സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/ചരിത്രം

വിജ്ഞാനപൊൻകതിർതൂകി വടക്കാഞ്ചേരിയുടെ വിരിമാറിൽ സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ എന്ന വൈഡൂര്യഹാരം വിളങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി.അഭിമാനപൂരിതമായ ഈ വേളയിൽ വിദ്യാദാനമാകുന്ന മഹാദാനത്തിനു ഹരിശ്രീകുറിച്ച പൂർവ്വസൂരികൾക്കു പിൻഗാമികളുടെ പ്രണാമം.

വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനായി 1916  -ൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടനുബന്ധിച്ചു ഒരു മതപഠനശാല ആരംഭിച്ചു.ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .1917 -ൽ ഈ സരസ്വതീ  ക്ഷേത്രത്തിന് സർക്കാർ അംഗീകാരം ലഭിച്ചു .വടക്കാഞ്ചേരിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള എല്ലാ മതത്തിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യത്യാസം ഇല്ലാതെ പ്രവേശനം നൽകി.പ്രതിഫലം കൂടാതെ അധ്യാപനത്തെ ദൈവവിളിയായി കണ്ട മുൻകാലഅധ്യാപകർ വിദ്യാർത്ഥികൾക്ക് പരിമിതമായ തോതിൽ ലഘുഭക്ഷണം നൽകിയാണ് അധ്യാപനം ആരംഭിച്ചിരുന്നത്‌ .

1943 -ൽ മാനേജർ ആയിരുന്ന ശ്രീമാൻ വറീതിൽനിന്ന് ബഹുമാനപ്പെട്ട ജോസഫ് കള്ളിയത്തച്ചൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .അതിനുശേഷം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ മാറിമാറി വരുന്ന വികാരിയച്ചന്മാർ ആയിരുന്നു സ്‌കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത് .1971 മാർച്ച് 31 ന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വന്നതോടെ ഈ വിദ്യാലയം അതിന്റെ കീഴിലായി .21 അധ്യാപകരും 2 അറബിക് അധ്യാപകരും 1520 കുട്ടികളുമായി സെന്റ് ഫ്രാൻസിസ് സ്‌കൂൾ പടർന്നു പന്തലിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം