ജി എച്ച് എസ് പിറവം/ചരിത്രം
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1950-നോടടുത്ത് എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്. എസ്.എസ്.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ വിജയം നിലനിർത്തിയിരുന്നു. 2004-ൽ ഈ സ്‌കൂളിന് ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു.കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലെത്തിയപ്പോൾ നമ്മുടെ വിദ്യാലയവും അതിനിരയായി. പിടിഎയുടെയും അധ്യാപകരുടെയും നിരനിതര ശ്രമങ്ങളിലൂടെ അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം. ഹയർ സെക്കന്ഡറിയും ഹൈ സ്കൂളും അക്കാദമിക മികവോടെ മുന്നേറുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ. വിദ്യാലയത്തിന്റെ പൂർവ്വകാല പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടരവെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിറവം നിയോചക മണ്ടലത്തിൽ നിന്നും നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു.