പിണറായി ജി.വി ബേസിക് യു.പി.എസ്/എന്റെ ഗ്രാമം
ഭൂപ്രകൃതി
മൂന്നു ഭാഗവും ജലസമൃദ്ധമായ പുഴകളാൽ ചുറ്റപ്പെട്ട അതിമനോഹരമായ ഒരു ഭൂഭാഗമാണ് കണ്ണൂർ. കണ്ണൂർ ജില്ലയിലെതലശ്ശേരി താലൂക്കിൽപെട്ട പിണറായി ഗ്രാമം. പുഴയോട് ചേർന്ന് ചതുപ്പുനിലങ്ങളും എക്കൽ മണ്ണുള്ള വയൽ പ്രദേശങ്ങളും സമതലങ്ങളും ചേർന്ന ഈ ഭാഗം ഫലഭൂയിഷ്ഠവും സസ്യ ശ്യാംമളവും ആണ്. വടക്കുപടിഞ്ഞാറ് തെക്ക് ഭാഗങ്ങളിലൂടെ അഞ്ചരക്കണ്ടി പുഴ യും മേലൂർ അണ്ടലൂർ പുഴയും ഉമ്മൻചിറ പുഴയും മൂന്നു ഭാഗത്തുകൂടി ഗ്രാമത്തെ തഴുകിക്കൊണ്ട് ഒഴുകുന്നു. ഏകദേശം 16 കിലോമീറ്റർ പുഴയോരം ഉണ്ട്. നൂറ്റാണ്ടിന്റെ ആരംഭകാലത്ത് നിലവിലുണ്ടായിരുന്ന കാഞ്ഞിരോട് കുന്ന്, ലക്ഷംവീട് കുന്ന്, കണ്ടോത്ത് കുന്ന്, പാറപ്രം തെക്കു കുന്ന്, കോറോത്ത് കുന്ന്, കാറാടി കുന്ന്, പിലാക്കണ്ടി മടപ്പുര കുന്ന്, കിഴക്കുംഭാഗം മടപ്പുര കുന്ന്, എന്നീ കുന്നിൻ പ്രദേശങ്ങൾ മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണത്തിന്റെ ഫലമായി മിക്കവാറും നിലവിൽ ഇല്ലാതായി. ഇവയെല്ലാം ആവാസകേന്ദ്രങ്ങൾ ആയ കുന്നിൻ ചെരിവുകൾ ആയി മാറി.
1950 കാലഘട്ടം വരെ വളരെ വിസ്തൃതമായ നെൽവയലുകൾ ഗ്രാമത്തിന്റെ സൗഭാഗ്യമായി പരിലസിച്ചിരുന്നു. നോക്കെത്താത്ത വിസ്തൃതിയിൽ പരന്നുകിടക്കുന്ന പിണറായി വയൽ ഗ്രാമത്തിന്റെ നെല്ലറ യായിരുന്നു. ഇതിനുപുറമേ ചേരിക്കൽ വയൽ, കിഴക്കുംഭാഗം വയൽ, മരുതന വയൽ, വളയിൽ വയൽ, എന്നിവയും വിസ്തൃതമായ നെൽപ്പാടങ്ങൾ ആയിരുന്നു. ഇവയിൽ പിണറായി വയൽ വിസ്തൃതി കൊണ്ട് ഒന്നാം സ്ഥാനത്തായിരുന്നു.
1960 കൾക്ക് മുമ്പുവരെ ഈ പാടത്തിന്റെ ഒരറ്റത്തു നിന്ന് നോക്കിയാൽ ഏറെ അകലെയുള്ള മറുകര വരെ വ്യക്തമായി കാണുമായിരുന്നു. ഈ പാടശേഖര
ത്തിന്റെ മധ്യത്തിൽ ഒരൊറ്റ തെങ്ങിൻതൈ പോലും ഇല്ലായിരുന്നു. ഈ വയൽ പ്രദേശം ഇന്ന് തെങ്ങിൻതോപ്പുകൾ നിറഞ്ഞ കിടപ്പാടങ്ങളാലും വ്യവസായ സ്ഥാപനങ്ങളായും വിഴുങ്ങപ്പെട്ടു കഴിഞ്ഞു. ഇതുതന്നെയാണ് മറ്റു വ യലുകളുടെയും സ്ഥിതി. മിക്കവാറും കൃഷിയിടങ്ങൾ തെങ്ങും കവുങ്ങും മറ്റു ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പറമ്പുകൾ ആയി മാറിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ അവസാനപാദത്തിൽ ഗ്രാമത്തിലൂടെ വെട്ടിക്കീറിയ പഴശ്ശി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾ ഈ ഭൂഭാഗത്തെ പല തുണ്ടായി വിഭജിച്ചിട്ടുണ്ട്.
വയൽ പ്രദേശത്ത് കൂടി ഒഴുകുന്ന നിരവധി തോടുകൾക്ക് പുറമേ ചെറിയ ചെറിയ നിരവധി കുളങ്ങളും വർഷാവർഷം കൃത്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത കാലവർഷവും ഈ ഗ്രാമത്തെ എന്നും സസ്യശ്യാമളമാക്കി നിലനിർത്തി. എന്നാൽ നെൽവയലുകൾ നികത്തി പറമ്പുകൾ ആക്കിയതോടെ ധാരാളം കൊച്ചു ജലാശയങ്ങളും തോടുകളും അപ്രത്യക്ഷമായി. അവശേഷിച്ച അപൂർവം കുളങ്ങൾ പിൽക്കാലത്ത് ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കി തുടങ്ങിയപ്പോൾ പുതുക്കി പണിഞ്ഞു ഉപയോഗ്യമാക്കി തീർത്തു.
ഭൂപ്രകൃതിയിൽ മറ്റു ചില മാറ്റങ്ങളും ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ചതായി കാണാം. പല കുന്നിൻ പ്രദേശങ്ങളും പാറ കിളച്ചും മണ്ണെടുത്തും നീക്കിയതോടെ പ്രകൃതിദൃശ്യങ്ങൾ തന്നെ മാറിമറിഞ്ഞു. ഗ്രാമത്തിൽ പലഭാഗങ്ങളിലും ഉയർന്നു കിടന്നിരുന്ന ചെങ്കൽ പാറകൾ പൊട്ടിച്ച് കല്ലുകൊത്തി എടുത്തു നീക്കം ചെയ്തു. ലക്ഷക്കണക്കിന് ചെങ്കല്ലുകളാണ് കെട്ടിട നിർമാണത്തിനും മറ്റുമായി വിപണനത്തിനു വേണ്ടി വെട്ടിമാറ്റിയത്. കാടും പാറക്കൂട്ടങ്ങളും നിറഞ്ഞു നിന്നിടത്ത് വീടുകൾ വന്നു. കുന്നിൻപ്രദേശം ഫലവൃക്ഷങ്ങൾ നിറഞ്ഞ പറമ്പുകൾ ആയി മാറി. 1970കളിൽ പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലൂടെ തലങ്ങുംവിലങ്ങും തോടുകൾ കീറി തുടങ്ങിയപ്പോൾ ഗ്രാമത്തിന്റെ മുഖച്ഛായതന്നെ തീർത്തും മാറിപ്പോയി. 50 വർഷം മുൻപേ ഈ പ്രദേശത്തുനിന്ന് നാടുവിട്ടു പോയ ഒരാൾ തിരിച്ചുവന്നപ്പോൾ സ്വന്തം കിടപ്പാടം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്.