സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജം ഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.

എൻ. വി അബ്ദുസ്സലാം മൗലവി, എൻ.വി ഇബ്രാഹിം മാസ്റ്റർ

നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിന്റെ കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌കൂൾ ആരംഭിച്ചത്.രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം അറബിക് കോളേജിൽ നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. കെ.വി ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറകാട്ടെ  വീട്ടിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി. ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ സയൻസ് കോളേജ് നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾവിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്. എൻ വി മുഹമ്മദ് കുട്ടി സാഹിബ് എൻജിനീയറായി പ്രവർത്തിച്ചത്. സ്കൂളിന് ആവശ്യമായ ഓട് ഫറോക്കിൽ നിന്നും പുഴ വഴിയാണ് അരീക്കോട് ഇപ്പോൾ പാലം നിൽക്കുന്ന സ്ഥലത്ത് തോണിയിൽ എത്തിച്ചത്. ആ കടവ് തൊട്ട് സ്റ്റേഡിയത്തിന് മുമ്പിലുള്ള ഇടവഴിയിലൂടെ 150ഓളം വിദ്യാർത്ഥികൾ അണി നിരന്ന് ഓടുകൾ കൈമാറി അവിടെ എത്തിക്കുകയായിരുന്നു. പിന്നീട് വരുന്ന ഓരോ വർഷവും ഓടുമേഞ്ഞ ചുമരില്ലാതെ ഷെഡ്ഡുകൾ പണിതാണ് പുതിയ ഡിവിഷനുകൾ ആരംഭിച്ചത്.

1999-2000 വരെ ഈ നില തുടർന്നു. കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വന്നതിനാൽ അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ് മുറികൾനിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർ വർഷങ്ങളിൽ എം.പി മാരായ അബ്ദുസ്സമദ് സമദാനി ,എം.ഐ ഷാനവാസ് എന്നിവരുടെയും മറ്റു ജന പ്രതിനിധികളുടെയും സഹായത്തോടെയും ,കേന്ദ്ര പദ്ധതിയിയായ ഐ.ഡി.എം.ഐ  ഫണ്ട് ഉപയോഗിച്ചും സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. സ്കൂൾ അധ്യാപകരും ഈ നിർമ്മാണത്തിന് ഗണ്യമായ സംഭാവനകൾ നൽകി. അരീക്കോട്ടെ നിരവധി കുടുംബങ്ങൾ സ്കൂളിനായി ക്ലാസ് മുറികൾ നിർമ്മിച്ചു നൽകി. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന് പി. വി അബ്ദുൽ വഹാബ് എം.പി തറക്കല്ലിട്ടു . (നിർദിഷ്ട കെട്ടിടത്തിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)

ഒരു ‌‍ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 14 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 48 ഡിവിഷനുകളിലായി 2587 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ കരസ്ഥമാക്കി .ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നു. അരീക്കോട്  ,കീഴുപറമ്പ് ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ പ്രവേശനത്തിനോ കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. .

സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക