പഠനവീട്
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന് അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് പഠനവീട്.സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച ഈ പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ ഗോത്രവിഭാഗം കുട്ടികൾക്കും 2007- 2008 വർഷത്തിൽ പഠന വീട് അനുവദിച്ചു കിട്ടി.കോളനിയിലെ തന്നെ ഒരു ഒഴിഞ്ഞ ഷെഡ്ഡിൽ ആയിരുന്നു പഠനവീട് വർഷങ്ങളോളം പ്രവർത്തിച്ചുവന്നത്. സ്ഥിരമായ ഒരു കെട്ടിടം ഇല്ലാത്തതിനാൽ മഴക്കാലത്ത് പഠന വീട്ടിലെ അധ്യയനം പ്രയാസകരമായിരുന്നു.പി ടി എ യുടെ നേതൃത്വത്തിൽ 2018 ൽ കോളനിക്ക് സമീപമുള്ള പ്രദേശത്ത് ഒരു പഠന വീട് നിർമ്മിച്ചു. പക്ഷേ തുടർന്നുള്ള വർഷങ്ങളിലെ പ്രളയത്തിൽ ഇതും നശിച്ചുപോയി. ഇതിനിടയിലാണ് പിടിഎ കമ്മിറ്റി അംഗം ശ്രീമതി തനുവിൻറ്റെ നേതൃത്വത്തിൽ പഠന വീടിന് സ്ഥിരമായ അടച്ചുറപ്പുള്ള ഒരു കെട്ടിടം പണിയാൻ ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാകുന്നത്.
ഗൾഫിലുള്ള അവരുടെ കുടുംബത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രവാസി കൂട്ടായ്മയാണ് സാമ്പത്തിക സഹായം അനുവദിച്ചത്. തൃശൂർ നാട്ടിക എസ് എൻ കോളേജ് 1997 - 99 പ്രീഡിഗ്രി ബാച്ച്, യുഎഇ അജ്മാൻ ചാപ്റ്റർ, ഷാർജ ഐ എം ഇ എ ടെക്നോളജി, മൈക്രോസോഫ്റ്റ് ഉടമ ഫൈസൽ ജമാലുദ്ദീൻ, യുഎഇ യിലെ സിദ്ദീഖ് എ കെ എന്നീ സുമനസ്സുകളാണ് പണം നൽകിയത്. പി ടി എ ഉപസമിതിയുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റിയാണ് പ്രവർത്തനം ഏറ്റെടുത്തു നടത്തിയത്. പഠന വീടിൻറ്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലം നൽകിയത് മണൽ വയൽ കോളനിയിലെ ശ്രീമതി കുഞ്ഞിമാളു അമ്മയാണ് . അവരുടെ പുരയിടത്തിൽ നിന്നും 3 സെൻറ് സ്ഥലം കെട്ടിട നിർമ്മാണത്തിനായി സൗജന്യമായി അനുവദിച്ചു തന്നു.കുഞ്ഞിമാളു അമ്മയുടെ മഹാമനസ്കതയിൽ ലഭിച്ച സ്ഥലത്ത് പണി ആരംഭിക്കുകയും നിർമ്മാണം പൂർത്തീകരിച്ച് മനോഹരമായ പഠനവീട് കെട്ടിടം സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്സൺ ശ്രീ ടി കെ രമേശ് നാടിന് സമർപ്പിച്ചു . അധ്യാപകരും, പിടിഎ, എം പി ടി എ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പഠന നിർമ്മാണത്തിൽ നിസ്തുലമായ സേവനങ്ങൾ നൽകി സഹായിച്ചു.രണ്ടു ലക്ഷം രൂപ നിർമാണം പൂർത്തിയാക്കാൻ ആവശ്യമായി വന്നു.48 കുട്ടികൾ പഠിക്കുന്ന പഠന വീടിൻറെ ആവശ്യകത ഏറെ ഉപകാരപ്പെട്ട നാളുകളായിരുന്നു കോവിഡ് മഹാമാരി കാലം.സ്കൂൾ അടഞ്ഞുകിടന്ന രണ്ടുവർഷക്കാലം പൊതുവിഭാഗത്തിലെ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുവട് മാറിയപ്പോൾ ഔദ്യോഗിക സംവിധാനങ്ങൾ തീരെ അപര്യാപ്തമായിരുന്ന ഗോത്ര വിഭാഗം കുട്ടികൾ ഓൺലൈൻ പഠനപ്രക്രിയയിൽ നിന്നും പൂർണമായും പരിധിക്ക് പുറത്തായ സന്ദർഭമായിരുന്നു. ഇതിനൊരു പരിഹാരം ആയിരുന്നു പുതിയ പഠന വീട്. കോളനിയിലെ മക്കളുടെ അധ്യയനം പഠന വിടവ് സംഭവിക്കാതെ മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞത് ഏറെ പ്രശംസനീയമാണ്.
എസ് എസ് കെ നിയമിച്ച ശ്രീമതി: ഓമനയാണ് പഠന വീട്ടിലെ സ്ഥിരം അധ്യാപിക . അതിനുപുറമെ എൽപി, യുപി, എച്ച്എസ് വിഭാഗത്തിലെ അധ്യാപകർ മൂന്ന് വീതം പേർ ടൈംടേബിൾ അനുസരിച്ച് ദിവസവും പഠന വീട്ടിൽ ലോക്ഡോൺ കാലത്ത് പഠിപ്പിക്കുകയുണ്ടായി.പഠന വീടിൻറെ പരിസരം സൗന്ദര്യ വൽക്കരണം നടത്തുന്നതിന് ആവശ്യമായ 4 ലക്ഷം രൂപയുടെ പദ്ധതി നഗര സഭ അനുവദിച്ചു തന്നത് നന്ദിയോടെ അറിയിക്കുന്നു. പഠന വീടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും സഹായസഹകരണങ്ങൾ ചെയ്തുതന്ന എല്ലാവരെയും നന്മയുള്ള മനസ്സോടെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ നന്ദിയോടെ ഓർക്കുന്നു
-
പഠനവീട് ഉദ്ഘാടനം
-
ഉദ്ഘാടന ചടങ്ങ്
-
-
ഒരുക്കങ്ങൾ
-
പഠനവീട്ടിലേക്കുള്ള സാനിറ്റൈസർ വിതരണം
-
പഠനോപകരണ വിതരണം
-
ശ്രീ സി കെ സഹദേവൻ സംസാരിക്കുന്നു.