വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൗട്ട് ആൻഡ് ഗൈഡ്സ്
വിദ്യാർഥികളിൽ സേവനമനോഭാവവും, നേതൃത്വപാടവവും, വ്യക്തിത്വ വികസനവും വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രണ്ട് യൂണിറ്റുകൾ നമ്മുടെ വിദ്യാലയത്തിൽ അഭിമാനാർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാലയത്തിലെ ദിനാചരണങ്ങൾക്കും പൊതുപരിപാടികൾക്കും നേതൃത്വം നൽകൽ ബോധവൽക്കരണ പരിപാടികൾ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അടുക്കളത്തോട്ടം ക്യാമ്പിംഗ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിനും അവരെ സാമൂഹികമായി പ്രബുദ്ധരാകാനും കഴിയുന്നു. നമ്മുടെ വിദ്യാലയത്തിലെ നിരവധി സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തകർ രാജ്യപുരസ്കാർ അവാർഡിന് അർഹരായി. ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സ്റ്റേറ്റ് തല അവാർഡിന് അർത്ഥമായി എന്നതും എടുത്തുപറയേണ്ട നേട്ടമാണ്.സാമൂഹികാവബോധവും മൂല്യബോധവും നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുവാൻ ഈ സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്ലാഘനീയം ആണ് .അവരുടെ കർമ്മപഥത്തിൽ വഴികാട്ടികളായി ജ്യോതിലക്ഷ്മി ടീച്ചറും സ്മിത ടീച്ചറും സുന ടീച്ചറും സേവനമനുഷ്ടിക്കുന്നു
ജൂനിയർ റെഡ് ക്രോസ്
സേവന സന്നദ്ധരായ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ് മാതൃകാപരമായ അനേകം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. സ്കൂളിലെ എല്ലാ വിശേഷദിവസങ്ങളിലും മുഴുവൻ സമയവും വളണ്ടിയർമാരായി പ്രവർത്തിക്കാറുണ്ട്. സേവനപ്രവർത്തനങ്ങൾ, ശുചീകരണപ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും നല്ല രീതിയിൽ നടത്തപ്പെടുന്നു. നാടിനൊപ്പം ചേർന്ന് നിന്ന് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ചു കൊണ്ടുവന്ന തുണിസഞ്ചികൾ വിദ്യാലയ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തുകൊണ്ടുള്ള പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു ഈ വിദ്യാലയത്തിലെ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടത്തുവാൻ അജി സാറിന്റെയും ശ്രീദേവി ടീച്ചറുടെയും സൈറ ടീച്ചറുടേയും നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ്
2017-18 അധ്യയന വർഷം ആരംഭിച്ച ലിറ്റിൽ കൈറ്റ് പൂർവാധികം ഭംഗിയായി തന്നെ പ്രവർത്തിച്ചുവരുന്നു. വിവരവിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം നേടുന്നതിനും സാങ്കേതികവിദ്യയോടുള്ള കുട്ടികളുടെ ആഭിമുഖ്യം സർഗാത്മകമായും ഗുണപരമായും പ്രയോജനപ്പെടുത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനമാണ് നൽകിവരുന്നത്. 2019 -20 ലെ പറവൂർ ഉപജില്ല കലോത്സവത്തിൽ കേരളത്തിൽ ആദ്യമായി വെബ് ക്യാമറ ഉപയോഗിച്ച് ഓരോ വേദികളിലും പ്രകടനങ്ങളുടെ വീഡിയോ റെക്കോർഡിങ് ചെയ്തതും, വിദ്യാർഥികളുടെ മികച്ച സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മിച്ച ഡിജിറ്റൽ മാഗസിനും ഇവരുടെ മികച്ച പ്രവർത്തനത്തിന് നേർക്കാഴ്ചകളാണ്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ബിജി ടീച്ചറും സന്ധ്യ ടീച്ചറും ആണ്.
വിദ്യാരംഗം കലാ സാഹിത്യ വേദി
കലയുടേയും സാഹിത്യത്തിൻ്റേയും വിശാലമായ ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും അതിലൂടെ ചിന്താശക്തിയും സർഗ്ഗാത്മകതയും വികസിപ്പിക്കുന്നതിനുമായി ജൂൺ 19 വായനാ ദിനത്തിൽത്തന്നെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിച്ചു.പ്രശസ്തസാഹിത്യകാരി കെ രേഖ ഉദ്ഘാടന വേളയിൽ വ്യക്തിത്വവികാസത്തിൽ വായനയ്ക്കുള്ള പങ്കിനെക്കുറിച്ച് സംസാരിച്ചു.
വായനാമത്സരം, സാഹിത്യക്വിസ്, വീട്ടിലൊരുവായനാമൂല, അമ്മമാരും അധ്യപകരും പങ്കെടുത്ത പുസ്തക പരിചയം, ആസ്വാദക്കുറിപ്പ് എന്നിവ ഓരോ ദിനങ്ങളിലായി അരങ്ങേറി.പി-എൻ പണിക്കരെന്ന വായനാശാലാ ശില്പിയുടെ ലക്ഷ്യം അല്പമെങ്കിലും ഈ കോവിഡ് പശ്ചാത്തലത്തിലും കുട്ടികളിലേക്കും അവരുടെ ചുറ്റുപാടുകളിലേക്കും പകരാൻ കഴിഞ്ഞു.
കഥാരചന, കവിതാപാരായണം ഫോട്ടോഗ്രാഫിമത്സരം, അഭിനയം, ചിത്രരചന എന്നീ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ട് നമ്മുടെ കുട്ടികൾ സബ്ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനാർഹരായി വിദ്യാലയത്തിൻ്റെ നെറുകയിൽ വീണ്ടും പൊൻതൂവൽ ചാർത്തി.
മുഴുവൻ വിദ്യാർഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട്...''കലയുടെ ലക്ഷ്യം മനുഷ്യനന്മയാണ് " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ കൃതാർഥരാണ്.