ഗ്രന്ഥശാല

ആമുഖം

അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം, തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി,ഹൈ സ്കൂൾ വിഭാഗം ലൈബ്രറി.

പുസ്തകസമാഹരണം

സ്കൂളിലെ വായനശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

 

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക്‌ ചലഞ്ചുമായി മുന്നോട്ട്.  വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക്‌ ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇരുപതിനായിരം  ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും  വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ  സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും  പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി  നൽകേണ്ടതുണ്ട്. ചലഞ്ച് സ്വീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകം വായിച്ച് പേരെഴുതി ഒപ്പിട്ടു നൽകിയാണ് ചലഞ്ചിൽ പങ്കാളികളാകുന്നത്. അവധിക്കാലത്ത് ഫലപ്രദമായ വായന നടന്നു എന്ന് വരുത്താൻ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് പദ്ധതിയുടെ കാലാവധി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ജൂൺ 10-നകം നൽകേണ്ടതും ഇത് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതും വിപുലമായ പാനലും തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെ 2000 കുട്ടികളാണ് ആദ്യഘട്ടത്തിൽ ചലഞ്ച് ഏറ്റെടുക്കുന്നത് വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ചലഞ്ച് ഏറ്റെടുക്കാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്.