എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഇ-വിദ്യാരംഗം‌

16:30, 18 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamlal (സംവാദം | സംഭാവനകൾ) ('==മനസ്സേ മടങ്ങുക== '''കഥ - അദിതി ആര്‍. നായര്‍''' ''9 ബി....' താൾ സൃഷ്ടിച്ചിരിക്കുന്നു)

മനസ്സേ മടങ്ങുക

കഥ - അദിതി ആര്‍. നായര്‍

9 ബി. 2016-17

അവളുടെ മനസ്സ് നിശ്ശബ്ദമായിരുന്നു. നഷ്ടബോധത്തിന്റെ മഞ്ഞ് അവളുടെയുള്ളില്‍ പെയ്തിറങ്ങി. ഒരിക്കലും വീണ്ടുകിട്ടാത്ത നിമിഷങ്ങളുടെ ഓര്‍മ്മകള്‍ അവളെ വന്നു പൊതിഞ്ഞു.

പരിഷ്കാരം ഒട്ടും കടന്നു ചെന്നിട്ടില്ലാത്ത നാട്ടിടവഴിയിലൂടെ ആ കറുത്ത കാര്‍ പൊടിപറത്തി നീങ്ങി. അല്പം അത്ഭുതത്തോടെയാണ് ഗ്രാമീണര്‍ അതിനെ വീക്ഷിച്ചത്. അതിനുള്ളിലിരുന്ന അവളുടെ മനസ്സ് പക്ഷേ, നീറിപ്പുകയുകയായിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി വാങ്ങിയ വസ്ത്രങ്ങള്‍ തിളങ്ങുന്ന സീറ്റില്‍ വിശ്രമിക്കുന്നു.

തണല്‍ വീണ പഴകിയ നാട്ടുവഴികള്‍. ഇവയൊക്കെ ഇത്ര മാറിപ്പോയോ? അവളോര്‍ത്തു. അല്ല മാറിയത് തന്റെ മനസ്സാണ്. താനും ഈ നാടും എത്ര അടുപ്പത്തിലായിരുന്നു. പണ്ട് തനിക്ക് ഈ വഴികളിലൂടെ കണ്ണുംമൂടി നടക്കാമായിരുന്നു. കുട്ടനമ്മാവന്റെ പീടികയിലേക്ക് മിഠായി വാങ്ങാനായി താന്‍ ഈ വഴി എത്രതവണ ഓടിയതാണ്........ എല്ലാം പോയ്‌മറഞ്ഞു.

ഒരു ചെറിയ വളവുകടന്ന് വഴി രണ്ടായി പിരിയുന്ന ചെറിയ കവലയിലെത്തിയപ്പോള്‍ വഴിചോദിക്കാനായി ഡ്രൈവര്‍ വണ്ടി ഒതുക്കി. പെട്ടെന്ന് അവളുടെയുള്ളില്‍ തിരിച്ചറിവിന്റെ ഒരു വെളിച്ചം വീശി. 'വേണ്ടാ വഴിചോദിക്കേണ്ടാ, ഇതിലെ ഇടത്തേക്കു തിരിഞ്ഞാല്‍മതി'. വണ്ടി അതിലേ പോകുമ്പോള്‍ താന്‍ ഈ സ്ഥലത്തെ മറന്നിട്ടില്ല എന്ന ആശ്വാസത്തിലായിരുന്നു അവള്‍. പണ്ടെങ്ങോ ഏതോ പൂര്‍വ്വികര്‍ നട്ടുപിടിപ്പിച്ച വന്‍വൃക്ഷങ്ങള്‍ വഴിയില്‍ തണല്‍പൊഴിച്ചു.

വണ്ടി നിന്നത് ഒരു വിശാലമായ പറമ്പിലാണ്. അവിടമാകെ ഉണങ്ങിക്കരിഞ്ഞ് കരിയിലകളാല്‍ മൂടപ്പെട്ടിരുന്നു. എങ്കിലും എപ്പോഴോ കുറേ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വെട്ടുവഴിയുടെ പാടുകള്‍ മാഞ്ഞുപോയിരുന്നില്ല. കാലിനടിയില്‍ കരിയിലകള്‍ അമരുന്ന ശബ്ദത്തിനിടയിലൂടെ അവള്‍ നടന്നു. ആ പ്രേദേശം പോലെതന്നെയായിരുന്നു അവളുടെ മനസ്സും, ശൂന്യം. പതുക്കെ വഴി അവസാനിക്കുന്നിടത്ത് ഒരു കൂറ്റന്‍ പടിപ്പുരയും അതിനു പിന്നില്‍ ഒരു വീടും കാണായി. അവള്‍ ഒരു നിമിഷം നിശ്ചലയായി. തന്റെ ഓര്‍മ്മകളില്‍നിന്ന് ആ ചിത്രത്തിന് ജീവന്‍ നല്‍കാന്‍ ശ്രമിച്ചു.

പഴമയും പാരമ്പര്യവും ഒത്തുചേര്‍ന്ന വീട്. വിശാലമായ അകത്തളങ്ങള്‍. മീനിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച കല്‍പ്പടവുകള്‍. അതിഥികളുടെ വരവറിയിക്കാനായി പൂമുഖത്ത് തൂക്കിയിരുന്ന ഓട്ടുമണി. താന്‍ പിച്ചവച്ചുനടന്ന ആ നനഞ്ഞ മണ്ണ്. അങ്ങുമാറി എന്നും ചിരിച്ചുകൊണ്ടുനിന്ന മുത്തശ്ശിപ്ലാവും. ആ ഓര്‍മ്മ മനസ്സില്‍ നിറച്ചുകൊണ്ട് അകത്തേക്ക് കടന്ന അവള്‍ക്ക് തന്റെ ഹൃദയം നിലച്ചെന്നു തോന്നി.

പൊടിപിടിച്ചു ജീര്‍ണ്ണിച്ചുപോയ ഒരു വീടിന്റെ അസ്ഥിപഞ്ജരംപോലെ അത് നിലകൊള്ളുന്നു. കല്‍പ്പടവുകള്‍ പൊട്ടിക്കീറി. ഓട്ടുമണിയുടെ സ്ഥാനത്ത് വലിയൊരു വേട്ടാളന്‍കൂട്. ഉയര്‍ന്നമേല്‍ക്കൂരയില്‍ ഉണ്ടായ വലിയ വിടവിലൂടെ പ്രകാശം അകത്തേക്കു പതിക്കുന്നു. അവള്‍ മുത്തശ്ശിപ്ലാവ് നിന്നിരുന്ന കോണിലേക്ക് ദൃഷ്ടിപായിച്ചു. എന്നും എല്ലാത്തിലും മൂകസാക്ഷിയായിരുന്ന, എപ്പോഴും പുഞ്ചിരി പൊഴിച്ചിരുന്ന മുത്തശ്ശിപ്ലാവ് അവളെ വരവേല്‍ക്കാന്‍ അവിടെ ഉണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ ചിന്തകള്‍ വന്നുനിറഞ്ഞു. അകത്തേക്കുകടക്കാന്‍ അവള്‍ക്കായില്ല. മതി. ഇനിയൊന്നും കാണാന്‍ വയ്യ. തലചുറ്റിയതായി തോന്നിയപ്പോള്‍ അടുത്തുകണ്ട ഒരു കല്ലില്‍ - കല്‍പ്പടവിന്റെ അവശിഷ്ടമാവാം - അവളിരുന്നു.

കണ്ണുകളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകിയത് അവളറിഞ്ഞില്ല. അവളുടെ മനസ്സ് ചിതലരിച്ചുപോയ ചില ഓര്‍മ്മകളില്‍ മേയുകയായിരുന്നു. താന്‍ കളിച്ചു വളര്‍ന്ന മണ്ണാണിത്. തന്റെ മണ്ണ്. എന്നിട്ടും ഇതിനെ ഉപേക്ഷിക്കാന്‍ തനിക്കെങ്ങനെ.......... അവള്‍ക്ക് തന്റെ ചിന്തകളെ നിയന്ത്രിക്കാനായില്ല. തന്നെ താനാക്കിയത് ഈ മണ്ണിന്റെ ഗന്ധമാണ്. പോകട്ടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും താന്‍ വിട്ടുകളഞ്ഞത് എന്തിനായിരുന്നു? അച്ഛനുമമ്മയും ഇല്ലാത്ത തങ്ങളെ സ്നേഹം തന്നു പോറ്റിവളര്‍ത്തിയ അവരെ താന്‍ മറന്നു. കഷ്ടപ്പെട്ട് തങ്ങളെ പഠിപ്പിച്ച അവര്‍ ഞങ്ങള്‍ക്ക് നല്ലത് വരണമെന്നു മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. ഏറ്റവും ഇളയകുട്ടിയായ തന്നോടായിരുന്നില്ലേ അവര്‍ക്ക് ഇത്തിരി കൂടുതല്‍ വാത്സല്യം. അവരുടെമുഴുവന്‍ പ്രതീക്ഷയും തന്നിലായിരുന്നു. മുത്തശ്ശിയുടെ 'മോളേ...' എന്നുള്ള സ്നേഹം തുളുമ്പുന്ന വിളി കാതില്‍ പെരുമ്പറ മുഴക്കുന്നു. തന്റെ ഓരോ വിജയത്തിലും അവര്‍ അകമഴിഞ്ഞുസന്തോഷിച്ചിരുന്നു. ഈ തറവാട് തനിക്കു തരണമെന്നായിരുന്നു അവരുടെ ആഗ്രഹം. താന്‍ എന്നും അവരുടെകൂടെ ഉണ്ടാവണമെന്നും അവര്‍ ആഗ്രഹിച്ചു. പക്ഷേ, ഉന്നതപഠനത്തിനായി വിദേശത്തുപോകണമെന്നു താന്‍ പറഞ്ഞപ്പോള്‍ ഇല്ലാത്ത പണം എവിടെ നിന്നോ ഉണ്ടാക്കി അവര്‍ തന്നെ അയച്ചു. പോകുമ്പോള്‍ മുത്തശ്ശന്റെ വിറയാര്‍ന്ന അനുഗ്രഹം വാങ്ങാന്‍ മറന്നില്ല. മുത്തശ്ശിയുടെ കണ്‍കോണില്‍ പൊടിഞ്ഞ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചു.

ഒരിളം കാറ്റുവന്ന് അവളെ തഴുകി കടന്നുപോയി. ഈ കാറ്റുപോലും തനിക്ക് പരിചിതമായിരുന്നു. അവള്‍ വീണ്ടും ചിന്തയിലാണ്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹം നിറഞ്ഞ കത്തുകള്‍, ഏട്ടന്റെയും. ആദ്യമാദ്യം ആവേശത്തോടെ മറുപടിയെഴുതി. പിന്നെപ്പിന്നെ അവഗണിച്ചു. ഇപ്പോഴും തുറന്നുപോലും നോക്കാത്ത കത്തുകള്‍ തന്റെ മേശവലിപ്പിലോ അലമാരയിലോ കണ്ണടച്ചുകിടപ്പുണ്ടാവും. എത്രനാളായി താനിവിടെനിന്ന് വിടപറഞ്ഞിട്ട്. ഇരുപതോ ഇരുപത്തിരണ്ടോ? അതുപോലും ഓര്‍മ്മയില്ല. എന്നായിരുന്നു മുത്തശ്ശന്റെ അവസാനകത്ത് കിട്ടിയത്? മുത്തശ്ശിക്കുവയ്യ നിന്നെ കാണണം എന്നെഴുതിയിരുന്ന ആ കത്തു കിട്ടിയപ്പോള്‍ താനവിടെ ജോലിയുടെ ലഹരിയിലായിരുന്നു. എന്തേ താന്‍ ആ മുന്നറിയിപ്പുകളൊക്കെ അവഗണിച്ചു? തറവാട് ഭാഗിക്കുന്നു. നിന്റെ ഓഹരി വാങ്ങാനെങ്കിലും വരൂ എന്ന ചേച്ചിയുടെ കത്ത് താന്‍ ചുരുട്ടിയെറിഞ്ഞോ അതോ ചവറ്റുകൊട്ടയിലേക്കെറിഞ്ഞോ? പോയകാലത്തിന്റെ ഓര്‍മ്മകള്‍ അന്ന് തന്നെ സ്പര്‍ശിച്ചതേയില്ല. പേരക്കിടാങ്ങള്‍ക്കുവേണ്ടി മാത്രം മിടിച്ചിരുന്ന ആ രണ്ടു ഹൃദയങ്ങള്‍ ഇപ്പോള്‍ നിലച്ചുകൊണും. പിന്നെ ഏത് ഓര്‍മ്മയുടെ പേരിലാണ് താന്‍ ഇപ്പോള്‍ തിരികെ വന്നത്... അവള്‍ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് എഴുന്നേറ്റു. ഇപ്പോള്‍ മനസ്സ് കരുത്താര്‍ജ്ജിച്ചിരിക്കുന്നു.

മീനിന്റെ കല്‍പ്പടവുകള്‍ കയറുമ്പോള്‍ അവളുടെ ഹൃദയം വിറകൊള്ളുകയായിരുന്നു. അകത്ത് പണ്ട് ജീവിച്ചിരുന്ന മനുഷ്യരുടെ ശബ്ദങ്ങള്‍ മാറ്റൊലികൊണ്ടു. ഇനി അവര്‍ വെറും സ്മരണകളില്‍ മാത്രം. ജനലുകളും കൂറ്റന്‍ വാതിലുകളും പൊളിച്ചിട്ടിരിക്കുന്നത് അവള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ഒരുകാലത്ത് തന്റെ എല്ലാമായിരുന്ന വീട്! അപ്പോഴാണ് അവള്‍ തന്റെ മുറിയെക്കുറിച്ചോര്‍ത്തത്. എവിടെ അത്. ഭാഗ്യം. അവള്‍ക്ക് അതോര്‍മ്മയുണ്ടായിരുന്നു. പടവുകള്‍ കയറി മുകളിലെ തന്റെ മുറിയിലെത്തി. അവളാദ്യം തിരഞ്ഞത് ഒന്നു തൊട്ടാല്‍ മഴവില്‍നിറങ്ങള്‍ മാറമാറി വിരിയുന്ന ആ ചില്ലുഗോളത്തെയാണ്. താന്‍ ജീവനുതുല്യം സ്നേഹിച്ചിരുന്ന അത് മുത്തശ്ശന്റെ സമ്മാനമായിരുന്നു. ഇല്ല. അതും എങ്ങോ പോയ്മറഞ്ഞു. താന്‍ ഇവയൊക്കെ ഓര്‍ക്കേണ്ടാതയിരുന്നു. ഈ വീടിന് ഇങ്ങനെയൊരന്ത്യം വേണ്ടായിരുന്നില്ല.

തിരികെയിറങ്ങുമ്പോള്‍ പിറകില്‍ നിന്നൊരുവിളി. 'അതേയ്...' അവളുടെ ഹൃദയം തുടികൊട്ടി. ഒരാളെങ്കിലുമുണ്ടല്ലോ ഇവിടെ. പക്ഷേ, തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഒരു പണിക്കാരനെയാണ്. ഒരു മുറിയുടെ ജനല്‍ ഇളക്കി മാറ്റുകയായിരുന്നു അയാള്‍. 'കുട്ടിയേതാ? എന്താ ഇവിടെ?' അയാള്‍ സംശയദൃഷ്ടിയോടെ ചോദിച്ചു. 'ഞാന്‍... വെറുതെ വന്നതാണ്. അല്ലാ, ഇവിടെയുണ്ടായിരുന്ന ആളുകളൊക്കെ എവിടെ? എന്താ ഇവിടെ പൊളിക്കുന്നത്?' അയാള്‍ തുടര്‍ന്നു. "കഷ്ടം, ഇവിടുത്തെ മുത്തശ്ശനും മുത്തശ്ശിയും എന്നേ മരിച്ചുപോയി. എന്തു നല്ല മനുഷ്യരായിരുന്നു. ആ കുട്ടികളെ അവര്‍ എന്തു കാര്യമായിട്ടാണ് നോക്കിയത്. അവസാനം ആ ഇളയ കുട്ടിയെ വിദേശത്തു പഠിക്കാന്‍ അയച്ചു. പിന്നെയവള്‍ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. അവര്‍ക്ക് അവളെയായിരുന്നു ഏറ്റവുമിഷ്ടം. വീടു ഭാഗം വയ്ക്കാന്‍ പോലും അവള്‍ വന്നില്ല. അവസാനം തറവാട് മൂത്തകുട്ടി മീനയ്ക്ക് കിട്ടി. അവരത് വിറ്റു. ഇപ്പോള്‍ ഇതുപൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ തുടങ്ങുകയാ. അല്ലാ കുട്ടിയോതാണെന്ന് പറഞ്ഞില്ലല്ലോ!” താനാണ് ആ ഹൃദയശൂന്യയായ ഇളയകുട്ടി എന്നു പറയാന്‍ അവളുടെ ഹൃദയം വെമ്പി. പക്ഷേ, നിശ്ശബ്ദമായി കണ്ണീര്‍ വാര്‍ത്ത് അവള്‍ തിരികെ നടന്നു.

പിറകില്‍ വിഷാദം മുറ്റിനിന്ന ആ വീട് അവള്‍ക്ക് വിടനല്‍കി. തിരികെ കാറില്‍ കയറുമ്പോള്‍ അവള്‍ കരഞ്ഞില്ല. അവര്‍ക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചു. കാറ് നീങ്ങുമ്പോള്‍ പിറകില്‍ ഗ്രാമം വിതുമ്പുന്നതുപോലെ തോന്നി, നീ എന്നോ തന്നുകഴിഞ്ഞ വിട ഞാന്‍ ചോദിക്കുന്നില്ല പൊയ്ക്കോളൂ... മടക്കയാത്രയില്‍ അവളുടെ ഉള്ളിലും ആകാശത്തും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അവള്‍ സ്വയം പറഞ്ഞു. മനസ്സേ മടങ്ങുക. തിരികെ....