ജി എൽ പി എസ് മേപ്പാടി/എന്റെ ഗ്രാമം
കൂറ്റൻ മലനിരകളും അവയിൽ നിന്ന് ഒഴുകിവരുന്ന പുഴകളും കൊണ്ട് അനുഗ്രഹീതമായ മേപ്പാടി ഗ്രാമപഞ്ചായത്ത് 1935 ഏപ്രിൽ 27ന് ബ്രിട്ടീഷ് സർക്കാരാണ് രൂപീകരിച്ചത്.204.7 ച.കീ മി വിസ്തൃതി ഉണ്ടായിരുന്ന പഞ്ചായത്ത് 1961 ൽ അമ്പലവയൽ പഞ്ചായത്ത് രൂപീകരണവും രണ്ടായിരത്തിൽ മൂർക്കനാട് പഞ്ചായത്ത് രൂപീകരണവും നടന്നതോടെ 125.94 ച കിലോ മീറ്റർ ആയി ചുരുങ്ങി.മേപ്പാടി പഞ്ചായത്തിൻെറ ആദ്യ പ്രസിഡൻറ് ടി ഇ ഹേവ് എന്ന യൂറോപ്യൻ ആയിരുന്നു.
സമുദ്രനിരപ്പിൽ നിന്നും 7000 അടിയിലധികം ഉയരത്തിലാണ് മേപ്പാടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൻറെ മൂന്നിലൊന്നു ഭാഗത്തോളം മലനിരകളാണ്.പശ്ചിമഘട്ട മലനിരകളിൽ പ്രധാനമായ വെള്ളരിമല ഈ പഞ്ചായത്തിലാണ്.ഭൂപ്രകൃതിയനുസരിച്ച് മലനിരകൾ ,ഉയർന്ന കുന്നിൻ പ്രദേശം, കുത്തനെയുള്ള ചെരിവുകൾ, ചെറിയ മൊട്ടക്കുന്നുകൾ, സമതലങ്ങൾ, വയലുകൾ, ഫലഭൂയിഷ്ടമായ മലയടിവാരം, വനപ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ഭൂരിഭാഗം പ്രദേശങ്ങളും ചെറുകുന്നുകളും അവക്കിടയിലെ താഴ്‌വാരങ്ങളും ആണ്.കൃഷിക്ക് ഏറെ അനുയോജ്യമായ ഭൂപ്രകൃതിയാണ് മേപ്പാടി യുടേത്. നെടുമ്പാല ,പൂത്തകൊല്ലി, കടൂര് ,നെല്ലിമുണ്ട, ചുളുക്ക,ചോലമല, പുത്തുമല ,അട്ടമല, മുണ്ടക്കൈ ,എരുമക്കൊല്ലി, ചെമ്പ്ര ,കോട്ടനാട് ഓടത്തോട് ,ആനപ്പാറ തുടങ്ങിയ പ്രദേശങ്ങൾ തേയില തോട്ടങ്ങളാണ്. മറ്റു പ്രദേശങ്ങളിൽ കാപ്പി ,ഏലം ,കുരുമുളക് തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്യുന്നു.
ഭൂരിഭാഗം പ്രദേശങ്ങളിലും പശിമയുള്ള ചുവന്ന മണ്ണാണ് കണ്ടുവരുന്നത്. അമ്ലത കൂടുതലുള്ള മണ്ണാണ് .ഇതിനു പുറമേ പാറക്കല്ലുകൾ ,കരിമണ്ണ്, മണൽ കലർന്ന മണ്ണ്, കളിമണ്ണ് തുടങ്ങിയവയും കണ്ടുവരുന്നു .കരിങ്കൽ പാറ, മണൽ കലർന്ന വെള്ള മണ്ണ്, വെള്ളാരം കല്ല് ,കളിമണ്ണ് എന്നിവ ധാതു സമ്പത്താണ്.
പൊതുവേ ജൂൺ-ജൂലൈ മാസങ്ങളിലാണ് ശക്തമായ മഴ ലഭിക്കാറുള്ളത്. തുലാവർഷവും മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ ലഭിക്കുന്ന വേനൽമഴയും ആശ്വാസം നൽകാറുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കൂടുതൽ ശൈത്യം അനുഭവപ്പെടുന്നത് .മലനിരകളെ ആവരണം ചെയ്തു നിൽക്കുന്ന കോടമഞ്ഞ് ഏവരുടെയും മനം കുളിർപ്പിക്കും. എന്നാൽ സമീപകാലത്തായി കാലാവസ്ഥാവ്യതിയാനം പ്രകടമാണ്.തിരി മുറിയാത്ത മഴയും മഞ്ഞും തണുപ്പും ഉണ്ടായിരുന്ന കാലാവസ്ഥയിൽ നിന്നും വരണ്ട കാലാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
മേപ്പാടി പഞ്ചായത്ത് കബനി ചാലിയാർ എന്നിങ്ങനെ രണ്ട് നീർത്തട പ്രദേശങ്ങളാണ് ഈ പ്രദേശങ്ങളിലെ തോടുകളിലേയും പുഴകളിലേയും ജലം കബനി നദിയിലേക്ക് ഒഴുകി കാവേരി നദിയിൽ ലയിക്കുന്നു. ഇവിടുത്തെ പ്രധാന പുഴകളായ എളമ്പിലേരി പുഴ, അരണപുഴ ,ചൂരൽ മലപ്പുഴ ,കള്ളാടി പുഴ ,നിലമ്പൂർ പുഴ എന്നിവ ചാലിയാർ പുഴയിലേക്ക് ഒഴുകി അറബിക്കടലിൽ ലയിക്കുന്നു.
പുത്തൂർവയൽ, മാനിവയൽ, പാലാവയൽ ,ചെമ്പോത്തറവയൽ ,കോട്ടത്തറ വയൽ, സിത്താരം വയൽ ,പാടിവയൽ വെള്ളരി വയൽ, ചുരുക്കുനിവയൽ, അങ്ങാടിവയൽ ,കുഴി വയൽ, നെല്ലിമാളം ,ചേർ പാട്ടുവയൽ, വട്ടത്തു വയൽ, മണലോത്തുവയൽ, പാറക്കാംവയൽ, കര വീട് വയൽ എന്നീ പ്രദേശങ്ങൾ ഒരുകാലത്ത് മേപ്പാടി യുടെ നെല്ലറകൾ ആയിരുന്നു.നെൽകൃഷി ആദായകരമല്ലാതെ വന്നതോടെ അവിടങ്ങളിലൊക്കെ നികത്തി മറ്റു കൃഷി കളിലേക്കും കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലേക്കുംമാറി.ഇന്നിപ്പോൾ തൃക്കൈപ്പറ്റ ചുരിക്കുനി വയൽ ചെമ്പോത്തറ വയൽ, കോട്ടത്തറ വയൽ എന്നിവിടങ്ങളിൽ മാത്രമാണ് അൽപ്പമെങ്കിലും നെൽകൃഷി ഉള്ളത്.
ജനസംഖ്യയിലെ ഭൂരി ഭാഗവും പാവപ്പെട്ട തോട്ടം തൊഴിലാളികളും കർഷക തൊഴിലാളികളും ആദിവാസികളും ആണ് .ജനസംഖ്യയിൽ 9.27% പട്ടികജാതിക്കാരും 9.47% പട്ടിക വർഗക്കാരും ആണ് .പട്ടികജാതിക്കാരെ ചെറുമ ,പുലയ ,കണക്കൻ ,വണ്ണാൻ ,പാണൻ ,കള്ളാടി മോകർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയ ചക്ലിയൻ, പള്ളൻ ആദി കർണാടക ,ആദി ദ്രാവിഡ വിഭാഗക്കാരാണ് .പട്ടികജാതിക്കാരിൽ മഹാഭൂരിപക്ഷവും ഇതര ജനവിഭാഗങ്ങൾക്കൊപ്പം ഇടകലർന്നാണ് ജീവിക്കുന്നത്. പണിയർ കാട്ടുനായ്ക്കർ, കുറിച്യർ, കുറുമർ ,തച്ചനാടൻ മൂപ്പൻ, ഊരാളിക്കുറുമർ എന്നീ വിഭാഗങ്ങളാണ് പട്ടികവർഗക്കാർ എന്നീ വിഭാഗങ്ങളാണ് ഉള്ളത്.