിരുന്ന ഇടവയുടെ തീരപ്രദേശത്തുള്ള കുട്ടികളെ അക്ഷരഭ്യാസത്തിനായി സ്കൂളിൽ എത്തിക്കുക എന്നത് 100വർഷം മുമ്പ് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. മാനേജർ എന്നറിയപ്പെട്ട എൻ. എ. യൂസഫ് സ്വന്തം മകളെ ഉൾപ്പെടെയുള്ളവരെ സ്കൂളിൽ എത്തിച്ചാണ് ഈ വെല്ലുവിളി നേരിട്ടത്. ഇടവയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കുക എന്ന എം. ആർ. മുഹമ്മദ്‌ കുഞ്ഞിന്റെ ശ്രമത്തിന് അടിസ്ഥാനമിട്ടത് മുസ്ലിം പ്രൈമറി സ്കൂളിന്റെ ഉയർച്ചയാണ്.

1926ൽ പ്രൈമറി സ്കൂളിന്നോടാനുബന്ധിച്ച് അതേ കെട്ടിടത്തിൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.'അരക്ലാസ് 'എന്ന് വിളിച്ചിരുന്ന പ്രിപറേറ്ററി ക്ലാസ്സ്‌ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.കുട്ടികളുടെ എണ്ണം വർഷം കഴിയുന്തോറും വർദ്ധിച്ചു കൊണ്ടിരുന്നു. പിന്നീട് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയ മിഡിൽ സ്കൂൾ ആണ് ഇടവ മുസ്ലിം ഹൈസ്കൂൾ ഉയർത്തപ്പെട്ടത്. ആ ഘട്ടത്തിലും ഇടവ പ്രൈമറി സ്കൂൾ തലയെടുപ്പോടെ പഴയ കെട്ടിടത്തിൽ തുടർന്നു.98വർഷത്തെ ചരിത്രമുള്ള ആ സ്കൂൾ കെട്ടിടം പുതിയ കെട്ടിടം നിർമാണത്തിനായി 2020ലാണ് പൊളിച്ചത്. ആ സ്ഥലത്ത് പുതിയ ഇരുനില കെട്ടിടം ഉയർന്നു കഴിഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. കോവിഡ് 19ന്റെ വ്യാപനമാണ് നിർമാണ പൂർത്തീകരണം വൈകിപ്പിച്ചത്. കെട്ടിടം താമസിയാതെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. 1953ൽ സ്കൂൾ മാനേജ്മെന്റിൽ നിന്നും സർക്കാർ ഏറ്റെടുക്കുകയുണ്ടായി. തിരുവിതാംകൂറിലെ ആദ്യ മുസ്ലിം പ്രൈമറി സ്കൂളാണ് അന്ന് മുതൽ ഗവ. മുസ്ലിം സ്കൂൾ എന്നറിയപ്പെട്ടു. സ്കൂളിന്റെ വളർച്ച പിന്നീട് അതിവേഗമായിരുന്നു. ഇടവയുടെ എല്ലാ ഭാഗത്തു നിന്നും ഇവിടേക്ക് കുട്ടികൾ എത്തി. വിവിധ മണ്ഡലങ്ങളിൽ പിൽക്കാലത്തു ശോഭിച്ചവർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.1981-82അധ്യയന വർഷത്തിലാണ് സ്കൂൾ ഇന്ന് കാണുന്ന നിലയിലെത്തിയത്. ആ വർഷം അഞ്ചാം ക്ലാസ്സ്‌ ആരംഭിച്ചു സ്കൂൾ യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. അങ്ങനെ നാം ഇന്ന് കാണുന്ന ജി. എം. യു. പി. എസ് നിലവിൽ വന്നു. ആ വർഷം പകുതിയോടെയാണ് അഞ്ചാം ക്ലാസ്സ്‌ അനുവദിച്ചത്. നാലാം ക്ലാസ്സ്‌ കഴിഞ്ഞു കുട്ടികൾ കാപ്പിൽ ഗവ. ഹൈസ്കൂൾ, ഇ. എം. എച്ച്. എസ് എന്നീ സ്കൂളുകളിൽ പ്രവേശനം നേടിയിരുന്നു. അവരിൽ കുറച്ചു പേരെ തിരികെ കൊണ്ട് വന്നാണ് ആ വർഷം തന്നെ യു. പി.ക്ലാസ്സ്‌ തുടങ്ങിയത്.1990കളുടെ അവസാനം വരെയും സ്കൂൾ പ്രതാപത്തോടെ പ്രവർത്തിച്ചു. പിന്നീട് കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. ഇപ്പോഴും ആ അവസ്ഥ തുടരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വ്യാപനവും സ്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇതിനു പ്രധാന കാരണമായത്. പുതിയ സ്കൂൾ മന്ദിരവും മറ്റു സൗകര്യങ്ങളും നിലവിൽ വരുന്നതോടെ സ്കൂൾ പഴയ പ്രതാപം തിരിച്ചു പിടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം